ഏക സിവില്‍ കോഡിനെതിരെ സി.പി.ഐ.എം നടത്തുന്ന സെമിനാര്‍ ആളെപറ്റിക്കാന്‍: കെ.സി.വേണു ഗോപാല്‍
Kerala News
ഏക സിവില്‍ കോഡിനെതിരെ സി.പി.ഐ.എം നടത്തുന്ന സെമിനാര്‍ ആളെപറ്റിക്കാന്‍: കെ.സി.വേണു ഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th July 2023, 8:56 am

തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ സി.പി.ഐ.എം നടത്തുന്നത് ആളെ പറ്റിക്കുന്ന സെമിനാറാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. മാധ്യമങ്ങള്‍ നല്‍കുന്ന ഹൈപ്പൊന്നും ഈ സെമിനാറിനില്ലെന്നും അദ്ദേഹം റിപ്പോര്‍ട്ടറര്‍ ടി.വിയോട് പറഞ്ഞു.

ബി.ജെ.പി കൊണ്ടുവരാന്‍ ശ്രമിക്കുന്ന നിയമത്തെ തോല്‍പ്പിക്കലല്ല സി.പി.ഐ.എമ്മിന്റെ ലക്ഷ്യമെന്നും അതിന്റെ പേര് പറഞ്ഞ് കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കലാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സ്വയം വ്യക്തതയില്ലാത്ത സി.പി.ഐ.എം മറ്റ് പാര്‍ട്ടികളുടെ വ്യക്തത തേടി അലയുകയാണ് ചെയ്യുന്നത്. സി.പി.ഐ.എമ്മിന്റെ തുടക്കം മുതലുളള നിലപാടെന്തായിരുന്നു. ഇപ്പോഴത്തെ നിലപാട് മനസില്‍ നിന്ന് വന്ന നിലപാടാണോ അതോ തെരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കാനുള്ള നിലപാടാണോ.

മാധ്യമങ്ങള്‍ നല്‍കുന്ന ഹൈപ്പൊന്നും സി.പി.ഐ.എമ്മിന്റെ സെമിനാറിനില്ല. ആത്മാര്‍ത്ഥതയുള്ള പാര്‍ട്ടി ഇത്തരം കാര്യങ്ങള്‍ നടത്തിയാലല്ലേ ഇതിന് കാമ്പുള്ളൂ. ഇത് ആളെ പറ്റിക്കാന്‍ വേണ്ടി നടത്തുന്ന സെമിനാര്‍ അല്ലേ. മുമ്പെടുത്ത നിലപാടിന് വിരുദ്ധമായി അവര്‍ ഇപ്പോള്‍ പറയുന്നു. ഇപ്പോള്‍ അവരതിന്റെ ചാമ്പ്യനാകാന്‍ ശ്രമിക്കുന്നു. അതിലൊന്നും ആത്മാര്‍ത്ഥയില്ല. അതിലൊന്നും ഞങ്ങള്‍ വലിയ കൗതുകം കാണുന്നില്ല.

ബി.ജെ.പി കൊണ്ടുവരാന്‍ ശ്രമിക്കുന്ന നിയമത്തെ തോല്‍പ്പിക്കലല്ല സി.പി.ഐ.എമ്മിന്റെ ലക്ഷ്യം. അതിന്റെ പേര് പറഞ്ഞ് കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കലാണ് അവരുടെ ലക്ഷ്യം,’ അദ്ദേഹം പറഞ്ഞു.

സെമിനാറില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന ലീഗിന്റെ നിലപാട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞ് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ബില്ല് വന്നാല്‍ എടുക്കേണ്ട നയമെന്താണ് കോണ്‍ഗ്രസിന് അറിയാമെന്നും മുമ്പും ഇത്തരത്തില്‍ നയമെടുത്തിട്ടുണ്ടെന്നും ഷഹബാനു കേസിന്റെ ഉദാഹരണം വെച്ച് അദ്ദേഹം പറഞ്ഞു.

മോദി തന്നെ നിയമിച്ച ലോ കമ്മീഷന്‍ പറഞ്ഞത് ഈ ഘട്ടത്തില്‍ ഏകസിവിലിന്റെ ആവശ്യമില്ലെന്നാണെന്നും കോണ്‍ഗ്രസിന്റെ നിലപാട് നേരത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സെമിനാറില്‍ കോണ്‍ഗ്രസിനെ ക്ഷണിക്കാത്തത് ഏക സിവില്‍ കോഡ് വിഷയത്തില്‍ അവര്‍ക്ക് വ്യക്തതയില്ലാത്തത് കൊണ്ടാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു.

content highlights: kc venugopal about cpim seminar