| Thursday, 4th July 2019, 7:50 pm

പുതിയ അധ്യക്ഷന്‍ വരുംവരെ രാഹുല്‍ ഗാന്ധി തുടരും; കോണ്‍ഗ്രസില്‍ ഉടച്ചുവാര്‍ക്കല്‍ അനിവാര്യമാണെന്നും കെ.സി വേണുഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസിനു പുതിയ അധ്യക്ഷന്‍ വരുംവരെ രാഹുല്‍ ഗാന്ധി ചുമതലയില്‍ തുടരുമെന്ന് കെ.സി വേണുഗോപാല്‍ എം.പി. കോണ്‍ഗ്രസില്‍ ഉടച്ചുവാര്‍ക്കല്‍ അനിവാര്യമാണെന്നും പ്രവര്‍ത്തക സമിതിയില്‍ അടക്കം മാറ്റം അനിവാര്യമാണെന്നും വേണുഗോപാല്‍ പറഞ്ഞു.

പ്രവര്‍ത്തകസമിതി ഉടന്‍ വിളിക്കുമെന്നും രാഹുലിന്റേത് മാതൃകാപരമായ തീരുമാനമാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം, പുതിയ കോണ്‍ഗ്രസ് അധ്യക്ഷനായുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ സജീവമായി. രാഹുലിന്റെ ആവശ്യപ്രകാരം യുവനേതാക്കളെയടക്കം പരിഗണിച്ചാണ് ഇപ്പോള്‍ കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നത്. നെഹ്റു കുടുംബത്തില്‍ നിന്ന് ആരും അധ്യക്ഷസ്ഥാനത്തേക്കു വരില്ലെന്നു രാഹുല്‍ വ്യക്തമാക്കിയതോടെ പ്രിയങ്കാ ഗാന്ധിയുടെ പേര് തത്കാലം ചര്‍ച്ചകളില്‍ ഉയര്‍ന്നേക്കില്ല.

എന്നാല്‍ നെഹ്റു കുടുംബത്തിന്റെ വിശ്വസ്തരായ ആരെയെങ്കിലും സ്ഥാനത്തേക്കു കൊണ്ടുവരാനാണു സാധ്യതയാണു കൂടുതല്‍. കോണ്‍ഗ്രസ് മുന്‍ ലോക്സഭാ കക്ഷി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ എന്നിവരെയാണ് അധ്യക്ഷസ്ഥാനത്തേക്കു പ്രധാനമായും പരിഗണിക്കുന്നത്.

കഴിഞ്ഞ യു.പി.എ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന ഷിന്‍ഡെ, നെഹ്റു കുടുംബവുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ്. യു.പി.എ സര്‍ക്കാരില്‍ റെയില്‍വെ, തൊഴില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ഖാര്‍ഗെയാകട്ടെ, സോണിയാ ഗാന്ധിയുടെ വിശ്വസ്തനാണ്.

ഇനി യുവത്വത്തിലേക്കാണ് ചര്‍ച്ച നീളുന്നതെങ്കില്‍, രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, മധ്യപ്രദേശിലെ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ എന്നിവരിലാര്‍ക്കെങ്കിലുമാകും സാധ്യത.

Latest Stories

We use cookies to give you the best possible experience. Learn more