| Sunday, 4th August 2019, 4:40 pm

പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒരാഴ്ചയ്ക്കകം; കെ.സി വേണുഗോപാല്‍ വര്‍ക്കിങ് പ്രസിഡന്റ്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള പ്രവര്‍ത്തകസമിതി യോഗം ശനിയാഴ്ച ചേരും. കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണു യോഗം വിളിച്ചുചേര്‍ത്തത്.

രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തില്‍ ഇടക്കാല അധ്യക്ഷനെ തെരഞ്ഞെടുക്കലാണു യോഗത്തിന്റെ പ്രധാന അജണ്ട. മാത്രമല്ല, വേണുഗോപാലിനെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ടെന്ന സൂചനകളുള്ളതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിലാണ് വേണുഗോപാല്‍ യോഗം വിളിച്ചുചേര്‍ത്തതെന്നും അഭ്യൂഹമുണ്ട്.

ഇടക്കാല അധ്യക്ഷനു പുറമെയായിരിക്കും വര്‍ക്കിങ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. ഇടക്കാല അധ്യക്ഷന്റെ നേതൃത്വത്തില്‍ ഒരുവര്‍ഷത്തിനകം പുതിയ അധ്യക്ഷനെ നിയമിക്കുക എന്നതും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.

മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുശീല്‍ കുമാര്‍ ഷിന്‍ഡെ, യുവനേതാക്കളായ സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്കു പറഞ്ഞുകേള്‍ക്കുന്നത്.

ഇപ്പോഴത്തെ പ്രവര്‍ത്തക സമിതിയില്‍ അഴിച്ചുപണി വേണമെന്ന് ശശി തരൂര്‍ അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ അത്തരം മാറ്റങ്ങളും ഉണ്ടായേക്കും.

മുന്‍പ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ പേരായിരുന്നു അധ്യക്ഷസ്ഥാനത്തേക്കു സജീവമായി പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ താന്‍ ഈ സ്ഥാനത്തേക്കില്ലെന്ന് പ്രിയങ്ക ആവര്‍ത്തിച്ചുപറഞ്ഞിരുന്നു.

അതേസമയം നെഹ്‌റു കുടുംബത്തിനു പുറത്തുനിന്നൊരാള്‍ അധ്യക്ഷസ്ഥാനത്തേക്കു വരണമെന്നാണ് രാഹുലിന്റെ അഭിപ്രായം.

We use cookies to give you the best possible experience. Learn more