| Thursday, 16th July 2020, 2:40 pm

'പൊന്നു കായ്ക്കുന്ന മരമാണെങ്കിലും പുരപ്പുറത്തേക്ക് ചാഞ്ഞാല്‍ വെട്ടിമാറ്റണം'; ബി.ജെ.പിയുടെ കെണിയില്‍ തലവെക്കുന്നവരോട് മൃദു സമീപനമില്ലെന്ന് കെ. സി വേണുഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സച്ചിന്‍ പൈലറ്റിനെതിരെ രാജസ്ഥാന്‍ മന്ത്രിസഭയില്‍ നടപടിയെടുത്തത് പാര്‍ട്ടിയുടെ അച്ചടക്ക മര്യാദകള്‍ ലംഘിച്ചതുകൊണ്ടാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും എം.പിയുമായ കെ. സി വേണുഗോപാല്‍. എന്തു പ്രശ്‌നമുണ്ടെങ്കിലും അത് പാര്‍ട്ടിക്കകത്ത് പരിഹരിക്കേണ്ടതാണെന്നും ബി.ജെ.പിയുടെ കെണിയില്‍ തലവെച്ച് കൊടുക്കുന്നവരോട് മൃദു സമീപനം സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘എന്തു പ്രശ്‌നമുണ്ടെങ്കിലും അത് പാര്‍ട്ടിക്കകത്ത് പരിഹരിക്കേണ്ടതാണ്. ഏത് നേതാവായാലും പാര്‍ട്ടി വിടുന്നത് ദുഃഖകരമാണ്. എന്നാല്‍ വ്യക്തിപരമായ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര നിലപാടുകള്‍ക്കെതിരെ നീങ്ങിയാല്‍ പാര്‍ട്ടിക്ക് കൈയ്യും കെട്ടിയിരിക്കാനാവില്ല. ബി.ജെ.പിയുടെ കെണിയില്‍ തലവെച്ച് കൊടുക്കുന്നവരോട് മൃദു സമീപനം സ്വീകരിക്കിനാവില്ല,’ കെ.സി വേണുഗോപാല്‍ പറഞ്ഞു.

മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാര്‍ട്ടിയുടെ ലക്ഷ്മണ രേഖ ലംഘിച്ചതുകൊണ്ടാണ് അച്ചടക്ക നടപടിയെടുത്തതെന്നും പൊന്നു കായ്ക്കുന്ന മരമാണെങ്കിലും പുരപ്പുറത്തേക്ക് ചാഞ്ഞാല്‍ വെട്ടിമാറ്റണമെന്നല്ലേ എന്നും വേണുഗോപാല്‍ പറയുന്നു.

കോണ്‍ഗ്രസ് അണികള്‍ക്ക് വളരെ പ്രതീക്ഷയുള്ള നേതാവായിരുന്നു സച്ചിന്‍. ഇപ്പോഴും കോണ്‍ഗ്രസുകാരനാണെങ്കില്‍ എന്തിനാണ് ബി.ജെ.പിയുടെ പാളയത്തില്‍ എം.എല്‍.എമാരുമായി കഴിഞ്ഞ് കൂടുന്നതെന്നും അദ്ദേഹം ചോദിച്ചു.

‘അങ്ങിനെയാണെങ്കില്‍ അദ്ദേഹം ആദ്യം ചെയ്യേണ്ടത് ജയ്പൂരിലേക്ക് തിരിച്ചെത്തി കോണ്‍ഗ്രസിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുകയാണ്. എന്തിനാണ് അദ്ദേഹം ബി.ജെ.പിയുടെ കോട്ടയില്‍ തന്റെ എം.എല്‍.എമാരുമായി കഴിഞ്ഞുകൂടുന്നത്? സച്ചിന്‍ തിരിച്ച് ജയ്പൂരിലേക്ക് വരണം. കോണ്‍ഗ്രസിന്റെ വാതിലുകള്‍ ഇപ്പോഴും സച്ചിന് മുന്നില്‍ തുറന്നു കിടക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

സച്ചിനുമായും ഗെലോട്ടുമായും ഹൈക്കമാന്‍ഡ് കൃത്യമായി സംസാരിച്ചിട്ടുണ്ടെന്നും സച്ചിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം പിസിസി പ്രസിഡന്റ് സ്ഥാനവും നല്‍കി. ഏഴുവര്‍ഷം പിസിസി സ്ഥാനത്ത് നില്‍ക്കാന്‍ കഴിയുകയെന്നത് മറ്റാര്‍ക്കും കിട്ടാത്ത അംഗീകാരമാണെന്നും വേണുഗോപാല്‍കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more