| Friday, 12th June 2020, 2:09 pm

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള ഗവേഷണത്തിലാണ് ബി.ജെ.പി,തന്ത്രങ്ങളില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വീഴില്ല: കെ.സി വേണുഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: രാജസ്ഥാനില്‍ മധ്യപ്രദേശ് ആവര്‍ത്തിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം വിജയിക്കില്ലെന്ന് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ എങ്ങനെ അട്ടിമറിക്കണമെന്ന ഗവേഷണത്തിലാണ് ബി.ജെ.പിയെന്നും വേണുഗോപാല്‍ പറഞ്ഞു. രാജസ്ഥാനില്‍ നിന്നുള്ള രണ്ട് രാജ്യസഭാ സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് കെ.സി വേണുഗോപാല്‍.

പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കുമെന്ന ഉറച്ചവിശ്വാസമുണ്ടെന്നും ഇക്കാര്യത്തില്‍ ഒരു ആശങ്കയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കെ.സി വേണുഗോപാലിന്റെ പ്രതികരണം.

ജനങ്ങളുടെ ക്ഷേമമല്ല, അധികാരവും സ്വന്തം താല്പര്യ സംരക്ഷണവുമാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ എത്ര പണം വേണമെങ്കിലും ചെലവാക്കാമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയുടെ ഹീനമായ തന്ത്രങ്ങളില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വീഴില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച വേണുഗോപാല്‍ വിജയത്തെക്കുറിച്ച് ഭയപ്പെടാനൊന്നും ഇല്ലെന്നും കൂട്ടിച്ചേര്‍ത്തു.

200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനു മാത്രം 107 എം എല്‍ എമാരുണ്ട്. അതുകൊണ്ടുതന്നെ വിജയത്തെക്കുറിച്ച് തങ്ങള്‍ക്ക് ഭയപ്പെടാനൊന്നുമില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

25 കോടി രൂപയാണ് ബി.ജെ.പി ഒരു കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവര്‍ ഞങ്ങളുടെ എം.എല്‍.എമാരെയും ഞങ്ങളെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എം.എല്‍.എ മാരെയും സമീപിക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നും പക്ഷേ കോണ്‍ഗ്രസ് ക്യാമ്പില്‍ ഒരുതരത്തിലുള്ള വിള്ളലും ഉണ്ടായിട്ടില്ലെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more