| Monday, 23rd December 2019, 11:50 am

'ആ ഒറ്റമൂലി ഫലം ചെയ്യില്ലെന്ന് ബി.ജെ.പി ഇനിയെങ്കിലും തിരിച്ചറിയണം'; ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ.സി വേണുഗോപാല്‍.

ജാര്‍ഖണ്ഡില്‍ ഭരണം പിടിച്ചെടുക്കാനാവുമെന്ന റിപ്പോര്‍ട്ട് തന്നെയായിരുന്നു നേരത്തെ സംസ്ഥാന നേതൃത്വം നല്‍കിയതെന്നും അതിന് അനുസൃതമായിട്ടുള്ള ഫലം തന്നെയാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ സാധ്യതകളും പരിശോധിക്കാന്‍ ആര്‍.പി സിങ്ങിന് ഹൈക്കമാന്‍ഡ് നിര്‍ദേശം കൊടുത്തുകഴിഞ്ഞിട്ടുണ്ട്. അവരുമായി നിരന്തരം സമ്പര്‍ക്കം ചെലുത്തുന്നുണ്ട്. എന്തെങ്കിലും സാഹചര്യം വന്നാല്‍ ചെറുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.സി പറഞ്ഞു.

ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടാണ് ബി.ജെ.പി പൗരത്വഭേദഗതി നിയമം പാസാക്കിയെടുത്തതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”പൗരത്വഭേദഗതി ബില്‍ ഈ പാര്‍ലമെന്റ് സെഷനില്‍ കൊണ്ടുവന്നത് തന്നെ എന്തിന് വേണ്ടിയായിരുന്നു? എല്ലാ പാര്‍ട്ടികളും ഇത് സെലക്ഷന്‍ കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എല്ലാവരുമായി ചര്‍ച്ച നടത്തുകയും ആശങ്കകള്‍ പരിഹരിക്കണമെന്നും പറഞ്ഞെങ്കിലും അത് പറ്റില്ല ഇപ്പോള്‍ തന്നെ പാസ്സാക്കണമെന്ന് അവര്‍ പറഞ്ഞു. അതിന് പിന്നിലെ ഉദ്ദേശം ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പായിരുന്നു. അത് നമുക്കെല്ലാം മനസിലായതാണ്.

വസ്ത്രം നോക്കി സമരക്കാരെ തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞത് ജാര്‍ഖണ്ഡില്‍ വെച്ചായിരുന്നു. അമിത് ഷായുടെ പ്രസംഗം നമ്മള്‍ കണ്ടതാണ്. ജനങ്ങളെ വിഭജിക്കുന്ന രീതിയിലുള്ള പ്രസംഗങ്ങളായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ എല്ലാ നേതാക്കന്‍മാരും നടത്തിയത്.

ജാര്‍ഖണ്ഡില്‍ ഇത്രയേറെ സ്വാധീനമുണ്ടായിട്ടും ബി.ജെ.പി അവിടെ ധ്രുവീകരണത്തിന് സാധിച്ചില്ല എന്നുണ്ടെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം അതൊരു നല്ല സൂചനയായിട്ടാണ് കാണുന്നത്.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ 370 കൊണ്ടുവന്നത് ഹരിയാന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് മുന്‍പായിരുന്നു. അന്നും ഒരു രാത്രികൊണ്ടാണ് കശ്മീരിനെ വിഭജിക്കുന്ന ബില്‍ അവര്‍ പാസ്സാക്കിയത്. അതുമൊരു ചര്‍ച്ചയുമില്ലാതെ. എല്ലാ മാനദണ്ഡങ്ങളേയും മറികടന്ന്.
എന്നിട്ട് അവര്‍ പ്രതീക്ഷിച്ച വിജയം അവര്‍ക്ക് ഹരിയാനയില്‍ ലഭിച്ചോ? ഇല്ല. മഹാരാഷ്ട്രയിലും ആ വിജയം ഉണ്ടായില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജനങ്ങള്‍ എല്ലാ കാലത്തും ഇതിന്റെ പിന്നാലെ പോകില്ല എന്നതിന്റെ തെളിവ് കൂടിയാണ് ഇത്. ജനങ്ങളെ സംബന്ധിച്ച് അവരുടെ ജീവിതപ്രശ്‌നങ്ങളാണ് വലുത്.

ചെറുപ്പക്കാര്‍ക്കെല്ലാം തൊഴില്‍ നഷ്ടമാകുന്നു. കൃഷിക്കാര്‍ ആത്മഹത്യയിലേക്ക് പോകുന്നു. നാട്ടില്‍ വിലക്കയറ്റം അതിരൂക്ഷമാകുന്നു. സാമ്പത്തിക രംഗം കൂപ്പുകുത്തിയിരിക്കുന്നു. സര്‍ക്കാരിന് ഇതിനെയെല്ലാം മറികടക്കാന്‍ ഒറ്റമൂലിയാണ് ഉള്ളത്. ഇത്തരം നിയമങ്ങളിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കുക, അവരെ തമ്മിലടിപ്പിക്കുക. അവര്‍ക്കിടയില്‍ ധ്രുവീകരണം ഉണ്ടാക്കുക. ഇത് ജനങ്ങള്‍ മനസിലാക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ സൂചനയാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍. അത് ബി.ജെ.പി മനസിലാക്കണം”- കെ.സി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് മുക്ത ഭാരതം എന്നാണ് അവര്‍ പറഞ്ഞത്. അത് സംഭവിക്കില്ല. ഭാരത് ബച്ചാവോ റാലി നിങ്ങള്‍ കണ്ടതാണ്. സര്‍ക്കാരിനെതിരായ വലിയ വികാരം നിങ്ങള്‍ കണ്ടതാണ്. അതിനെയെല്ലാം മുന്നില്‍ നിന്ന് നയിക്കുന്നത് കോണ്‍ഗ്രസ് തന്നയാണ്.

നിലനില്‍പ്പിന് വേണ്ടിയുള്ള സമരമാണ് നടന്നത്. സമരത്തെ അടിച്ചമര്‍ത്തുന്ന പൊലീസിനെ ന്യായീകരിക്കുന്ന പ്രസംഗമല്ലേ ഇന്നലെ പ്രധാനമന്ത്രി നടത്തിയത്? ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. പൗരത്വ ബില്ല് ഭരണഘടനക്ക് എതിരായ നിയമമാണ്. ആ സമരം തുടരും. ഇത്തരം വിജയങ്ങള്‍ അത്തരം സമരത്തിന് ആവേശം പകരുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more