തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ സി.എ.എ നിയമം റദ്ദാക്കുന്നത് ഉള്‍പ്പെടുത്താത്തതില്‍ പ്രതികരണവുമായി കെ.സി. വേണുഗോപാല്‍. സി.എ.എ നിയമവും ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതും പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുത്താതില്‍ മാധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങള്‍ പ്രകടന പത്രികയില്‍ കൃത്യമായി എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടെന്നും അതിനെ പറ്റി എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ ആകാമെന്നും കെ.സി. വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘അതൊന്നും മാനിഫെസ്റ്റോയില്‍ പറയേണ്ട കാര്യമല്ല. രാജ്യത്തെ വിഭജിക്കുന്നതിനായുള്ള എല്ലാ നിയമങ്ങളും റദ്ദാക്കുമെന്ന് പത്രികയില്‍ പറഞ്ഞിട്ടുണ്ട്,’ കെ.സി. വേണുഗോപാല്‍ പറഞ്ഞു.
നിങ്ങള്‍ ആഗ്രഹിക്കുന്നത് തങ്ങളുടെ നാവില്‍ നിന്ന് വരില്ലെന്നും അദ്ദേഹം മാധ്യങ്ങളോട് പറഞ്ഞു. മാനിഫസ്റ്റോയില്‍ പറയുന്ന കാര്യങ്ങളൊന്നും വെറും പ്രസംഗം മാത്രമല്ലെന്നും എന്നാല്‍ നരേന്ദ്ര മോദി അതൊക്കെ പ്രസംഗത്തിന് വേണ്ടി മാത്രം നല്‍കുന്ന വാഗ്ദാനങ്ങള്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. സാധാരണക്കാര്‍ക്കും വനിതകള്‍ക്കും പ്രയോജനമാകുന്ന നിരവധി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും സി.എ.എ വിഷയം പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് ഉൾപ്പെടുത്തിയിരുന്നില്ല.
വിവാദ സി.എ.എ നിയമം റദ്ദാക്കുമെന്ന് പ്രകടന പത്രികയില്‍ പാർട്ടി ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലുെ പത്രിക പുറത്തിറക്കിയപ്പോള്‍ സി.എ.എ നിയമം കോണ്‍ഗ്രസ് പരാമര്‍ശിക്കുക പോലും ചെയ്തില്ല.
Content Highlight: kc venugopal about congress manifesto