കല്‍പറ്റ: വയനാടിനെതിരായ അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. രാജവെമ്പാലയ്ക്ക് പോലും മോദിയുടെ അത്ര വിഷമുണ്ടാകില്ലെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.
അമിത് ഷായ്ക്ക് വയനാടിന്റെ പാരമ്പര്യം അറിയില്ല. എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ ജീവിക്കുന്ന നാടാണ് വയനാട്. ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ ചുട്ട മറുപടി കൊടുക്കും. പാകിസ്ഥാനില്‍ വിളിക്കാത്തിടത്ത് പോയി ചായ കുടിച്ചയാളാണ് മോദി. കോണ്‍ഗ്രസിനെ മോദി രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
രാഹുല്‍ഗാന്ധിയുടെ വയനാട് റാലിയെ പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ യോഗി ആദിത്യനാഥ് വരെയുള്ള ബി.ജെ.പി നേതാക്കള്‍ ഉത്തരേന്ത്യയില്‍ തെറ്റായ രീതിയില്‍ അവതരിപ്പിക്കുന്നതിനിടെയാണ് കെ.സി വേണുഗോപാലിന്റെ മറുപടി.
‘സഖ്യ കക്ഷികള്‍ക്ക് വേണ്ടി ഈ രാഹുല്‍ബാബ കേരളത്തിലേക്ക് പോയി അവിടെ ഒരു സീറ്റില്‍ മത്സരിക്കുകയാണ്. അവിടെ ഒരു ഘോഷയാത്ര നടന്നപ്പോള്‍ ഇന്ത്യയിലാണോ അതോ പാകിസ്ഥാനിലാണോ നടക്കുന്നതെന്ന് തിരിച്ചറിയാനാവില്ല’ എന്നായിരുന്നു അമിത് ഷായുടെ വാക്കുകള്‍.
റാഫേലില്‍ പ്രഥമദൃഷ്ട്യാ അഴിമതി നടന്നിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ സുപ്രീംകോടതി തള്ളിയതോടെ വ്യക്തമായതായി കെ.സി വേണുഗോപാല്‍ പറഞ്ഞു. പധാനമന്ത്രിയുടെ ഓഫിസ് നേരിട്ടാണ് ഇടപാട് നടത്തിയതെന്ന് സുപ്രീംകോടതി ശരിവെച്ചെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.