Kerala News
ഖാര്‍ഗെയും രാഹുലും ബെംഗളൂരുവില്‍ അന്തിമോപചാരം അര്‍പ്പിക്കും; അനുശോചനത്തിന് ശേഷം പ്രതിപക്ഷ പാര്‍ട്ടി ചര്‍ച്ച തുടരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 18, 03:58 am
Tuesday, 18th July 2023, 9:28 am

ബെംഗളൂരു: ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ബെംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം മാറ്റിവെക്കില്ലെന്നും അനുശോചനത്തിന് ശേഷം ചര്‍ച്ച തുടരുമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഒരിക്കലും ഉള്‍ക്കൊള്ളാനാകാത്ത വാര്‍ത്തയാണ് ഉമ്മന്‍ ചാണ്ടി നമ്മളോടൊപ്പമില്ലെന്നതെന്ന് കെ.സി. വേണുഗോപാല്‍ ബെംഗളൂരുവില്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാവിലെ 10 മണിയോടെ ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം ബെംഗളൂരുവിലെ കോണ്‍ഗ്രസ് നേതാവായ ജോണിന്റെ വസതിയിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. ഇവിടെ വെച്ച് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവര്‍ അന്തിമോപചാരം അര്‍പ്പിക്കും.

സോണിയ ഗാന്ധിയെ ഇതുവരെയും വിവരം അറിയിച്ചിട്ടില്ല. പരമാവധി നേതാക്കള്‍ ഇന്ന് അവിടെ എത്തിച്ചേരുമെന്നും കെ.സി. വേണുഗോപാല്‍ അറിയിച്ചു.

കെ.പി.സി.സി നേതൃത്വം തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. 11 മണിക്ക് ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ച് കൊണ്ടുള്ള എയര്‍ ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് പോകുമെന്നും വേണുഗോപാല്‍ അറിയിച്ചു.

എയര്‍ ആംബുലന്‍സിലെ മൂന്ന് പേര്‍ക്ക് പുറമെ മറ്റൊരു ചാര്‍ട്ടേര്‍ഡ് വിമാനം കൂടി കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ ആറ് പേര്‍ക്ക് സഞ്ചരിക്കാം.

കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റേയും നെടുംതൂണായ നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും ജനങ്ങളെ ഒപ്പംനിര്‍ത്തി 24 മണിക്കൂറും ജനങ്ങള്‍ക്കായി പോരാടിയ നേതാവായിരുന്നു അദ്ദേഹമെന്നും വേണുഗോപാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ഉണ്ടാക്കുന്ന വിടവ് വിശേഷിപ്പിക്കുവാന്‍ ആകാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: KC venugopal comments about oommen chandy and opposition party meeting