മംഗളൂരു: മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതോടെ ഫാസിസത്തിന്റെ യഥാര്‍ത്ഥ രൂപം വെളിപ്പെട്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. ആളുകള്‍ മരിക്കാനിടയാക്കുന്ന ഒരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
‘വെടിവെപ്പിനും പ്രതിഷേധത്തിനുമൊക്കെ നിയമപരമായ അന്വേഷണമാണ് നടക്കേണ്ടത്. അല്ലാതെ, മാധ്യമപ്രവര്‍ത്തകരെ അറസറ്റ് ചെയ്യുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഇത് ഫാസിസത്തിന്റെ ശരിയായ രൂപമാണ്. തങ്ങള്‍ക്കെതിരായ വാര്‍ത്തകളൊന്നും പുറത്തുവരാന്‍ പാടില്ല എന്ന് തീരുമാനിക്കുന്ന, അല്ലെങ്കില്‍ തങ്ങള്‍ക്ക ഇഷ്ടപ്പെടുന്ന വാര്‍ത്തകള്‍ മാത്രമേ പുറത്തുവിടാവൂ എന്ന് ആഗ്രഹിക്കുന്ന ഒരു ഭരണകൂടത്തിന്റെ ഭീകരതയാണിത്’.
‘തങ്ങള്‍ക്കുവേണ്ടി കുഴലൂത്ത് നടത്തുന്ന ചാനലുകള്‍ക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം. എന്നാല്‍ യഥാര്‍ത്ഥ വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരെ രാജ്യദ്രോഹികളാണെന്ന് മുദ്ര കുത്തുക. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടി ഈ രാജ്യത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? ഇതുകൊണ്ടൊന്നും ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ കഴിയില്ല. അത് നിരവധി തവണ തെളിയിച്ചിട്ടുള്ള രാജ്യമാണിത്. മോദിയും അമിത് ഷായും അത് കാണാനിരിക്കുന്നതേയുള്ളു’, കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിഷയമറിഞ്ഞപ്പോള്‍ത്തന്നെ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് പൌരത്വ നിയമത്തിനെതിരെ നടന്ന പ്രതിധേഷധത്തില്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകരെ മംഗളൂരു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ക്യാമറയടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.