ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയ സുപ്രീകോടതി വിധിക്കെതിരെ കെ.സി.ബി.സി
Daily News
ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയ സുപ്രീകോടതി വിധിക്കെതിരെ കെ.സി.ബി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th July 2016, 6:45 pm

കൊച്ചി: മാതാവിന്റെ സുരക്ഷിതത്വം കണക്കിലെടുത്ത് 24 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദം നല്‍കിയ സുപ്രിംകോടതി വിധിക്കെതിരെ കെ.സി.ബി.സി രംഗത്ത്. കുഞ്ഞിന്റെ ജനിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നതാണ് വിധി. കോടതി തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്നും കെ.സി.ബി.സി പ്രോ ലൈഫ് സമിതിയെ ഉദ്ധരിച്ച് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തു.

അമ്മയുടെ ജീവന്റെ സുരക്ഷിതത്വം മാത്രം കണക്കിലെടുത്ത് ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദം നല്‍കിയ സുപ്രിംകോടതി വിധി നിര്‍ഭാഗ്യകരമാണ്. ആറ് മാസം വളര്‍ച്ചയെത്തിയ കുഞ്ഞിന് ജനിക്കാനും സാധാരണ കുഞ്ഞുങ്ങളെ പോലെ വളരുന്നതിനും അനുകൂല സാഹചര്യം നിലനില്‍ക്കെ ഇത്തരത്തിലുള്ള പ്രത്യേക അനുവാദം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. മാതാവിന്റെ നിസ്സഹായവസ്ഥ നിലനില്‍ക്കുമ്പോഴും ഉദരത്തില്‍ വളര്‍ച്ചയെത്തിയ കുഞ്ഞിന്റെ ജനിക്കാനുള്ള അവകാശത്തെ നിഷേധിക്കരുതെന്നും സമിതിയില്‍ അഭിപ്രായമുയര്‍ന്നു.

കേന്ദ്ര സര്‍ക്കാരിന്റെ ഗര്‍ഭഛിദ്ര നിയമ ഭേദഗതി പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ സുപ്രീംകോടതി വിധി നിയമ നിര്‍മാണത്തിന് അനുകൂല സാഹചര്യമായി പരിണമിക്കും. വിഷയത്തില്‍ കത്തോലിക്ക ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ നിലപാടിന് പരിഗണന ലഭിക്കാതിരുന്നത് ഖേദകരമാണെന്നും കെ.സി.ബി.സി പ്രോലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി പ്രസ്താവനയില്‍ വ്യക്തമാക്കി.