| Sunday, 14th May 2023, 11:57 am

സിദ്ധരാമയ്യയും, ശിവകുമാറും കോണ്‍ഗ്രസിന്റെ വിലപിടിപ്പുള്ള സ്വത്തുക്കള്‍; കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണം അനായാസം: കെ.സി. വേണുഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയാരാണെന്നുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന കോണ്‍ഗ്രസ് സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടിയുടെ മീറ്റിങ്ങിലാണ് അത് തീരുമാനിക്കുന്നതെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരണം അനായാസം നടക്കുമെന്നും അതിന് കോണ്‍ഗ്രസിന് ഒരു രീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘സര്‍ക്കാര്‍ രൂപീകരണം അനായാസം തന്നെ നടക്കും. അതിന് കോണ്‍ഗ്രസിന്റേതായ രീതികളുണ്ട്. ഇന്ന് വൈകുന്നേരം സി.എല്‍.പി മീറ്റിങ് വിളിച്ചിട്ടുണ്ട്. ആ മീറ്റിങ്ങില്‍ അടിയന്തിരമായ നടപടികള്‍ സ്വീകരിക്കും.

എം.എല്‍.എമാരുടെ അഭിപ്രായം ഞങ്ങള്‍ എല്ലാ കാലത്തും ആരായാറുണ്ട്. ഹൈക്കമാന്റിന്റെയും എം.എല്‍.എമാരുടെയും അഭിപ്രായങ്ങള്‍ കൂടിച്ചേര്‍ന്നാണ് തീരുമാനം ഉണ്ടാകാറ്.

തീരുമാനം എങ്ങനെ വരുമെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. സിദ്ധരാമയ്യയും, ഡി.കെ. ശിവകുമാറും കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ വിലപിടിപ്പുള്ള സ്വത്തുക്കളാണ്. അവരെ രണ്ട് പേരെയും ഒരുമിച്ച് കൊണ്ടുപോകേണ്ടത് പാര്‍ട്ടിയുടെ ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമുള്ള കാര്യങ്ങളാണ്,’ അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ എന്താണെന്ന് മനസിലാക്കി എന്നും അതിലൂന്നിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ രണ്ട് കാര്യങ്ങളാണ് നോക്കിയത്. ഒന്ന് സര്‍ക്കാരിന്റെ അഴിമതി സാധാരണക്കാരുടെ മുന്നിലേക്ക് എത്തിക്കുക എന്നതായിരുന്നു. എല്ലാ കാലത്തും അഴിമതി നടക്കാറുണ്ട്. എന്നാല്‍ ഇത് പോലെ അഴിമതി നടത്തിയ സര്‍ക്കാരിനെ കര്‍ണാടക കണ്ടിട്ടില്ല. ആ സര്‍ക്കാരിന് എതിരായി കോണ്‍ഗ്രസ് നടത്തിയ പോരാട്ടം അത് ഉപരിപ്ലമായില്ല. അത് താഴെത്തട്ടിലെത്തി.

40 ശതമാനം കമ്മീഷന്‍ സര്‍ക്കാരാണ് ബി.ജെ.പി എന്ന് കര്‍ണാടകയിലെ ഓരോ ജനത്തിനും അറിയാം. അത് കോണ്‍ഗ്രസിന്റെ ക്യാമ്പയിന്‍ മന്ത്രമായി മാറിയതും ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചുവെന്നതുമാണ് ഒന്നാമത്തെ കാര്യം.

ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കാനുള്ള സര്‍വേകള്‍ ഞങ്ങള്‍ നടത്തിയതാണ് രണ്ടാമത്തെ കാര്യം. അഞ്ചോളം സര്‍വേകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട്. വിലക്കയറ്റം, തൊഴിലില്ലായ്മ, സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ല തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ഇതിലൂടെ മനസിലാക്കി. അതനുസരിച്ച് നമ്മുടെ പ്രകടന പത്രിക ഒരുക്കി. സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഇനി ഇത് തന്നെയാണ് സ്ട്രാറ്റര്‍ജി,’ കെ.സി. വേണുഗോപാല്‍ പറഞ്ഞു.

നരേന്ദ്ര മോദി കര്‍ണാടക തെരഞ്ഞെടുപ്പിനെ ദേശീയ തെരഞ്ഞെടുപ്പാക്കി മാറ്റാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കര്‍ണാടകയില്‍ റീകൗണ്ടിങ്ങിലൂടെ കോണ്‍ഗ്രസ്- 135, ബി.ജെ.പി- 66, ജെ.ഡി.എസ്- 19 എന്നിങ്ങനെ സീറ്റ് നില മാറിയിട്ടുണ്ട്.

CONTENT HIGHLIGHT: KC VENUGOPAL ABOUT SIDHARAMAYYA AND SHIVAKUMAR

We use cookies to give you the best possible experience. Learn more