| Friday, 17th March 2023, 2:53 pm

നെഹ്‌റുവിന്റെ കുടുംബപ്പേര് ഉപയോഗിക്കുന്നതിൽ നാണക്കേട് എന്തിനെന്ന് മോദി; ഗാന്ധി കുടുംബത്തെ അപകീർത്തിപ്പെടുത്തിയതിന് മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രത്യേകാവകാശ നടപടികൾ ആവശ്യപ്പെട്ട് കെ.സി വേണുഗോപാൽ എം.പി. പാർട്ടി നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ മോദി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇത് സംബന്ധിച്ച് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖറിന് എം.പി കത്തെഴുതിയതായി ട്രിബ്യൂൺ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

പ്രധാനമന്ത്രിയുടെ പ്രസംഗം ഉദ്ധരിച്ചുകൊണ്ടായിരുന്നു കത്ത്. നെഹ്‌റുവിന്റെ പിൻമുറക്കാരാരും നെഹ്‌റുവിന്റെ കുടുംബപ്പേര് ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു മോദിയുടെ പരാമർശം. നെഹ്‌റുവിന്റെ കുടുംബപ്പേര് ഉപയോഗിക്കുന്നതിന് നാണക്കേട് എന്തിനാണെന്നും മോദി ചോദിച്ചിരുന്നു. അടിയന്തരാവസ്ഥ ചട്ടങ്ങൾ മുൻനിർത്തി കോൺഗ്രസ് ഇതര സംസ്ഥാനങ്ങളിലെ സർക്കാരുകളെ അട്ടിമറിക്കാൻ ഇന്ദിരാഗാന്ധി ശ്രമിച്ചിരുന്നുവെന്നും മോദി ആരോപിച്ചിരുന്നു.

കോൺഗ്രസ് സർക്കാരില്ലാത്ത സംസ്ഥാനങ്ങളിലെ ഭരണം അട്ടിമറിക്കാൻ നെഹ്‌റുവും ഗാന്ധിയും ഈ ചട്ടങ്ങൾ കുറഞ്ഞത് 90 തവണ ഉപയോഗിച്ചിട്ടുണ്ടെന്നും ഇന്ദിരാ ഗാന്ധി 50 തവണ നിയമത്തെ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

‘നെഹ്‌റുവിന്റെ പേര് ഒഴിവാക്കിപ്പോയാൽ ആ തെറ്റ് ഞങ്ങൾ തിരുത്തും കാരണം അദ്ദേഹം ഈ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയാണ്. പക്ഷേ നെഹ്‌റുവിന്റെ കുടുംബപ്പേര് നിലനിർത്താൻ അദ്ദേഹത്തിന്റെ വംശത്തിലെ എല്ലാവരും ഭയപ്പെടുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല.

നെഹ്‌റു എന്ന കുടുംബപ്പേരിൽ അത്ര നാണക്കേടുണ്ടോ? അത്തരമൊരു മഹeനായ വ്യക്തിയുടെ പേര് അംഗീകരിക്കാൻ കുടുംബം തയ്യാറായില്ലെങ്കിൽ പിന്നെ മറ്റുള്ളവർ അംഗീകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല,’ എന്നായിരുന്നു മോദി പറഞ്ഞത്.

Content Highlight: KC Venugopal moves privilege motion against PM Modi

We use cookies to give you the best possible experience. Learn more