| Thursday, 28th January 2021, 1:32 pm

'ആരെങ്കിലും വിളിക്കുമോ എന്ന് കാത്തിരിക്കുകയായിരുന്നു'; താനില്ലെങ്കിലും പാലം യാഥാര്‍ത്ഥ്യമായതില്‍ സന്തോഷമെന്ന് കെ. സി വേണുഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് ക്ഷണിക്കാഞ്ഞതില്‍ പ്രതികരണവുമായി കെ. സി വേണുഗോപാല്‍ എം.പി. ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും എന്നാല്‍ തന്നെ ആരും വിളിച്ചില്ലെന്നുമാണ് കെ. സി വേണു ഗോപാല്‍ പ്രതികരിച്ചത്.

ബൈപ്പാസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയെല്ലാം ഘട്ടത്തില്‍ താന്‍ ഇടപെട്ടിരുന്നെന്നും കെ. സി വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

‘ആലപ്പുഴ ബൈപ്പാസിന്റെ ഓരോ തടസ്സങ്ങളിലും ഇടപെട്ട് കഴിഞ്ഞ ആറ് വര്‍ഷമായി ഞാന്‍ ഇവിടെ ഉണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് ചാരിതാര്‍ത്ഥ്യമുണ്ട്. ഞാന്‍ ഈ പരിപാടിയുടെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ഞാന്‍ കാത്തിരിക്കുകയായിരുന്നു എന്നെ ആരെങ്കിലും വിളിക്കുമോ എന്ന്. പക്ഷെ എന്നെ ആരും വിളിച്ചില്ല. എനിക്കതില്‍ പരാതിയില്ല. എന്റെ സാന്നിധ്യമല്ല ഇവിടെ പ്രശ്‌നം, ആലപ്പുഴയ്‌ക്കൊരു ബൈപ്പാസ് ഉണ്ടാവുക എന്നതാണ്,’ കെ. സി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ മറുപടിയുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ രംഗത്തെത്തിയിരുന്നു.

ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പങ്കെടുക്കുന്നവരെ നിശ്ചയിക്കുന്നത് കേന്ദ്രം നേരിട്ടിടപ്പെട്ടാണെന്നാണ് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞത്. കേന്ദ്ര സര്‍ക്കാരാണ് ഓരോരുത്തരും സംസാരിക്കേണ്ട സമയം പോലും നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും എല്ലാവരെയും വിളിക്കാന്‍ തീരുമാനിച്ചിരുന്നതായിരുന്നെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു.

കെ സി വേണുഗോപാലിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ദേശീയ പാതയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. മാര്‍ച്ച് പൊലീസ് തടഞ്ഞിതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷവസ്ഥയുമുണ്ടായി.

ഉദ്ഘാടന വേദിയ്ക്കരികില്‍ കെ. സി വേണുഗോപാലിനും കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനും അഭിവാദ്യമര്‍പ്പിച്ച് കൊണ്ട് ഫ്‌ളക്‌സ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. ഇത് പൊലീസ് ഇടപെട്ട് നീക്കം ചെയ്തു.

ആലപ്പുഴ ബൈപ്പാസ് ഇന്ന് ഉച്ചയ്ക്കാണ് നാടിന് സമര്‍പ്പിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിക്കുക.

400 കോടിയോളം രൂപ ചെലവിട്ടാണ് ബൈപ്പാസ് നിര്‍മിച്ചിരിക്കുന്നത്. കേരളത്തിലെ ഏറ്റവും നീളം കൂടിയ എലവേറ്റഡ് ഹൈവേ കൂടിയാണിത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KC Venugopal response on not inviting Alappuzha Bypass inauguration

We use cookies to give you the best possible experience. Learn more