ന്യൂദല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും രാജിക്കു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. ജനാധിപത്യത്തിന്റെ വിജയമാണിതെന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.
‘ഭരണഘടനാപരമായ ജനാധിപത്യത്തിന്റെ വിജയമാണിത്. കുതിരക്കച്ചവടത്തിലൂടെ സര്‍ക്കാരുണ്ടാക്കാം എന്നാണ് ബി.ജെ.പി കരുതിയത്. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ മാത്രം പരാജയമല്ലിത്. ദല്‍ഹിയിലിരിക്കുന്ന എല്ലാ ബി.ജെ.പി നേതാക്കളുടെയും മുഖത്ത് കിട്ടിയ അടിയാണിത്’ കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.
സുപ്രീംകോടതി നാളെ വിശ്വാസ വോട്ടെടുപ്പിന് ഉത്തരവിട്ടിരുന്നെങ്കിലും വിശ്വാസ വോട്ടെടുപ്പിനു കാത്തുനില്‍ക്കാതെ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്രാ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നരയ്ക്കു നടത്തിയ വാര്‍ത്താസമ്മേളത്തിലായിരുന്നു അദ്ദേഹം രാജിപ്രഖ്യാപനം നടത്തിയത്.