2024- 25 വിജയ്ഹസാരെ ട്രോഫിയില്‍ സഞ്ജു സാംസണ്‍ മത്സരിക്കാത്തതിനെ തുടര്‍ന്ന് സീനിയര്‍ താരങ്ങള്‍ താരത്തെ വിമര്‍ശിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ വിജയ് ഹസാരെയില്‍ സഞ്ജുവിന് കളിക്കാന്‍ സാധിക്കാത്തതിന്റെ കാരണം കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാര്‍ വെളിപ്പെടുത്തി.
ടൂര്‍ണമെന്റില്‍ കളിക്കാന്‍ താത്പ്പര്യമുണ്ടെന്ന് സഞ്ജു പറഞ്ഞിട്ടും പരിശീലന ക്യാമ്പില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് സഞ്ജുവിന് അവസരം നല്‍കാതെ വരികയായിരുന്നു. പകരം യുവതാരത്തിന് അവസരം നല്‍കാനാണ് കെ.സി.എ തീരുമാനിച്ചത്.
2025ലെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇതോടെ സഞ്ജുവാണോ റിഷബ് പന്താണോ കെ.എല്‍. രാഹുലാണോ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് എത്തുക എന്നത് കണ്ടറിയണം. എന്നിരുന്നാലും ആഭ്യന്തര മത്സരത്തില്‍ മത്സരിക്കാത്ത സഞ്ജുവിനെ പരിഗണിച്ചേക്കില്ല എന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ടൂര്‍ണമെന്റിന് മുമ്പ് താന്‍ ക്യാമ്പിന് ഉണ്ടാകില്ലെന്ന് സഞ്ജു അസോസിയേഷന് മെയില്‍ അയച്ചിരുന്നു. സച്ചിന്‍ ബേബിയും ഇല്ലാത്തതിനാല്‍ കെ.സി.എ യുവ താരങ്ങളെ ഉള്‍പ്പെടുത്തി ടൂര്‍ണമെന്റില്‍ പങ്കെടുക്കുകയായിരുന്നെന്ന് കെ.സി.എ സെക്രട്ടറി ഓണ്‍മനോരമയോട് പറഞ്ഞു.
‘ഞാനിത് ക്യാമ്പിന് ലഭ്യമല്ലെന്ന് നിങ്ങളെ അറിയിക്കാനാണ് ഇത്'(സഞ്ജുവിന്റെ മെയില്‍). കൂടാതെ സച്ചിന്‍ ബേബിയും പരിക്ക് കാരണം ലഭ്യമല്ല. ഞങ്ങള്‍ക്ക് രണ്ട് സീനിയര്‍ കളിക്കാരെ നഷ്ടമായി. അതിനാല്‍ അവരുടെ സ്ഥാനത്ത് യുവാക്കളെ പരീക്ഷിക്കാന്‍ ഞങ്ങള്‍ ആലോചിച്ചു,’ വിനോദ് പറഞ്ഞു.
ഡിസംബര്‍ 23ന് ബറോഡയ്ക്ക് എതിരായ ആദ്യ മത്സരത്തിന് മുമ്പ് സഞ്ജു തന്റെ ലഭ്യതയെക്കുറിച്ച് സംസാരിച്ചെങ്കിലും അസോസിയേഷനില്‍ ടീമിനെ അന്തിമമായി സ്ഥിരീകരിച്ചെന്നും കെ.സി.എ ഉദ്ദ്യോഗസ്ഥന്‍ പറഞ്ഞു. മുമ്പ് ടൂര്‍ണമെന്റുകള്‍ക്ക് പ്രിപ്പറേറ്ററി ക്യാമ്പുകള്‍ നിര്‍ബന്ധമില്ലായിരുന്നെന്നും കെ.സി.എ ഉദ്ദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.
‘ദേശീയ ഡ്യൂട്ടിക്ക് പോകാത്ത സമയത്ത് സഞ്ജു കേരള ക്യാമ്പില്‍ ചേരുമെന്നത് ഒരു പതിവായിരുന്നു. എന്നാല്‍ പ്രിപ്പറേറ്ററി ക്യാമ്പുകളില്‍ പങ്കെടുക്കുന്നത് മുമ്പ് നിര്‍ബന്ധമായിരുന്നില്ല.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
16 ഏകദിന മത്സരങ്ങളില്‍ നിന്ന് 56.66 ശരാശരിയില്‍ 510 റണ്‍സാണ് സഞ്ജു ഇതുവരെ നേടിയത്. 2023 ഡിസംബറില്‍ സൗത്ത് ആഫ്രിക്കയ്ക്കെതിരെ നടന്ന തന്റെ അവസാന മത്സരത്തില്‍ സാംസണ്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി ടീമിനെ വിജയത്തിലെത്തിച്ചിരുന്നു.
Content Highlight: KCA Secretary Vinod S Kumar Talking About Sanju Samson And Vijay Hazare Trophy 2024-25