| Thursday, 21st September 2023, 6:41 pm

'അദ്വാനി, വാജ്‌പേയ്, ജസ്വന്ത് സിങ്...; വനിത സംവരണത്തെ എതിര്‍ത്തവരാണിത്, ബി.ജെ.പി ഇപ്പോള്‍ ചാമ്പ്യന്മാരാകാന്‍ നോക്കുന്നു'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി വനിത സംവരണ ബില്‍ അവതിരിച്ചപ്പോള്‍ ബി.ജെ.പി എം.പിമാര്‍ അതിനെ എതിര്‍ക്കുകയാണുണ്ടായതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അദ്വാനി, അടല്‍ ബിഹാരി വാജ്‌പേയ് തുടങ്ങിയ പ്രമുഖരായ ബി.ജെ.പി നേതൃത്വം എല്ലാം തന്നെ ഈ ബില്ലിനെ എതിര്‍ത്തതായി രാജ്യസഭ സെക്രട്ടേറിയേറ്റിന്റെ രേഖകളില്‍ കാണാമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. വനിത സംവരണ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘1989ല്‍ രാജീവ് ഗാന്ധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീ ശാക്തീകരണത്തിനായി ഒരു ബില്ല് കൊണ്ടുവന്നപ്പോള്‍ ലാല്‍ കൃഷ്ണ അദ്വാനി, അടല്‍ ബിഹാരി വാജ്‌പേയ്, ജസ്വന്ത് സിങ്, രാം ജത് മലാനി അടക്കമുള്ള ബി.ജെ.പി. നേതാക്കള്‍ അന്നതിനെ എതിര്‍ത്തു.

2010ല്‍ ഞങ്ങള്‍ വീണ്ടും ബില്ല് കൊണ്ടുവന്ന് രാജ്യസഭയില്‍ പാസാക്കി. നിര്‍ഭാഗ്യകരം എന്ന് പറയട്ടെ ഞങ്ങള്‍ക്ക് ലോക്സഭയില്‍ അത് പാസാക്കാനുള്ള ഭൂരിപക്ഷം അന്നുണ്ടായില്ല. പക്ഷേ നിങ്ങള്‍ 2014ല്‍ സ്ത്രീ സംവരണ നിയമം പാസാക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുകൊടുത്തിരുന്നു. 2014 മുതല്‍ 2023 വരെ ഒമ്പത് വര്‍ഷക്കാലം ഈ ബില്ല് കൊണ്ടുവരാതിരിക്കാന്‍ ആരാണ് തടഞ്ഞത്. ഇപ്പോള്‍ ബി.ജെ.പി ഈ ബില്ലിന്റെ ചാമ്പ്യന്മാരാകാന്‍ നില്‍ക്കകുയാണ്,’ കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ബി.ജെ.പിയുടെ ലക്ഷ്യം ജനുവിനാണെങ്കില്‍ 2024ല്‍ തന്നെ ഇത് നടപ്പാക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘ജീവിതത്തെ മാറ്റിമറിക്കുന്ന തീരുമാനങ്ങള്‍ എടുക്കേണ്ടത് ഹൃദയത്തില്‍ നിന്നാണ്, മനസില്‍ നിന്നല്ല! നിങ്ങളുടെ രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ ഈ ബില്ലിനെ നിര്‍ബന്ധിതമാക്കി, അതിനാലാണ് സെന്‍സസ്, മണ്ഡല പുനസംഘടന തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് ബില്ല് നടപ്പാക്കുന്നത് അനിശ്ചിതമായി വൈകിപ്പിക്കുന്നത്.

മോദിജിയുടെ ആ 56 ഇഞ്ച് നെഞ്ചില്‍ എവിടെയാണ് ഹൃദയം? സ്ത്രീ ശാക്തീകരണത്തില്‍ നിങ്ങള്‍ ശരിക്കും ശ്രദ്ധിക്കുന്നുണ്ടെങ്കില്‍ 2024ല്‍ ഇത് നടപ്പിലാക്കുമായിരുന്നു.

ഒ.ബി.സി വിഭാഗത്തിനോട് പ്രേമമുണ്ടെങ്കില്‍ നിങ്ങള്‍ ജാതി സെന്‍സസ് നടത്തി രാജ്യത്തെ കാണിക്കൂ. ആര്‍.എസ്.എസാണ് നിങ്ങളെ നിയന്ത്രിക്കുന്നത്, ആര്‍.എസ്.എസില്‍ എത്ര സ്ത്രീകളുണ്ട്? മണിപ്പൂരിലെ സ്ത്രീകളെ കുറിച്ച് ഒരു വാക്ക് പോലും മിണ്ടാത്ത പ്രധാനമന്ത്രി എന്ത് സ്ത്രീ ശാക്തീകരണത്തെ കുറിച്ചാണ് സംസാരിക്കുന്നത്,’ കെ.സി. വേണുഗോപാല്‍ പറഞ്ഞു.

Content Highlight:  KC Venugopal’s raja Sabha speech, Women’s Reservation Bill

We use cookies to give you the best possible experience. Learn more