| Friday, 11th March 2022, 7:22 pm

ഭീഷ്മപര്‍വ്വം ക്രൈസ്തവ വിരുദ്ധം; തിന്മകളുടെ പ്രതിരൂപങ്ങളായി ക്രിസ്ത്യാനിയേയും നല്ലവരായി മുസ്‌ലിങ്ങളേയും അവതരിപ്പിക്കുന്നു: കെ.സി.ബി.സി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത പുതിയ ചിത്രം ‘ഭീഷ്മപര്‍വ്വ’ത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍. ക്രൈസ്തവ വിരുദ്ധത സിനിമയുടെ പ്രധാന അജണ്ടയായാണ് കണിക്കുന്നതെന്ന് ജാഗ്രതാ കമ്മീഷന്‍ കുറ്റപ്പെടുത്തി.

ക്രിസ്ത്യന്‍ വിശ്വാസികളായി അവതരിപ്പിക്കുന്നവരെ എല്ലാ തരത്തിലുമുള്ള തിന്മകളുടെയും പ്രതിരൂപങ്ങളായാണ് ചിത്രത്തില്‍ കാണിക്കുന്നത്. എന്നാല്‍ എല്ലാ സദ്ഗുണങ്ങളുമുള്ളവരായാണ് മുസ്‌ലിം കഥാപാത്രങ്ങളെ ചിത്രത്തില്‍ കാണിക്കുന്നതെന്നും കെ.സി.ബി.സിക്ക് കീഴിലുള്ള ജാഗ്രതാ ന്യൂസില്‍ പറയുന്നു. മാര്‍ച്ച് ലക്കത്തിലിറക്കിയ പ്രസ്താവനയിലാണ് സിനിമക്കെതിരെ ആരോപണമുന്നയിക്കുന്നത്.

‘മയക്കുമരുന്നിന്റെ ഉപയോഗം, അതിരുവിട്ട മദ്യപാനവും പുകവലിയും, സ്വവര്‍ഗ പ്രണയം, പരസ്ത്രീബന്ധം, കുടുംബാംഗങ്ങള്‍ തമ്മിലുള്ള പകയും മറ്റ് കുടുംബപ്രശ്‌നങ്ങളും തുടങ്ങിയവ ക്രൈസ്തവ കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകളാണെങ്കില്‍, ദൈവവിശ്വാസം മുതല്‍ മാതൃകാപരമായ ജീവിതരീതിയും സഹായസന്നദ്ധതയും പരസ്പരസ്‌നേഹവും മതേതരത്വ നിലപാടുകളും വരെയുള്ള എല്ലാവിധ സത്ഗുണങ്ങളുമാണ് മുസ്‌ലിം കഥാപാത്രങ്ങളുടെ സവിശേഷതകളായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്,’ കെ.സി.ബി.സിയുടെ കുറിപ്പില്‍ പറയുന്നു.

കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച കുറിപ്പിന്റെ പൂര്‍ണ രൂപം

-മലയാള സിനിമയിലെ ട്രോജന്‍ കുതിരകള്‍

ചര്‍ച്ച ചെയ്തു പുതുമ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് മലയാള സിനിമയിലെ ക്രൈസ്തവ വിരുദ്ധത. ക്രിയാത്മക വിമര്‍ശനങ്ങള്‍ക്കപ്പുറം നന്മകളെയും ചരിത്രത്തെയും സത്യത്തെയും തമസ്‌കരിച്ചുകൊണ്ടുള്ള അന്ധമായ വിമര്‍ശനങ്ങളും പഴിചാരലുകളും, നിഷേധാത്മക ബിംബങ്ങളെ പ്രോജക്ട് ചെയ്തുകൊണ്ടുള്ള അവഹേളനങ്ങളും, വിരുദ്ധമായ ആശയങ്ങള്‍ അവതരിപ്പിച്ചുകൊണ്ടുള്ള ഇകഴ്ത്തിക്കാണിക്കലുകളും ഒരു വിഭാഗം ചലച്ചിത്രങ്ങളില്‍ പതിവായി ദൃശ്യമായി തുടങ്ങിയപ്പോഴാണ് ക്രൈസ്തവ വിരുദ്ധത പ്രചരിപ്പിക്കുന്നതിനുള്ള ആസൂത്രിത ശ്രമങ്ങള്‍ ഈ മേഖലയിലുണ്ട് എന്ന് പലര്‍ക്കും വ്യക്തമായത്.

-ഒളിഞ്ഞും തെളിഞ്ഞുമുള്ള ക്രൈസ്തവ വിരുദ്ധത, അവഹേളനം

ക്രൈസ്തവ വിശ്വാസത്തെ പൊതുവിലും, പ്രത്യേകിച്ച് സന്യാസിനിമാരെയും, വൈദികരെയും, കൂദാശകളെയും അവഹേളനപരമായി ചിത്രീകരിച്ച ഒട്ടേറെ ചലച്ചിത്രങ്ങള്‍ കഴിഞ്ഞ ചില വര്‍ഷങ്ങള്‍ക്കിടയില്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്.

ഉപരിപ്ലവമായ ചില ആശയങ്ങളെയും അറിവുകളെയും മാത്രം ആശ്രയിച്ചുകൊണ്ടും, കൂടുതല്‍ അന്വേഷണങ്ങള്‍ക്കോ നിരീക്ഷണത്തിനോ തുനിയാതെയും അവതരിപ്പിക്കപ്പെട്ടിട്ടുള്ള കഥാ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും ഉണ്ടായിട്ടുണ്ട്. ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്കാ സഭയെയും അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യം അവയുടെ സൃഷ്ടാക്കള്‍ക്ക് ഉണ്ടെന്ന് അനേകര്‍ വിശ്വസിക്കാന്‍ പ്രധാന കാരണം ഇത്തരം സിനിമകള്‍ ഒറ്റപ്പെട്ടവയല്ല എന്നുളളതാണ്.

ഒരേ തരത്തില്‍പ്പെട്ടതും വികലവുമായ വ്യത്യസ്ത ആശയങ്ങള്‍ ആവര്‍ത്തിച്ച് അവതരിപ്പിക്കപ്പെടുന്നതിലൂടെ വികൃതമായ ഒരു പ്രതിച്ഛായ ക്രൈസ്തവ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാനുള്ള നിരന്തര ശ്രമം തന്നെയാണ് ഇവിടെ നടക്കുന്നത് എന്ന് കരുതുന്നതില്‍ തെറ്റില്ല.

മെത്രാന്മാരെയും വൈദികരെയും ചലച്ചിത്രങ്ങളില്‍ അവതരിപ്പിച്ചിട്ടുള്ള ഒട്ടേറെ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വിരലിലെണ്ണാവുന്ന നല്ല കഥാപാത്രങ്ങള്‍ മാത്രമാണ് അവയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സന്യാസിനിമാരെ അവതരിപ്പിച്ചിട്ടുള്ളതില്‍ ഏറിയപങ്കും യഥാര്‍ത്ഥ സന്യസ്തരുടെ പ്രതിച്ഛായ ഉള്ളവരായിരുന്നില്ല. ക്രൈസ്തവ ദേവാലയങ്ങളും ആരാധനയും കൗദാശിക കര്‍മ്മങ്ങളും സിനിമകളില്‍ അവതരിപ്പിച്ചിട്ടുള്ളതില്‍ ഏറിയ പങ്കും ക്രൈസ്തവ വിശ്വാസത്തെ വികലമായി ചിത്രീകരിക്കും വിധത്തിലാണ്.

കത്തോലിക്കാ ദേവാലയങ്ങള്‍ സിനിമകളുടെ ചിത്രീകരണത്തിന് വിട്ടുകൊടുക്കേണ്ടതില്ല എന്ന നിലപാടിലേക്ക് കേരളസഭാ നേതൃത്വം എത്തിച്ചേരാനുള്ള ഒരു പ്രധാനകാരണം അതാണ്. ഗൗരവമായ ഒരു വിഷയം അവതരിപ്പിക്കാന്‍ എന്നുള്ളതിനേക്കാള്‍, വിലകുറഞ്ഞ തമാശകള്‍ സൃഷ്ടിക്കാനോ മനപൂര്‍വം അവഹേളിക്കാനോ ആണ് ക്രൈസ്തവ ബിംബങ്ങളെയും അത്തരം വേഷവിധാനങ്ങളെയും മലയാള ചലച്ചിത്രങ്ങളില്‍ ഏറിയപങ്കും അവതരിപ്പിച്ചുകാണാറുള്ളത്. ഇത്തരം അവതരണങ്ങള്‍ പതിവായതുനിമിത്തം ക്രൈസ്തവ വിശ്വാസത്തെയും, ജീവിത- ആരാധനാ ശൈലികളെയും അടുത്തറിയാത്ത അനേകര്‍ക്കിടയില്‍ വലിയ തെറ്റിദ്ധാരണകള്‍ കടന്നുകൂടുകയും തല്‍ഫലമായി, മോശമായ കണ്ണിലൂടെയും തെറ്റിദ്ധാരണകളോടെയും അത്തരം കാര്യങ്ങളെ നോക്കിക്കാണാന്‍ ഇടയാവുകയും ചെയ്തിട്ടുണ്ട്.

-ട്രോജന്‍ കുതിരകള്‍

വിലകുറഞ്ഞ തമാശകള്‍ സൃഷ്ടിക്കാനുള്ള എളുപ്പവഴി എന്ന നിലയില്‍ ക്രൈസ്തവ ബിംബങ്ങളെ അവഹേളിക്കുന്ന ശൈലിയില്‍നിന്ന് വ്യത്യസ്തമായി, കഥയുടെ ഭാഗമായിത്തന്നെ അത്തരം ആശയങ്ങളെ കൊണ്ടുവരികയും നിഷേധാത്മകമായ പരിവേഷം നല്‍കി ക്രൈസ്ത വിശ്വാസത്തിനും ക്രൈസ്തവ സമൂഹത്തിന്റെ അഭിമാനത്തിനും വലിയ ക്ഷതം വരുത്തുകയും ചെയ്യുന്ന ചലച്ചിത്രങ്ങളും അപൂര്‍വമല്ല. അതിന് കാരണമാകുന്ന വിധത്തിലുള്ള നീക്കങ്ങളെ ഒരിക്കലും നിഷ്‌കളങ്കമോ യാദൃശ്ചികമോ ആയി കാണാന്‍ കഴിയുകയുമില്ല. അത്തരം അവതരണങ്ങള്‍ക്ക് മികച്ചൊരു ഉദാഹരണമാണ് സമീപകാലത്ത് റിലീസ് ചെയ്ത ‘ഭീഷ്മപര്‍വ്വം’ എന്ന സിനിമ.

വളരെ വ്യാപ്തിയുള്ള ഒരു ക്രൈസ്തവ പ്രാതിനിധ്യം ആദ്യന്തം അവതരിപ്പിക്കപ്പെടുന്ന ഈ ചലച്ചിത്രത്തില്‍ എല്ലാത്തരത്തിലുള്ള തിന്മകളുടെയും പ്രതിരൂപങ്ങളും അവര്‍ തന്നെയാണ്. കേവലം, ചില കഥാപാത്രങ്ങള്‍ മാത്രമല്ല, സന്ദര്‍ഭങ്ങളും ആശയങ്ങളും ചരിത്രാംശങ്ങളുമെല്ലാം വിരല്‍ചൂണ്ടുന്നത് ക്രൈസ്തവ സമൂഹത്തിന്റെയും ബന്ധപ്പെട്ട ആനുകാലിക സംഭവവികാസങ്ങളുടെയും വിവിധ തലങ്ങളിലേക്കാണ്. ഈ ചലച്ചിത്രത്തില്‍ ലത്തീന്‍ കത്തോലിക്കാ പശ്ചാത്തലമുള്ള അഞ്ഞൂറ്റി കുടുംബത്തിലെ കാരണവര്‍ സ്ഥാനത്തുള്ള മൈക്കിള്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്.

ചരിത്രാംശം അടങ്ങിയിരിക്കുന്ന ഒരു വംശം കഥയുടെ ഭാഗമായുണ്ട്; ഒരു പരമ്പരാഗത ക്രൈസ്തവ കുടുംബത്തിന്റെ തികഞ്ഞ പശ്ചാത്തലമുണ്ട്. കുടുംബത്തില്‍ അംഗമായ വൈദികനുണ്ട്, ദേവാലയമുണ്ട്, ആരാധനാ മുഹൂര്‍ത്തങ്ങളുണ്ട്. ഷെവലിയാര്‍ പദവിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും, ഘടനാപരമായി കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട പലതിനെക്കുറിച്ചുമുള്ള പരാമര്‍ശങ്ങളുണ്ട്. അവതരിപ്പിക്കപ്പെടുന്ന ക്രൈസ്തവരായ കഥാപാത്രങ്ങള്‍ ഭൂരിപക്ഷവും തെറ്റുകാരും ക്രിമിനലുകളും തികഞ്ഞ അധാര്‍മ്മികരും ആയിരിക്കുകയും, ഏറെക്കുറെ തികഞ്ഞ ഒരു ക്രൈസ്തവ പശ്ചാത്തലം എല്ലാവിധ കുറ്റകൃത്യങ്ങള്‍ക്കും നല്‍കുകയും, അതോടൊപ്പം മറ്റൊരു സമുദായത്തെ തികഞ്ഞ നന്മയുടെ പ്രതീകമായി ആദ്യന്തം നിലനിര്‍ത്തുകയും ചെയ്തിരിക്കുന്നത് യാതൊരു ലക്ഷ്യവും കൂടാതെയാവാന്‍ തരമില്ല.

നീനു- കെവിന്‍ കേസും, കൊട്ടിയൂര്‍ പീഡന കേസും തുടങ്ങി ചിലവയെ സാന്ദര്‍ഭികമായി കഥയുടെ ഭാഗമാക്കി മാറ്റിയിരിക്കുന്നു. മയക്കുമരുന്നിന്റെ ഉപയോഗം, അതിരുവിട്ട മദ്യപാനവും പുകവലിയും, സ്വവര്‍ഗ പ്രണയം, പരസ്ത്രീബന്ധം, കുടുംബാംഗങ്ങള്‍ തമ്മിലുള്ള പകയും മറ്റ് കുടുംബപ്രശ്‌നങ്ങളും തുടങ്ങിയവ ക്രൈസ്തവ കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകളാണെങ്കില്‍, ദൈവവിശ്വാസം മുതല്‍ മാതൃകാപരമായ ജീവിതരീതിയും സഹായസന്നദ്ധതയും പരസ്പരസ്‌നേഹവും മതേതരത്വ നിലപാടുകളും വരെയുള്ള എല്ലാവിധ സത്ഗുണങ്ങളുമാണ് മുസ്‌ലിം കഥാപാത്രങ്ങളുടെ സവിശേഷതകളായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ക്രൈസ്തവ യുവതിയുടെയും മുസ്‌ളീം യുവാവിന്റെയും പ്രണയം കുടുംബത്തില്‍ ചര്‍ച്ചാവിഷയമാവുമ്പോള്‍ പൂര്‍ണ്ണസമ്മതത്തോടെ അതിന് തയ്യാറാവുന്ന പെണ്‍കുട്ടിയുടെ അമ്മയും, അമ്മയുടെ സഹോദരനും കുടുംബത്തിലെ കാരണവരുമായ നായകനും ഈ കാലഘട്ടത്തിലെ മറ്റൊരു വിവാദവിഷയത്തിനുള്ള പരോക്ഷ പ്രതികരണമായിരിക്കാം.

Continent Highlights:  KCBC Jagrtha Commission slams Amal Neerad’s new movie ‘Bhishma Parvam’ starring Mammootty

We use cookies to give you the best possible experience. Learn more