ന്യൂദല്‍ഹി: ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി വനിത സംവരണ ബില്‍ അവതിരിച്ചപ്പോള്‍ ബി.ജെ.പി എം.പിമാര്‍ അതിനെ എതിര്‍ക്കുകയാണുണ്ടായതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അദ്വാനി, അടല്‍ ബിഹാരി വാജ്‌പേയ് തുടങ്ങിയ പ്രമുഖരായ ബി.ജെ.പി നേതൃത്വം എല്ലാം തന്നെ ഈ ബില്ലിനെ എതിര്‍ത്തതായി രാജ്യസഭ സെക്രട്ടേറിയേറ്റിന്റെ രേഖകളില്‍ കാണാമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. വനിത സംവരണ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘1989ല്‍ രാജീവ് ഗാന്ധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീ ശാക്തീകരണത്തിനായി ഒരു ബില്ല് കൊണ്ടുവന്നപ്പോള്‍ ലാല്‍ കൃഷ്ണ അദ്വാനി, അടല്‍ ബിഹാരി വാജ്‌പേയ്, ജസ്വന്ത് സിങ്, രാം ജത് മലാനി അടക്കമുള്ള ബി.ജെ.പി. നേതാക്കള്‍ അന്നതിനെ എതിര്‍ത്തു.
2010ല്‍ ഞങ്ങള്‍ വീണ്ടും ബില്ല് കൊണ്ടുവന്ന് രാജ്യസഭയില്‍ പാസാക്കി. നിര്‍ഭാഗ്യകരം എന്ന് പറയട്ടെ ഞങ്ങള്‍ക്ക് ലോക്സഭയില്‍ അത് പാസാക്കാനുള്ള ഭൂരിപക്ഷം അന്നുണ്ടായില്ല. പക്ഷേ നിങ്ങള്‍ 2014ല്‍ സ്ത്രീ സംവരണ നിയമം പാസാക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുകൊടുത്തിരുന്നു. 2014 മുതല്‍ 2023 വരെ ഒമ്പത് വര്‍ഷക്കാലം ഈ ബില്ല് കൊണ്ടുവരാതിരിക്കാന്‍ ആരാണ് തടഞ്ഞത്. ഇപ്പോള്‍ ബി.ജെ.പി ഈ ബില്ലിന്റെ ചാമ്പ്യന്മാരാകാന്‍ നില്‍ക്കകുയാണ്,’ കെ.സി. വേണുഗോപാല്‍ പറഞ്ഞു.