റായ്പൂര്‍: സോണിയ ഗാന്ധി സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. സോണിയ ഗാന്ധിക്ക് അതിന് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ത്തമാനകാല സാഹചര്യത്തില്‍ സോണിയ ഗാന്ധിയുടെ നേതൃത്വം കോണ്‍ഗ്രസിന് അനിവാര്യമാണെന്നും പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുമ്പോഴും സോണിയ ഗാന്ധിയുടെ നേതൃത്വം ആവശ്യമുണ്ടന്നെും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഭാരത് ജോഡോ യാത്രയോട് കൂടി തന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സോണിയ ഗാന്ധി ശനിയാഴ്ച പറഞ്ഞിരുന്നു. ഈ പ്രസ്തവനയില്‍ മറുപടി നല്‍കുകയായിരുന്നു കെ.സി. വേണുഗോപാല്‍.
റായ്പൂരില്‍ പാര്‍ട്ടിയുടെ ത്രിദിന സമ്മേളനത്തിലെ രണ്ടാം ദിവസം 1500 പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് സോണിയ ഗാന്ധി വിരമിക്കല്‍ സൂചന നല്‍കിയത്. ജോഡോ യാത്ര ഒരു വഴിത്തിരിവായെന്നും ഇന്ത്യയിലെ ജനങ്ങള്‍ ഐക്യവും സഹിഷ്ണുതയും ആഗ്രഹിക്കുന്നുണ്ടെന്നും ഇതിലൂടെ മനസിലായതായി സോണിയ ഗാന്ധി പറഞ്ഞു.
യാത്രക്കായി കഠിനാധ്വാനം ചെയ്ത എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരെയും സോണിയ അഭിനന്ദിച്ചു. യാത്ര വിജയിച്ചതില്‍ രാഹുല്‍ ഗാന്ധിക്ക് പ്രത്യേക നന്ദി പറയുന്നുവെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.
ജനസമ്പര്‍ക്ക പരിപാടികളിലൂടെ കോണ്‍ഗ്രസും ജനങ്ങളും തമ്മിലുള്ള സംവാദത്തിന്റെ പാരമ്പര്യം പുതുക്കിയയെന്നും ജനങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും സോണിയ പറഞ്ഞു.
കോണ്‍ഗ്രസ് വെറുമൊരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും എല്ലാവരുടെയും സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണെന്നും സോണിയ പറഞ്ഞു.
മുന്നോട്ടുള്ള യാത്ര അത്ര എളുപ്പമായിരിക്കില്ലെന്നും പക്ഷേ വിജയം നമ്മുടേതായിരിക്കുമെന്നും സോണിയ സൂചിപ്പിച്ചു.
content highlight: kc venugopal about soniya gandhi