വിലക്ക് പിന്‍വലിച്ച തീരുമാനം സ്വാഗതം ചെയ്ത് കെ.സി.എ; ശാരീരികക്ഷമത തെളിയിച്ചാല്‍ ശ്രീശാന്തിനെ കളിപ്പിക്കുമെന്നും കെ.സി.എ
Cricket
വിലക്ക് പിന്‍വലിച്ച തീരുമാനം സ്വാഗതം ചെയ്ത് കെ.സി.എ; ശാരീരികക്ഷമത തെളിയിച്ചാല്‍ ശ്രീശാന്തിനെ കളിപ്പിക്കുമെന്നും കെ.സി.എ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th March 2019, 7:59 am

തിരുവനന്തപുരം:വാതുവെയ്പ്പ് ആരോപിച്ച് ശ്രീശാന്തിനേര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സ്വാഗതം ചെയ്ത് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍. ബി.സി.സി.ഐയില്‍ നിന്ന് ശ്രീക്ക് അനുകൂലമായ തീരുമാനം വരുമെന്നാണ് പ്രതീക്ഷയെന്നും വിലക്ക് മാറി ശാരീരികക്ഷമത വീണ്ടെടുത്താല്‍ അദ്ദേഹത്തെ കേരളാ ടീമില്‍ ഉള്‍പ്പെടുത്തുമെന്നും കെ.സി.എ സെക്രട്ടറി അഡ്വ. ശ്രീജിത്ത് പറഞ്ഞു.

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശ്രീശാന്തിന് വേണ്ടി കത്തയക്കാനാണ് കെ.സി.എയുടെ നീക്കം. എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ആലപ്പുഴയില്‍ വെച്ച് ചേരുന്ന കെ.സി.എയുടെ പ്രത്യേക ജനറല്‍ ബോഡിക്ക് ശേഷമായിരിക്കും.

മത്സരരംഗത്തേക്ക് തിരിച്ചു വരുമെന്നും ആറ് മാസമായി പരിശീലനം തുടങ്ങിയിട്ടെന്നും സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീശാന്ത് വിധി വന്ന ശേഷം പറഞ്ഞിരുന്നു. കേരള രജ്ഞി ടീമില്‍ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു.

Also Read  ശ്രീശാന്ത്, അവസാനത്തിനു ശേഷം ഒരു തുടക്കം

ഐ.പി.എല്‍ ഒത്തുകളി വിവാദത്തെതുടര്‍ന്ന് ബി.സി.സി.ഐ ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതിയാണ് പിന്‍വലിച്ചത്. ശിക്ഷാകാലാവധി പുനപരിശോധിക്കാന്‍ ബി.സി.സി.ഐക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.

എത്ര കാലം ശിക്ഷ നല്‍കാമെന്ന് ബി.സി.സി.ഐ പരിശോധിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. വിലക്ക് ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തീരുമാനത്തിന് എതിരെയായിരുന്നു ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്.

Also Read  പള്ളി വെടിവെയ്പ്: ബംഗ്ലാദേശ്-ന്യൂസിലാന്‍ഡ് മൂന്നാം ടെസ്റ്റ് റദ്ദാക്കി

2013 ലെ ഐ.പി.എല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ശ്രീശാന്ത് ഒത്തു കളിച്ചതിന് തെളിവുണ്ടെന്നാണ് ഹരജിയെ എതിര്‍ത്ത് ബി.സി.സി.ഐ കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ അടിസ്ഥാന രഹിതമായ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് വിലക്കെന്നും ഭീഷണിപ്പെടുത്തിയാണ് പോലീസ് തന്റെ ആദ്യ കുറ്റസമ്മത മൊഴി ലഭ്യമാക്കിയതെന്നുമായിരുന്നു ശ്രീശാന്തിന്റെ വാദം.

നേരത്തെ ഒത്തുകളി വിവാദവുമായി ജയിലിടയ്ക്കപ്പെട്ടിരുന്ന താരത്തെ പിന്നീട് കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ താരത്തിനേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ ബി.സി.സി.ഐ തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്നാാണ് ശ്രീശാന്ത് കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ അശോക് ഭൂഷന്‍, കെഎം ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
DoolNews Video