രഞ്ജി ട്രോഫിയില്‍ കരുത്തരായ മുംബൈക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിലാണ് കേരളത്തിന്റെ മൂന്നാം മത്സരം അരങ്ങേറുന്നത്.
എലീറ്റ് ഗ്രൂപ്പ് ബി-യില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള മുംബൈക്കെതിരെ നടക്കുന്ന മത്സരം കേരളത്തെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.
ബോണസ് പോയിന്റുകളടക്കം നേടി രണ്ട് മത്സരത്തില്‍ നിന്നും 14 പോയിന്റാണ് ഒന്നാമതുള്ള മുംബൈക്കുള്ളത്. രണ്ട് മത്സരത്തില്‍ നിന്നും രണ്ട് സമനിലയുമായി നാല് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് കേരളം.
മുംബൈക്കെതിരായ മത്സരത്തില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ടീമില്‍ തിരിച്ചെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബുധനാഴ്ച ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അഫ്ഗാനെതിരെ നടക്കുന്ന പരമ്പരയിലെ അവസാന മത്സരം കൂടി കഴിഞ്ഞാല്‍ സഞ്ജുവിന്റെ നാഷണല്‍ ഡ്യൂട്ടി അവസാനിക്കും. ഇതോടെ സഞ്ജു കേരള ക്യാമ്പില്‍ മടങ്ങിയെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ആലപ്പുഴയില്‍ ഉത്തര്‍പ്രദേശിനെതിരായ നടന്ന ആദ്യ മത്സരത്തില്‍ സഞ്ജുവാണ് കേരളത്തെ നയിച്ചത്. മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഫ്ഗാനെതിരായ പരമ്പര കളിക്കാന്‍ സഞ്ജു നാഷണല്‍ ടീമിന്റെ ഭാഗമായത്.