സഞ്ജുവിനെ പിന്തുണച്ചതിന് ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് കെ.സി.എ. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണിനെ ഒഴിവാക്കാന്‍ കാരണം കെ.സി.എയുടെ ഇടപെടലാണെന്ന തരത്തില്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വലിയ വമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുള്ള ഇന്ത്യയുടെ ആഭ്യന്തര ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയില്‍ പങ്കെടുക്കാന്‍ സഞ്ജു ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും പരിശീലനത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ സഞ്ജുവിന് ടൂര്‍ണമെന്റില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല.
ഇതോടെ സഞ്ജുവിന് പിന്തുണ നല്‍കി മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ്. ശ്രീശാന്ത് സംസാരിച്ചിരുന്നു. കേരളത്തിന് ആകെയുള്ള അന്താരാഷ്ട്ര താരമാണ് സഞ്ജുവെന്നും താരത്തെ ക്രൂശിക്കരുതെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു.
എന്നാല്‍ ഇത്തരം പ്രതികരണങ്ങള്‍ ഗുരുതരമായ അച്ചടക്കലംഘനമായാണ് കെ.സി.എ വിലയിരുത്തുന്നത്. ഇതോടെ ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടീസും കെ.സി.എ നല്‍കിയിരിക്കുകയാണ്.
നോട്ടീസില്‍ കേരള ക്രിക്കറ്റ് ലീഗിലെ കൊല്ലം ടീമിന്റെ ഉപദേഷ്ഠാവും പരിശീലകനുമായ ശ്രീശാന്ത് കെ.സി.എയുമായി ഒപ്പിട്ട പരസ്യ കരാറിന് വിരുദമായാണ് പരസ്യ പ്രതികരണം നടത്തിയതെന്നും നടപടി ഉണ്ടാകാതിരിക്കണമെങ്കില്‍ ഏഴ് ദിവസത്തിനുള്ളില്‍ ശ്രീശാന്ത് മറുപടി നല്‍കണമെന്നും കെ.സി.എ അയച്ച നോട്ടീസില്‍ പറയുന്നു.
മാത്രമല്ല കേരള ക്രിക്കറ്റ് ലീഗിലെ ആലപ്പി ടീമിന്റെ മീഡിയ മാനേജര്‍ സായി കൃഷ്ണയ്‌ക്കെതിരെയും സമാനമായ പരാമര്‍ശത്തിന്റെ പേരില്‍ നോട്ടീസ് അയച്ചിട്ടുണ്ട്. രണ്ട് ടീമുകളേയും ക്രിക്കറ്റ് ലീഗില്‍ നിന്ന് പുറത്താക്കുന്നതിന് വരെ കാരണമായേക്കാവുന്ന നടപടിക്ക് ഇരുവരുടേയും പ്രവര്‍ത്തികള്‍ കാരണമാകുമെന്നും കെ.സി.എ നോട്ടീസില്‍ പറഞ്ഞു.
ഇപ്പോള്‍ സഞ്ജുവുമായുള്ള വിവാദത്തിന്റെ പേരില്‍ പിന്തുണയായി എത്തുന്നവരേയും കേരള ക്രിക്കറ്റ് അസോസിയേഷന്‍ തടയാന്‍ ലക്ഷ്യമിടുകയാണ്. ഇതോടെ കൂടുതല്‍ പിടിമുറുക്കാന്‍ തന്നെയാണ് കെ.സി.എ ശ്രമിക്കുന്നത്.
Content Highlight: KCA sent notice to Sreesanth for supporting Sanju Samson