തന്റെ നിര്‍ദ്ദേശപ്രകാരമാണ് ലീഗ് പതാക അഴിച്ചുമാറ്റിയതെന്ന് വ്യാജപ്രചരണം; മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് കെ.സി വേണുഗോപാല്‍
Kerala News
തന്റെ നിര്‍ദ്ദേശപ്രകാരമാണ് ലീഗ് പതാക അഴിച്ചുമാറ്റിയതെന്ന് വ്യാജപ്രചരണം; മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് കെ.സി വേണുഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st April 2021, 10:37 pm

കൊച്ചി: വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റോഡ് ഷോയില്‍ മുസ്‌ലിം ലീഗിന്റെ പതാകയ്ക്ക് വിലക്കെന്ന വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി.

താന്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് ലീഗ് പതാക അഴിച്ചുമാറ്റിയതെന്ന വിധത്തില്‍ ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത അസംബന്ധമാണെന്നും ഇതിനെതിരെ എറണാകുളം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായും വേണുഗോപാല്‍ അറിയിച്ചു. തനിക്കെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മലയാളം ചാനലിന് എതിരേയും നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാനന്തവാടിയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന റോഡ് ഷോയിലാണ് ലീഗ് പതാകയ്ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന ആരോപണമുയര്‍ന്നത്.

ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസും ആര്‍.എസ്.എസും തമ്മിലുള്ള ധാരണപ്രകാരമാണ് ലീഗിന്റെ കൊടി അഴിച്ചുമാറ്റിയതെന്ന് വിമര്‍ശിച്ച് സി.പി.ഐ.എമ്മും രംഗത്തെത്തിയിരുന്നു.

കെ.സി വേണുഗോപാല്‍ ഇടപെട്ടാണ് കെട്ടിയ പതാകകളെല്ലാം അഴിച്ചു മാറ്റിയത് എന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.എന്‍ പ്രഭാകരന്‍ ആരോപിച്ചു.

‘ആര്‍.എസ്.എസിന്റെ വോട്ട് ജയലക്ഷ്മിയ്ക്ക് ലഭിക്കണമെങ്കില്‍ മുസ്‌ലിം ലീഗിന്റെ പതാക ഒഴിവാക്കണമെന്ന് ആര്‍.എസ്.എസ് പക്ഷത്തു നിന്നുണ്ടായ സമ്മര്‍ദത്തെ തുടര്‍ന്നാണ് കെ.സി വേണുഗോപാല്‍ ഇടപെട്ട് കെട്ടിയ കൊടിയെല്ലാം അഴിപ്പിച്ചത്. എന്നിട്ട് അതെല്ലാം ഒരു ജീപ്പിനകത്ത് കൂട്ടിയിട്ട് ലീഗുകാര്‍ക്ക് കൊണ്ടു പോകേണ്ട ഗതികേടുണ്ടായി. യൂത്ത് ലീഗ് പ്രവര്‍ത്തകന് വലിയൊരു കൊടി കൊണ്ടുവന്നിട്ട് അതു ചുരുട്ടി വടിയാക്കി മാറ്റി, വടിയും പിടിച്ച് സ്‌കൂട്ടിയിലിരിക്കുന്ന ദയനീയമായ കാഴ്ചയും കണ്ടു. ആത്മാഭിമാനമുള്ള ലീഗുകാര്‍ ഇതില്‍ പ്രതിഷേധിച്ച് പ്രതികാരം ചെയ്യണമെന്നാണ് ഞങ്ങളുടെ അഭിപ്രായം’, എ.എന്‍ പ്രഭാകരന്‍ പറഞ്ഞു.

‘മാനന്തവാടിയില്‍ കൊടി ഒഴിവാക്കിയതിന് എതിരായി പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ബത്തേരിയിലും കല്‍പ്പറ്റയിലും ലീഗിന്റെ കൊടി റോഡ് ഷോയില്‍ ഉപയോഗിച്ചുവെന്നും രാഹുല്‍ഗാന്ധിക്ക് ബത്തേരിയിലും കല്‍പ്പറ്റയിലും ഉപയോഗിക്കാവുന്ന ലീഗിന്റെ കൊടി എന്തുകൊണ്ട് മാനന്തവാടിയില്‍ ഉപയോഗിക്കാന്‍ അനുവദിച്ചില്ല എന്നതിന് കോണ്‍ഗ്രസ് ഉത്തരം നല്‍കണമെന്നും പ്രഭാകരന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: KC Venugopal Aganist Media For Spreading Fake News