Advertisement
Kerala News
'കേരളത്തിന്റെ രാഷ്ട്രീയം മാറില്ല, ഏപ്രിലില്‍ സംഭവിച്ചത് താത്കാലികം'; കെ.സി. വേണുഗോപാലിനെ പിന്തുണച്ച് പി. രാജീവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Sep 01, 02:13 pm
Sunday, 1st September 2024, 7:43 pm

തിരുവനന്തപുരം: കേരളത്തില്‍ രാഷ്ട്രീയമാറ്റമുണ്ടാകില്ലെന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പരാമര്‍ശത്തെ പിന്തുണച്ച് വ്യവസായ-വാണിജ്യവകുപ്പ് മന്ത്രി പി. രാജീവ്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതാവ് സുരേഷ് ഗോപി തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചതിനെ ഉദ്ധരിച്ചായിരുന്നു കെ.സി. വേണുഗോപാലിന്റെ പരാമര്‍ശം.

‘കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ടുവിഹിതം കൂടിയതും സീറ്റ് ലഭിച്ചതും ലാഘവത്തോടെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനകത്ത് രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ വിഷയങ്ങളുണ്ട്. ഇക്കാര്യങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിലയിരുത്തുന്നുണ്ടാകും എന്നാണ് ഞാന്‍ മനസിലാക്കുന്നത്. എന്നാല്‍ കേരളം രാഷ്ട്രീയമായി മാറിയിട്ടില്ല, മാറുന്ന പ്രശ്‌നവുമില്ല,’ എന്നാണ് കെ.സി. വേണുഗോപാല്‍ പറഞ്ഞത്. മനോരമ കോണ്‍ക്ലേവില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

തുടർന്ന് കെ.സി. വേണുഗോപലിന്റെ പരാമര്‍ശത്തെ താന്‍ പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന് പി. രാജീവ് പറഞ്ഞു. ഏപ്രിലില്‍ ഉണ്ടായത് താത്കാലികമായ പ്രതിഭാസം മാത്രമാണെന്നാണ് മന്ത്രി പറഞ്ഞത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിധി അപ്പോഴത്തെ ഒരു രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറയുകയുണ്ടായി.

തൃശൂരിലെ ജനങ്ങളില്‍ ഇപ്പോള്‍ തന്നെ മാറ്റമുണ്ടായിട്ടുണ്ട്. അത് അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്നും പി. രാജീവ് പറഞ്ഞു. ബി.ജെ.പിയുടെ വോട്ടുവിഹിതം കൂടിയത് ഗൗരവത്തോട് കൂടി തന്നെയാണ് കാണുന്നത്. അതേസമയം ബി.ജെ.പിക്ക് ദേശീയ തലത്തില്‍ ലഭിച്ചിരുന്ന പിന്തുണയ്ക്ക് കുറവുണ്ടാകുന്ന ഒരു സമയമാണ് ഇപ്പോഴത്തേതെന്നും പി. രാജീവ് ചൂണ്ടിക്കാട്ടി.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ മുന്നേറ്റത്തിന് കാരണമായത് സംസ്ഥാന സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വിരോധമാണെന്നും കെ.സി. വേണുഗോപാല്‍ കോണ്‍ക്ലേവില്‍ പറയുകയുണ്ടായി. 2026ല്‍ യു.ഡി.എഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കെ.സി. വേണുഗോപാലിന്റെ പരാമര്‍ശത്തിന് പി. രാജീവ് മറുപടി നല്‍കുകയും ചെയ്തു. തങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്, തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തി തന്നെ മുന്നോട്ടുപോകുമെന്നാണ് അദ്ദേഹം പറഞ്ഞത്.

കേരളത്തില്‍ രണ്ട് അഭിപ്രായമാണെങ്കിലും സംസ്ഥാനം വിട്ടാൽ യു.ഡി.എഫും എല്‍.ഡി.എഫും ഒരുമിച്ചാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു കെ.സി. വേണുഗോപാലിന്റെയും പി. രാജീവിന്റെയും പരാമര്‍ശങ്ങളെ മുന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പ്രതിരോധിച്ചത്.

Content Highlight: KC Venugopal and P.Rajeev against to BJP