| Wednesday, 28th July 2021, 7:20 pm

ക്രൈസ്തവരുടെ ആഭ്യന്തര വിഷയങ്ങള്‍ ചാനല്‍ ചര്‍ച്ചയ്ക്ക് വിഷയമാക്കുന്നത് പ്രതിഷേധാര്‍ഹം: കെ.സി.ബി.സി. ഐക്യജാഗ്രതാ മിഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ക്രൈസ്തവരുടെ ആഭ്യന്തര വിഷയങ്ങള്‍ ചാനല്‍ ചര്‍ച്ചയ്ക്ക് വിഷയമാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് കെ.സി.ബി.സി. ഐക്യജാഗ്രതാ മിഷന്‍. കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച സീറോ മലബാര്‍ പാല രൂപതയുടെ നടപടി വിവാദമായതിന് പിന്നാലെയാണ് കെ.സി.ബി.സിയുടെ ഇടപെടല്‍.

‘ഏതാനും വര്‍ഷങ്ങളായി വിവിധ മാധ്യമങ്ങള്‍ അമിത പ്രാധാന്യം കൊടുത്ത് ക്രൈസ്തവരുടെയും കത്തോലിക്കാ സഭയുടെയും ആഭ്യന്തര വിഷയങ്ങള്‍ അന്തി ചര്‍ച്ചകളാക്കി മാറ്റുന്ന പ്രവണതയുണ്ട്. സമീപ കാലങ്ങളില്‍ ആ ശൈലി വര്‍ധിച്ചുവരുന്നതായി കാണാം,’ കെ.സി.ബി.സി ഐക്യജാഗ്രതാ മിഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതില്ലാത്ത വിഷയങ്ങള്‍ പോലും അനാവശ്യമായി ചര്‍ച്ചക്ക് വെക്കുകയും, സഭാവിരുദ്ധ – ക്രൈസ്തവ വിരുദ്ധ നിലപാടുകള്‍ ഉള്ളവരെ അത്തരം ചര്‍ച്ചകളില്‍ പ്രധാന പ്രഭാഷകരായി നിശ്ചയിക്കുകയും ചെയ്യുന്നതുവഴി ക്രൈസ്തവ വിരുദ്ധത പ്രചരിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ലക്ഷ്യമാക്കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കത്തോലിക്കാസഭയുടെ ഔദ്യോഗിക പ്രതിനിധികള്‍ എന്ന വ്യാജേന മറ്റു ചിലരെ ഇത്തരം ചര്‍ച്ചകളില്‍ അവതരിപ്പിക്കുന്നതും പതിവാണ്. വിവിധ വിഷയങ്ങളിലുള്ള ക്രൈസ്തവ – കത്തോലിക്കാ നിലപാടുകള്‍ തെറ്റിദ്ധരിക്കപ്പെടുന്നതിന് ഇത്തരം ദുഷ്ടലാക്കോടുകൂടിയ മാധ്യമ ഇടപെടലുകള്‍ കാരണമായിട്ടുണ്ടെന്നാണ് കെ.സി.ബി.സി ഐക്യജാഗ്രതാ മിഷന്‍ പറയുന്നത്.

പാലാ രൂപത കഴിഞ്ഞദിവസം സദുദ്ദേശ്യത്തോടെ മുന്നോട്ടുവച്ച ആശയത്തെ വളച്ചൊടിക്കാനും, അതുവഴി സഭയെയും രൂപതാധ്യക്ഷനെയും അധിക്ഷേപിക്കാനും ചില മാധ്യമങ്ങള്‍ പ്രകടിപ്പിച്ച ആവേശം ഇത്തരം കാര്യങ്ങളിലുള്ള അവിഹിതമായ മാധ്യമ ഇടപെടലുകള്‍ക്ക് ഉദാഹരണമാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഉത്തരവാദിത്തത്തോടെ കൂടുതല്‍ കുട്ടികളെ വളര്‍ത്താന്‍ തയ്യാറുള്ള കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ഒട്ടുമിക്ക ലോക രാജ്യങ്ങളുടെയും കത്തോലിക്കാ സഭയുടെയും പൊതുവായ നയമാണ്.

എക്കാലവും, കേരളസമൂഹത്തിനും ലോകത്തിനും അനുഗ്രഹവും, മുതല്‍കൂട്ടുമായി മാറിയിട്ടുള്ള കേരളത്തിലെ ക്രൈസ്തവര്‍ ജനസംഖ്യ കുറഞ്ഞ് ദുര്‍ബല സമൂഹമായി മാറിക്കൊണ്ടിരിക്കുന്നതിന്റെ ദോഷം മനസിലാക്കുന്ന അനേകര്‍ ഈ സമൂഹത്തില്‍ ഉണ്ടായിരിക്കെ തന്നെയാണ്, ജനസംഖ്യാ വര്‍ധനവിന്റെ പേര് പറഞ്ഞ് പാലാ മെത്രാന്റെ നിര്‍ദേശത്തെ ചിലര്‍ അപഹാസ്യമായി അവതരിപ്പിക്കുന്നതെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

2000ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം നല്‍കുമെന്നാണ് സീറോ മലബാര്‍ പാല രൂപതയുടെ പ്രഖ്യാപനം.

ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലയിലെ സെന്റ് ജോസഫ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

കുടുംബത്തില്‍ നാല് മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ മാര്‍ സ്ലീവ മെഡിസിറ്റി പാല സൗജന്യമായി നല്‍കുമെന്നും പാലാ രൂപതയുടെ ഔദ്യോഗിക പേജില്‍ വന്ന പോസ്റ്റില്‍ പറയുന്നു.

പാലാ രൂപതയുടെ കുടുംബ വര്‍ഷം 2021 ന്റെ ഭാഗമായാണ് പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പോസ്റ്ററില്‍ പറയുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

ഇതിനുപിന്നാലെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച സീറോ മലബാര്‍ പാലാ രൂപതയുടെ തീരുമാനം ഉറച്ചതെന്ന് പറഞ്ഞ് മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് രംഗത്തെത്തി. തീരുമാനം ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: KCBC On Christian Internal Subjects Channel Discussion Pala Roopatha

We use cookies to give you the best possible experience. Learn more