'ദയനീയ പരാജയമുണ്ടായാല്‍ പ്രവര്‍ത്തകന്റെ മനസ് വേദനിക്കും, അവര്‍ പ്രതികരിക്കും'; വിമര്‍ശനങ്ങളെ പോസിറ്റീവായി കാണുന്നു: കെ.സി. വേണുഗോപാല്‍
Kerala News
'ദയനീയ പരാജയമുണ്ടായാല്‍ പ്രവര്‍ത്തകന്റെ മനസ് വേദനിക്കും, അവര്‍ പ്രതികരിക്കും'; വിമര്‍ശനങ്ങളെ പോസിറ്റീവായി കാണുന്നു: കെ.സി. വേണുഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th March 2022, 10:12 pm

ന്യൂദല്‍ഹി: പരാജയങ്ങളെ പരിശോധിച്ച് ഭാവി തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണം എന്നതുസംബന്ധിച്ച ചര്‍ച്ചയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉണ്ടായതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. വ്യക്തിപരമായുള്ള കുറ്റപ്പെടുത്തലുകള്‍ യോഗത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സി. വേണുഗോപാല്‍. തിനിക്കെതിരെയുള്ള വിമര്‍ശനത്തില്‍ പരഭവമില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മനസിലാക്കുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു.

എനിക്കെതിരെയുള്ള വിമര്‍ശനങ്ങളെ പോസിറ്റീവായാണ് കാണുന്നത്. ദയനീയമായ പരാജയമുണ്ടായാല്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ മനസ് വേദനിക്കും. അവന്‍ പ്രയാസപ്പെടും. വ്യത്യസ്തമായ രീതിയില്‍ പ്രതികരിച്ചെന്നിരിക്കും. കേരളത്തിലുള്ള പ്രവര്‍ത്തകര്‍ക്ക് എന്നെ വിമര്‍ശിക്കാന്‍ കൂടുതല്‍ അവകാശമുണ്ടെന്നും അത് അവര്‍ ഏറ്റെടുക്കുന്നതില്‍ പ്രയാസമില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

വിമര്‍ശനത്തിനതീതനായ ആളല്ല ഞാന്‍. വിമര്‍ശനം വ്യക്തിപരമല്ല, ഇരിക്കുന്ന സ്ഥാനത്തെ മുന്‍നിര്‍ത്തിയാണ്.
എല്ലാം തികഞ്ഞ പൂര്‍ണനാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. തന്റെ പദവിയെപ്പറ്റി പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായി തുടരുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനം. പ്രവര്‍ത്തക സമിതി യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും ഗാന്ധി കുടുംബത്തില്‍ വിശ്വാസമര്‍പ്പിച്ചു.


ഗാന്ധികുടുംബത്തില്‍ വിശ്വാസമുണ്ടെന്നും ജനവധി അംഗീകരിക്കുന്നതായും കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മിറ്റി പറഞ്ഞു.

തോല്‍വിക്ക് കാരണം ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചതാണെന്ന് പ്രവര്‍ത്തക സമിതി വിലയിരുന്നു. നിലവില്‍ സോണിയ ഗാന്ധി അധ്യക്ഷയായി തുടരുമെന്നും സംഘടനാ തെരഞ്ഞെടുപ്പിന് ശേഷം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നും പ്രവര്‍ത്തക സമിതി തീരുമാനമെടുത്തു. എന്ത് ത്യാഗത്തിനും തയ്യാറാണെന്ന് സോണിയ ഗാന്ധി യോഗത്തെ അറിയിച്ചു.

സംഘടന ദൗര്‍ബല്യം പരിഹരിക്കാന്‍ അധ്യക്ഷയുടെ ഇടപെടലുണ്ടാവും. തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ പിഴച്ചു. സംഘടന തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സോണിയ അധ്യക്ഷയായി തുടരുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല മാധ്യമങ്ങളോട് പറഞ്ഞു.

ഗ്രൂപ്പ് 23 നേതാക്കളാരും കടുത്ത നിലപാടിലേക്ക് കടന്നില്ല. തുറന്ന ചര്‍ച്ചയാകാമെന്ന നിലപാട് ഇവരും പൊതുവില്‍ അംഗീകരിച്ചു. ഏപ്രിലില്‍ ചിന്തന്‍ ശിബിര്‍ നടത്താന്‍ തീരുമാനമായി. പാര്‍ട്ടിക്ക് അതിന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് പൂര്‍ണ ബോധ്യമുണ്ടെന്ന് വര്‍ക്കിങ് കമ്മിറ്റി യോഗത്തിന് ശേഷം നേതാക്കള്‍ പ്രതികരിച്ചു.