കോട്ടയം: ഹാഗിയ സോഫിയ പരാമര്‍ശിച്ചുള്ള ചാണ്ടി ഉമ്മന്റെ വിവാദ പ്രസംഗത്തില്‍ ചാണ്ടി ഉമ്മനെതിരെ കെ.സി.ബി.സി. ചാണ്ടി ഉമ്മന്റെ പ്രസംഗം ക്രൈസ്തവ സമൂഹത്തിന് വേദന നല്‍കുന്നതാണെന്നും ചരിത്രം അറിയാന്‍ യുവ നേതാക്കള്‍ ശ്രമിക്കണമെന്നും കെ.സി.ബി.സി പറഞ്ഞു.
തുര്‍ക്കി ഭരണാധികാരിയുടെ ചരിത്ര അവഹേളനം വെള്ളപൂശാന്‍ ശ്രമിക്കുകയാണ് ചാണ്ടി ഉമ്മന്‍. ഇതിന്റെ ലക്ഷ്യം വ്യക്തമാക്കണമെന്നും കെ.സി.ബി.സിയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വോട്ട് ലക്ഷ്യമാക്കി വര്‍ഗീയത വളര്‍ത്തുന്നത് ആശ്വാസ്യമല്ലെന്ന് പ്രസ്താവനയില്‍ പറയുന്നു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ ചേരിതിരിവു വളര്‍ത്തുന്നത് സമൂഹത്തില്‍ വലിയ മുറിവു സൃഷ്ടിക്കുമെന്നും കെ.സി.ബി.സി ചാണ്ടി ഉമ്മന് മറുപടിയായി പറഞ്ഞു.
‘ഹാഗിയ സോഫിയ കത്തീഡ്രല്‍ ഒരു വലിയ ചരിത്രപാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്നതും കോണ്‍സ്റ്റാന്റിനോപ്പിള്‍ പാര്‍ത്രിയാര്‍ക്കിസിന്റെ സ്ഥാനിക ദേവാലയവുമായിരുന്നു. വലിയതോതില്‍ മതപീഡനം ഏറ്റുവാങ്ങിയ ഒരു വലിയ വിഭാഗം ക്രൈസ്തവ ജനതയെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതാണ് ഈ കത്തീഡ്രല്‍. തുര്‍ക്കി ഭരണാധികാരി, ചരിത്രസ്മാരകത്തെ വീണ്ടും മോസ്‌ക്കാക്കി മാറ്റിയത് ക്രൈസ്തവസമൂഹത്തിന് അപരിഹാര്യമായ മുറിവാണുണ്ടാക്കിയിരിക്കുന്നത്’, പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, വിവാദ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് ചാണ്ടി ഉമ്മന്‍ രംഗത്തെത്തി. ഹാഗിയ സോഫിയ പരാമര്‍ശിച്ചത് തെറ്റിദ്ധാരണ പരത്തിയെന്നും ഒരു മതസമൂഹത്തെ അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ആയിരക്കണക്കിന് ക്രിസ്ത്യന്‍ പള്ളികള്‍ ഡാന്‍സ് ബാറുകളായി മാറിയപ്പോള്‍ ആര്‍ക്കും വിഷമമുണ്ടായില്ലെന്നും ഹാഗിയ സോഫിയയുടെ കാര്യത്തില്‍, ഇല്ലാത്ത ഒരു പ്രശ്നത്തിന്റെ പേരില്‍ ഇവിടെ തമ്മിലടിപ്പിക്കുകയാണെന്നുമായിരുന്നു ചാണ്ടി ഉമ്മന്റെ പ്രസംഗം.
എന്നാല്‍ ഇതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയതോടെയാണ് ചാണ്ടി ഉമ്മന്‍ മാപ്പ് പറഞ്ഞത്. താന്‍ ക്രിസ്ത്യന്‍ ഐഡി എന്നല്ല ഉദ്ദേശിച്ചതെന്നും ക്രിസ്ത്യന്‍ ഫേക്ക് ഐഡി എന്നാണെന്നും ഫേസ്ബുക്ക് ലൈവില്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു.
പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക