| Tuesday, 2nd January 2024, 6:04 pm

വീഞ്ഞും കേക്കും പരാമര്‍ശം തിരുത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് കെ.സി.ബി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വീഞ്ഞും കേക്കും പരാമര്‍ശം വിഷമിപ്പിച്ചെങ്കില്‍ പിന്‍വലിക്കാമെന്ന സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ തീരുമാനം സ്വാഹതാര്‍ഹമെന്ന് കര്‍ദ്ദിനാള്‍ ക്ലിമിസ് കാതോലിക്ക ബാവ. അനാവശ്യ വിവാദമായിരുന്നു ഇതെന്നും നേരത്തെ തന്നെ ഒഴിവാക്കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നാളെ മുഖ്യമന്ത്രി വിളിച്ച പുതുവത്സര സല്‍ക്കാരത്തില്‍ കെ.സി.ബി.സി പ്രതിനിധികള്‍ പങ്കെടുക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ഞായറാഴ്ച്ചയായിരുന്നു വിവാദത്തിന് ആസ്പദമായ പ്രസ്താവന സജി ചെറിയാന്‍ നടത്തിയത്. ക്രിസ്തുമസ് ദിനത്തില്‍ പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ബിഷപ്പുമാര്‍ വീഞ്ഞും കേക്കും കഴിക്കുക മാത്രമാണ് ചെയ്തതെന്നും മണിപ്പൂരിനെ കുറിച്ച് ഒന്നും പറഞ്ഞില്ല എന്ന പരാമര്‍ശമാണ് സജി ചെറിയാന്‍ നടത്തിയത്. ഇതിനെതിരെ കെ.സി.ബി.സിയില്‍ നിന്നും വലിയ എതിര്‍പ്പാണ് ഉയര്‍ന്നത്.

ഔചിത്യവും ആദരവുമില്ലാത്തതുമെന്നാണ് പരാമര്‍ശമാണ് മന്ത്രി നടത്തിയതെന്നും, ഇത് പിന്‍വലിക്കാത്ത പക്ഷം സര്‍ക്കാരുമായി സഹരിക്കില്ല എന്നും കെ.സി.ബി.സി അധ്യക്ഷന്‍ രാവിലെ പറഞ്ഞിരുന്നു. ആര് വിളിച്ചാല്‍ പോകണമെന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രീയക്കാരല്ല സഭയാണെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു.

സഭ വിമര്‍ശനം ശക്തമാക്കിയതിന് പിന്നാലെ സഭയുടെ അതൃപ്തി പരിശോധിക്കുമെന്നും, എന്നാല്‍ സജി ചെറിയാന്റേത് പ്രസംഗത്തിലെ പരാമര്‍ശം മാത്രമാണ് എന്നും സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.

എന്തുകൊണ്ടാണ് സജി ചെറിയാനോട് പരാമര്‍ശം പിന്‍വലിക്കാന്‍ ആവശ്യപ്പെടാത്തതെന്നും ഇത് മുഖ്യമന്ത്രിയുടെ അറിവോടെ ഉള്ള പരാമര്‍ശമാണ് എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തിയിരുന്നു. ജോസ് കെ. മാണിയുടെയും റോഷി അഗസ്റ്റിന്റെയും നിലപാടും അദ്ദേഹം ആരാഞ്ഞിരുന്നു.

ഇതിന് പിന്നാലെ, പ്രധാനമന്ത്രി ക്ഷണിക്കുന്ന ചടങ്ങുകളില്‍ സഭ അംഗങ്ങള്‍ പങ്കെടുക്കുന്നത് ആദ്യമായല്ലെന്നും, ക്രൈസ്തവ സഭകളെ എല്‍ .ഡി.എഫ് എന്നും ബഹുമാനത്തോടെയാണ് കണ്ടിട്ടുള്ളത്, ഇതില്‍ വ്യത്യസ്തമായ നിലപാടുകളെ മുന്നണി നിലപാട് ആയി കാണേണ്ടതില്ലെന്ന് ജോസ് കെ. മാണിയും, സജി ചെറിയാന്റെ നിലപാട് സര്‍ക്കാര്‍ നിലപാട് അല്ലെന്ന് റോഷി അഗസ്റ്റിനും പറഞ്ഞു.

പിന്നീട് സജി ചെറിയ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍, നിലപാടില്‍ ഉറച്ച് നിക്കുന്നുവെന്നും, വീഞ്ഞും കേക്കും പരാമര്‍ശം വിഷമിപ്പിച്ചെങ്കില്‍ പിന്‍വലിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് കെ.സി.ബി.സിയുടെ തീരുമാനത്തില്‍ മാറ്റമുണ്ടാക്കിയത്.

തന്റെ പ്രസ്താവന കേന്ദ്ര മന്ത്രി വി. മുരളീധരന് നന്നായിക്കൊണ്ടെന്നും, ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്തി അധികാരം നേടാനുള്ള ബി.ജെ.പി ശ്രമങ്ങളെ ജനങ്ങള്‍ തിരിച്ചറിയണമെന്നും സജി ചെറിയാന്‍ പറഞ്ഞു. കൂടാതെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ കേരളത്തില്‍ ഉണ്ടാകുമോ എന്ന ആശങ്ക ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുമ്പോള്‍ അതില്‍ കോണ്‍ഗ്രസ്സിന്റെ നയം വ്യക്തമാക്കാതെയുള്ള പ്രതിപക്ഷ നേതാവിന്റെ നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു.

Content Highlight: KCBC about Saji Cheriyan statement

We use cookies to give you the best possible experience. Learn more