| Monday, 30th December 2019, 5:30 pm

നിങ്ങളെയും അവര്‍ അലനും താഹയുമാക്കും

കെ.സി ഉമേഷ് ബാബു

കഴിഞ്ഞ നവംബര്‍ 5ന് കേരള ചീഫ് സെക്രട്ടറി ടോം ജോസിന്റെ ഒരു ലേഖനം ടൈംസ് ഓഫ് ഇന്ത്യയില്‍ വന്നിരുന്നു. അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ മാവോവാദികള്‍ വധിക്കപ്പെട്ടതായിരുന്നു പ്രമേയം. അന്നുതന്നെ ഹിന്ദു പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍മാരില്‍ ഏറ്റവും പ്രമുഖനും പണ്ഡിതന്‍മാരില്‍ ഒരാളുമായ എം.എ ഉമ്മന്‍ സാറിന്റെ ഒരു ലേഖനവും വന്നിരുന്നു. ‘കേരളാസ് മോഡേണിറ്റി ആന്റ് ഇറ്റ്സ് ഡിസ്‌കണ്ടന്റ്സ്’ എന്നതായിരുന്നു ലേഖനം. കേരളം ഒരു സത്യാനന്തര സമൂഹമായി മാറി എന്നാണ് ആ ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നത്.

നവോത്ഥാനകാലം മുതല്‍ കേരളം ഒരു യുക്തിവല്‍കൃത സമൂഹമായിരുന്നു. എന്നാല്‍ ആ പാരമ്പര്യം പൂര്‍ണമായി നഷ്ടപ്പെട്ട് കേരളം ഒരു സത്യാനന്തര സമൂഹമായി മാറിയിരിക്കുന്നു. അതിന്റെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് ടെലിവിഷനുകളില്‍ നടക്കുന്ന ചര്‍ച്ചകളാണ്. അത് കേട്ടാല്‍ നമ്മുടേത് ഒരു സത്യാനന്തര സമൂഹമാണെന്ന് മനസ്സിലാവും. റീസണ്‍ അഥവാ യുക്തി എന്ന് നാം പതിനാറാം നൂറ്റാണ്ടില്‍ കേട്ടിട്ടുള്ള ഒരു കാര്യമല്ല, ഇപ്പോള്‍ നമ്മുടെ സമൂഹത്തെ നയിക്കുന്നത്. അതിനു പകരം കേവലമായ താര്‍ക്കികത(ലോജിക്)യാണ് നമ്മെ നയിക്കുന്നത്.

എം.എ ഉമ്മന്‍

സോഷ്യല്‍ മീഡിയയെ നയിക്കുന്നതും കേവല താര്‍ക്കികതയാണ്. നമുക്ക് എന്തിനെ കുറിച്ചും തര്‍ക്കിക്കാം. വാസ്തവത്തില്‍ നവോത്ഥാനം, പ്രബുദ്ധതയുടെ യുഗം ഉണ്ടാക്കിത്തീര്‍ത്തിട്ടുള്ള റീസണ്‍ അഥവാ യുക്തിക്ക് ഇപ്പോഴത്തെ താര്‍ക്കികതയുമായി ഒരുപാട് വ്യത്യാസമുണ്ട്. അതുകൊണ്ടാണ് പലപ്പോഴും പിണറായി വിജയനെപ്പോലുള്ള, നരേന്ദ്രമോദിയെപ്പോലെയുള്ള അങ്ങേയറ്റത്തെ വലതുപക്ഷ സ്വേച്ഛാധികാരങ്ങള്‍ക്ക് കേരളത്തെ വലിയൊരളവില്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നത്.

ഉദാഹരണത്തിന് താഹയുടെയും അലന്റെയും അറസ്റ്റ് നോക്കുക. എന്തുകൊണ്ടാണ് അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്? അതില്‍ ആദ്യത്തെ പ്രശ്നം മാവോയിസ്റ്റ് കൂട്ടക്കൊലയാണ്. മാവോയിസ്റ്റ് കൂട്ടക്കൊലയെ സാധൂകരിക്കാന്‍ വേണ്ടിയാണ് ഈ കുട്ടികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭരണകൂടം പറയുന്നത് നാട്ടില്‍ വലിയ കുഴപ്പങ്ങളാണ്, നാടുമുഴുവന്‍ മാവോയിസ്റ്റുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കാട്ടിലും പൊതുസമൂഹത്തിലുമൊക്കെ മാവോയിസ്റ്റുകളുണ്ട് എന്നൊരു യുക്തിയുടെ പുറത്താണ് മാവോയിസ്റ്റുകളെ ലിക്വിഡേറ്റ് ചെയ്യുന്നത്. ലിക്വിഡേറ്റ് ചെയ്യുന്നതിനെ സാധൂകരിക്കാന്‍ (ലെജിറ്റിമൈസ്) വേണ്ടിയാണ് അറസ്റ്റ്. അറസ്റ്റ് ചെയ്യുന്നവര്‍ മാവോയിസ്റ്റ് ആദര്‍ശങ്ങളുമായി വിദൂരമായ ബന്ധമുള്ളവരോ ഇല്ലാത്തവരോ ആയിരിക്കാം. അത് നമുക്കറിഞ്ഞുകൂടാ. അതും സത്യാനന്തര കാലത്ത് ഏറ്റവും പ്രധാന ചോദ്യമാണ്. ഭരണകൂടം ഉണ്ടാക്കിത്തീര്‍ക്കുന്ന താര്‍ക്കികതയ്ക്ക്, നവോത്ഥാനത്തിന്റെ ചരിത്രയുഗം ഉണ്ടാക്കിയെടുത്ത യുക്തിയുമായി ഒരു ബന്ധവുമില്ല. അവര്‍ ഓരോ ദിവസത്തേക്കും ആവശ്യമായ താര്‍ക്കിക യുക്തികളാണ് ഉണ്ടാക്കുക.

അലനും താഹയും

ഈ യുക്തികളുടെ പുറത്താണ് ഇങ്ങനെ ഒരു സംഗതി ഉണ്ടാവുന്നത്. നാട്ടില്‍ വ്യാപകമായി മാവോയിസ്റ്റുകള്‍ ഉണ്ടെന്നും സി.പി.എമ്മിന് അകത്തുപോലുമുണ്ട് എന്നും വരുത്തിത്തീര്‍ത്ത് മാവോയിസ്റ്റ് വേട്ടയെ ന്യായീകരിക്കുന്നു. കൊലപാതകങ്ങളെ ന്യായീകരിക്കുന്ന ഒരു പ്രക്രിയയാണ് നടക്കുന്നത്. ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ നമുക്ക് അതിനെതിരേ പ്രതിരോധം കെട്ടിപ്പടുക്കാനാവില്ല. കാരണം നുണകളെ സ്ഥാപിക്കാന്‍ പറ്റും. ഇത് ഇപ്പോള്‍ മാത്രം നടക്കുന്ന കാര്യമല്ല.

ഹിറ്റ്ലറുടെ കാലം മുതല്‍, ക്ലാസിക്കല്‍ ഫാഷിസത്തിന്റെ കാലം മുതല്‍ ലോകം മനസ്സിലാക്കിയിട്ടുള്ള കാര്യമാണ്. നുണകളുടെ കൂടെ വലിയ പ്രസ്ഥാനങ്ങളെ കൊണ്ടുപോവാന്‍ കഴിയും. കുട്ടികളുടെ അറസ്റ്റിന് ശേഷം ശ്രദ്ധിച്ചുനോക്കിയാല്‍ കാണുന്ന ഒരു കാര്യം ആദ്യഘട്ടത്തിലുള്ള പ്രതിഷേധം ഇപ്പോഴില്ല. അത് തണുത്തുകൊണ്ടിരിക്കുന്നു. സിപിഎം നേതാക്കള്‍ അവരുടെ സംഘടനാ സമ്മര്‍ദ്ദം കൊണ്ട് കൈയൊഴിയുന്നുണ്ടാവും. പക്ഷേ, പൊതുസമൂഹത്തില്‍ നിന്നുള്ള എതിര്‍പ്പ് ‘ഇവര്‍ മാവോയിസ്റ്റുകളാണെങ്കിലോ…’ എന്നിടത്തേക്ക് എത്തിയിട്ടുണ്ട്.

ആധുനിക ഭരണകൂടങ്ങള്‍ എല്ലാ കാര്യങ്ങളെയും അര്‍ധോക്തിയില്‍ നിര്‍ത്തുകയാണ് ചെയ്യുന്നത്. ഇവര്‍ മാവോയിസ്റ്റുകളാണെങ്കിലോ…എന്ന തരത്തിലുള്ള താര്‍ക്കികത ഉണ്ടാക്കിക്കഴിഞ്ഞാല്‍ തന്നെ ഭരണകൂടം വിജയിച്ചു. എന്നാല്‍, നവോത്ഥാനത്തിന്റെ യുക്തിയാണെങ്കില്‍ അവിടെ നിന്ന് മുന്നോട്ടുപോവും. ‘ഇവര്‍ മാവോയിസ്റ്റുകള്‍ ആണെങ്കില്‍ തന്നെ എന്താ…?’ അങ്ങനെയൊരു ചോദ്യം വരും. അത്തരം ചോദ്യങ്ങള്‍ നേര്‍ത്ത് നേര്‍ത്ത് വരികയാണ്. ഇതാണ് രണ്ടു പതിറ്റാണ്ടായി കേരളം നേരിടുന്ന പ്രശ്നം. ഉമ്മന്‍ സാര്‍ ചൂണ്ടിക്കാണിക്കുന്നതും ഈ പ്രശ്നമാണ്.

പിണറായി വിജയന്‍

രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തനങ്ങളെ കുറിച്ച് വളരെ സമഗ്രമായ ഒരു സമീപനത്തിനകത്തു നില്‍ക്കാന്‍ സമൂഹത്തിനു പറ്റുന്നില്ല. 2018ല്‍ ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കുശേഷം കേരളത്തിലെ സിവില്‍ സൊസൈറ്റിക്ക് സംഭവിച്ച എല്ലാ പരിണാമവും ഇതിനെയാണ് ഉദാഹരിച്ചതെന്ന് വിചാരിക്കുന്ന ഒരാളാണ് ഞാന്‍. കേരളം ഒരു സത്യാനന്തര സമൂഹമാവുകയും ഓരോ ദിവസത്തെ താര്‍ക്കികതയ്ക്കപ്പുറം സമഗ്രമായ ഒരു യുക്തി പ്രയോഗിക്കാന്‍ കഴിയാതെ തകരുന്ന ദൃശ്യമാണ് കാണുന്നത്.

സ്ത്രീവാദികളും നവോത്ഥാന വാദികളുമായിരുന്നാലും ശബരിമല യുവതീപ്രവേശനത്തെ എതിര്‍ത്ത ബിജെപിയായിരുന്നാലും ഈ രണ്ട് സംഘങ്ങളും ചേര്‍ന്ന്, ഒന്ന് പ്രതിലോമ ശക്തിയാണെന്നും മറ്റൊന്ന് പുരോഗമന ശക്തിയാണെന്നുമുള്ള നിലയില്‍ രണ്ട് പാളയങ്ങളായി പിരിഞ്ഞെങ്കിലും, ഇരുവരും ചേര്‍ന്ന് വാസ്തവത്തില്‍ ഭരണകൂടത്തിന്റെ താര്‍ക്കികതയെ സാധൂകരിക്കുന്ന പണിയിലാണ് ഏര്‍പ്പെട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളത്തെ ഒരു സത്യാനന്തര സമൂഹമെന്ന നിലയിലേക്ക് തള്ളിവിടുന്ന, സമീപകാല കേരളത്തില്‍ നേരിട്ട വലിയൊരു തിരിച്ചടിയായിരുന്നു. കാരണം പ്രബുദ്ധതയുടെ യുക്തിയാണ് സ്വീകരിക്കുന്നതെങ്കില്‍ രണ്ട് നിലപാടുകളുടെയും അപ്പുറത്തുള്ള ഒന്നാണ് സ്വീകരിക്കേണ്ടിയിരുന്നത്. ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം അമ്പലത്തിലേക്ക് പോവുക എന്നതല്ല, അമ്പലത്തിലേക്ക് പോവാതിരിക്കുക എന്നതാണ് നവോത്ഥാനം. വളരെ നിസ്സാരവും സരളവുമായ ഈ സത്യം ആരും മനസ്സിലാക്കിയില്ല.

അമ്പലത്തില്‍ സ്ത്രീകള്‍ കൂടി പോവുക എന്നതല്ല ആരും പോവാതിരിക്കുന്നതാണ് നവോത്ഥാനം. ഇതാണ് കേരളത്തിന്റെ നവോത്ഥാന ചരിത്രം പഠിപ്പിക്കാന്‍ ശ്രമിച്ചത്. അത് നിലനിര്‍ത്താന്‍ നമുക്ക് പറ്റിയില്ല. അങ്ങനെയൊരു സാമൂഹ്യയുക്തി പൊതുമണ്ഡലത്തില്‍ നിലനിര്‍ത്തുന്നതില്‍ കേരളം ഒരു സമൂഹമെന്ന നിലയില്‍ പരാജയപ്പെട്ടു. അതൊരു ചെറിയ പരാജയമല്ല. അതിന്റെയൊരു തുടര്‍ച്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കാരണം ഭരണകൂടം ഡിക്ടേറ്റ് ചെയ്യുന്ന ലോജിക്കുകളുടെ പിറകെ പുറപ്പെട്ടാല്‍ പുരോഗമന രാഷ്ട്രീയം ഡിലെജിറ്റിമൈസ് ചെയ്യപ്പെടും.

മാവോയിസ്റ്റ് കൂട്ടക്കൊലയുടെ കാര്യത്തില്‍ സുപ്രിം കോടതിയുടെ ഏതെങ്കിലും മാര്‍ഗരേഖ പാലിച്ചിട്ടുണ്ടോ? ശബരിമല വിധി വരുന്നത് ഒരു വര്‍ഷം മുമ്പാണ്. കേരളത്തിലെ ആദ്യ മാവോയിസ്റ്റ് വ്യാജഏറ്റുമുട്ടല്‍ കൊല നടക്കുന്നത് 2016ലാണ്. അതിനും രണ്ട് വര്‍ഷം മുമ്പാണ്. ഭരണകൂട താര്‍ക്കികതയുടെ അടിയില്‍ പോയി കേരളത്തിലെ എല്ലാ പുരോഗമനവാദികളും ഒപ്പിട്ടു കൊടുത്തിടത്താണ് ഇത്തരം കാര്യങ്ങളിലേക്ക് നീങ്ങാനുള്ള ആത്മവിശ്വാസം പിണറായി വിജയന്‍ സര്‍ക്കാരിന് ഉണ്ടായതെന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ക്ക് എന്തും ചെയ്തിട്ടും ചെയ്യുന്ന കാര്യങ്ങളുടെ പിറകെ ഒരു ന്യായീകരണം ഉണ്ടാക്കിത്തീര്‍ത്ത് പരിക്കേല്‍ക്കാതെ നില്‍ക്കാം എന്ന് വന്നിട്ടുണ്ട്.

അവര്‍ ഉപതെരഞ്ഞെടുപ്പിന് ജയിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞിട്ടുള്ള ഒരു പ്രധാന കാര്യമുണ്ട്. 91 സീറ്റുമായിട്ടാണ് ഞങ്ങള്‍ അധികാരത്തില്‍ വന്നത്. ഇപ്പോള്‍ 93 സീറ്റുണ്ട്. ഇത്രമേല്‍ മര്‍ദ്ദകമായ നയങ്ങളും നടപടികളും ഇത്രമേല്‍ ആഗോളവല്‍ക്കരണ നയങ്ങളും സ്വീകരിച്ച് നടപ്പാക്കുന്ന ഒരു സര്‍ക്കാര്‍, കോര്‍പറേറ്റ് കാപ്പറ്റിലിസത്തിന്റെ പാദദാസന്‍മാരുടെ ഒരു സര്‍ക്കാര്‍, കേരളചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ഇങ്ങനെയുള്ള താര്‍ക്കികതകള്‍ കെട്ടിപ്പടുത്തും പ്രക്ഷേപിച്ചുമാണ് അവര്‍ മുന്നോട്ടുപോയത്. അതിന്റെ പുതിയ ഘട്ടമായിട്ടാണ് ഞാനിതിനെ കാണുന്നത്.

ഇപ്പോള്‍ രണ്ട് കുട്ടികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു മൂന്നാമന്‍ ഉണ്ടെന്ന് പറയുന്നുണ്ട്. ഭരണകൂടത്തിന്റെ ഒരു സൗകര്യം അവര്‍ക്കൊരു മൂന്നാമനെയോ മുപ്പതാമനെയോ ഏത് സമയത്തും ഉണ്ടാക്കാവുന്നതേയുള്ളൂ എന്നതാണ്. പുതിയകാല ഭരണകൂടങ്ങളെ ഡീപ് സ്റ്റേറ്റ് എന്ന് എല്ലാവും പൊതുവെ പറയാറുണ്ട്. പോലിസ് രാജ് ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. 1948ലെ പോലിസ് അടിച്ചമര്‍ത്തലുകളെ കുറിച്ച് ഇടതുപക്ഷക്കാരും കമ്യൂണിസ്റ്റുകാരുമൊക്കെ പറയാറുണ്ട്. പക്ഷേ, 1948ല്‍ ഒരു ഡീപ് സ്റ്റേറ്റ് ഉണ്ടായിട്ടേയില്ല.

ഡീപ് സ്റ്റേറ്റിന്റെ കാര്യത്തില്‍ കേരളം, ഇന്ത്യയിലെ മറ്റ് ഏത് സംസ്ഥാനത്തേക്കാളും ഭീകരമാണ്. നാം പിന്തുടരപ്പെടുന്നു അല്ലെങ്കില്‍ നമ്മുടെ മേല്‍ ചാരവൃത്തി നടത്തപ്പെടുന്നുവെന്നതാണ്. ഇന്ത്യയിലെ സൈബര്‍ഡോം എന്നുപറയുന്നത് നിലവിലുള്ള എല്ലാ ഭരണഘടനാ തത്ത്വങ്ങള്‍ക്കുമെതിരായ, എല്ലാ നിയമങ്ങള്‍ക്കുമെതിരായ ഐപിസിയിലേയും സിആര്‍പിസിയിലെയും ടെലികോം ആക്ടിലെയും എല്ലാ നിയമങ്ങള്‍ക്കുമെതിരായ സംവിധാനമാണ്. എന്റെയും നിങ്ങളുടെയും ടെലിഫോണുകള്‍ ചോര്‍ത്തണമെങ്കില്‍, നമ്മള്‍ ഒരു സംശയാസ്പദമായ വ്യക്തിത്വമാണ് എന്ന് തീരുമാനിക്കുന്ന പ്രോസസ്സിലൂടെ കടന്നുപോയിട്ടുണ്ടാവണം.

സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ആരുടെയും ഫോണുകള്‍ ചോര്‍ത്താന്‍ പറ്റൂ. നാം ഇപ്പോള്‍ മനസ്സിലാക്കുന്ന കാര്യം, പ്രത്യേകിച്ചും പോലിസ് കോടതിയില്‍ കൊടുത്ത വിവരമനുസരിച്ച് 14 വയസ്സുള്ള കുട്ടികള്‍ പോലും പിന്തുടരപ്പെടുന്നുണ്ട് എന്നതാണ്. ഇസ്രായേലി ചാര സോഫ്റ്റ് വെയറായ പെഗാസസ് വാട്സ് ആപ്പില്‍ നുഴഞ്ഞുകയറി 120 ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തി എന്നാണ് പറയുന്നത്. ഈ ഗവണ്‍മെന്റ് വന്നതിനു ശേഷം ചോര്‍ത്തപ്പെടുന്നത് 120 പേരൊന്നുമല്ല. ഉത്തരേന്ത്യയില്‍ സംഘപരിവാരിന്റെ ഫാഷിസത്തെ കുറിച്ച് പറയുന്നുണ്ട്.


അതില്‍ തര്‍ക്കമൊന്നുമില്ല, സംഘപരിവാരം ഫാഷിസ്റ്റ് മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റിന്റെ വക്താക്കളാണ്. പക്ഷേ, ഒരു ഫാഷിസവുമല്ലെന്നുപറയുന്ന, അങ്ങേയറ്റത്തെ പുരോഗമനവാദികള്‍ എന്ന് ഒരു കൊല്ലം മുമ്പ് ഒരൊറ്റത്ത് നക്സലൈറ്റുകളും മറ്റേ അറ്റത്ത് സിപിഎംകാരും പറഞ്ഞുനടന്ന പിണറായി വിജയന്റെ സര്‍ക്കാര് 120 ആളുകളെയല്ല, അഞ്ഞൂറിലധികം ആളുകളെയാണ് പിന്തുടരുന്നത്. അവരുടെ ഫോണുകള്‍ ചോര്‍ത്തുകയും സന്ദേശങ്ങള്‍ ചോര്‍ത്തുകയുമൊക്കെ ചെയ്യുകയാണ്.

തെളിവുകളൊന്നുമില്ലെങ്കിലും ഇത്തരം ചാരവൃത്തിനടത്തുന്ന, ഡീപ് സ്റ്റേറ്റ് സംവിധാനം ഒരുനാട്ടിലെ പോലിസിനുണ്ടെങ്കില്‍ അവരുടെ കൈയില്‍ പെഗാസസ് സോഫ്റ്റ്വെയറും ഉണ്ടാവും. അതുകൊണ്ടാണ് അവര്‍ക്ക് ഇത്രയും സ്വകാര്യവിവരങ്ങള്‍ ലഭ്യമാവുന്നത്. നാം വളരെ പുരോഗമനപരമാണ് എന്ന് പറയുന്ന കേരളീയ സമൂഹം മറ്റ് ഏത് സംസ്ഥാനത്തേക്കാളും ഡീപ് സ്റ്റേറ്റായി മാറിത്തീര്‍ന്നിരിക്കുന്നു. നാമെല്ലാം പിന്തുടരപ്പെടുന്നുണ്ട്, നിരീക്ഷിക്കപ്പെടുന്നുണ്ട്.

സോഷ്യല്‍ മീഡിയയിലെ ഒരു പ്രധാന താര്‍ക്കികത ശത്രുവും മിത്രവും എന്നതാണ്. ലൈക്ക് അല്ലെങ്കില്‍ ഡിസ് ലൈക്ക് മാത്രമേ പറ്റുകയുള്ളൂ. അത് നവോത്ഥാനത്തിന്റെ യുക്തിയേയല്ല. നവോത്ഥാനത്തില്‍ അങ്ങനെയൊരു സംഗതിയില്ല. അത് ലൈക്കിന്റെയും ഡിസ്ലൈക്കിന്റെയും ലോകമല്ല. ലൈക്കിന്റെയും ഡിസ് ലൈക്കിന്റെയും ലോകം മുതലാളിത്തപൂര്‍വ വ്യവസ്ഥയുടെ യുക്തിസമ്പ്രദായങ്ങളാണ്. സ്തുതി-നിന്ദാ സമ്പ്രദായം. ഇഷ്ടപ്പെടുക, എതിര്‍ക്കുക അങ്ങനെയൊരു സ്ഥലത്തേക്ക് സമൂഹം മൊത്തം നീങ്ങുകയാണ്. അതുകൊണ്ടാണ് കേരളത്തിലെ മാവോയിസ്റ്റ് കൂട്ടക്കൊലകള്‍ മൂന്നാവര്‍ത്തി ഉണ്ടായിട്ടും ഒന്നും സംഭവിക്കാതിരിക്കുന്നത്.

ഉത്തരേന്ത്യയില്‍ മാവോയിസ്റ്റ് പ്രസ്ഥാനം ശക്തമായ പ്രദേശങ്ങളില്‍, ഉദാഹരണത്തിന് ജാര്‍ഖണ്ഡ്, ഛത്തിസ്ഗഢ്, പശ്ചിമബംഗാള്‍… ഇങ്ങനെയുള്ള പ്രദേശങ്ങളില്‍ നാം കണ്ടിട്ടുള്ളത് എന്താണ്? കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നക്സലൈറ്റുകളും മാവോയിസ്റ്റുകളുമായ വ്യക്തികള്‍ക്കെതിരായി വലിയ തോതില്‍ ഭരണകൂട മര്‍ദ്ദനമുണ്ടായപ്പോള്‍ സമൂഹത്തിലെ ശക്തമായ ഒരു വിഭാഗത്തിന്റെ പ്രതിരോധമുണ്ടായി, പ്രതിഷേധമുണ്ടായി. അവര്‍ക്ക് നിയമസഹായം നല്‍കാനുള്ള പൗരസംവിധാനങ്ങളും ഉണ്ടായിട്ടുണ്ട്.

അതിന്റെ ഭാഗമായാണ് കണ്ണബീരാനെപ്പോലെയും കെ ബാലഗോപാലിനെയും പോലെയുമുള്ള നിരവധി വ്യക്തിത്വങ്ങള്‍ ഉയര്‍ന്നുവന്നത്. മാവോയിസ്റ്റുകള്‍ ഏറ്റവും വലിയ ഭീകരവാദികളാണ് എന്നാണ് കേരളത്തില്‍ കേള്‍ക്കുന്ന പ്രചാരണം. മറ്റു സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ക്കെതിരേ ഭരണകൂടം വലിയതോതില്‍ മര്‍ദ്ദനം അഴിച്ചുവിടുമ്പോള്‍ അതിനെതിരേ ജനാധിപത്യവാദികളുടെ ഭാഗത്തുനിന്ന് നിരവധി ഇടപെടലുകള്‍ ഉണ്ടാവുന്നുണ്ട്. പലപ്പോഴും നാം വിചാരിക്കും സിപിഎം ഭരിക്കുന്നതുകൊണ്ടാണ് കേരളത്തില്‍ അത് ഉണ്ടാവാതെ പോവുന്നതെന്ന്.

കെ.ജി കണ്ണബീരാന്‍

ബംഗാളിലേക്ക് നോക്കു, അവിടെ 2008-11 കാലത്താണ് ലാല്‍ഗഡിലെ ജനകീയ കലാപം ഉണ്ടാവുന്നത്. പശ്ചിമ മേദ്നിപൂര്‍, ബംഗൂറ, പുരുലിയ തുടങ്ങി മൂന്ന് ജില്ലകളിലെ നാല് പോലിസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ആയിരം ചതുരശ്ര കി. മീറ്റര്‍ വരുന്ന ലാല്‍ഗഡ് മേഖലയിലാണ് വലിയ കലാപം ഉണ്ടാവുന്നത്. ആദ്യം 2008ല്‍ ചെറിയ തോതില്‍ തുടങ്ങിയ കലാപം 2009, 2010, 2011 നവംബറോടെ അടിച്ചമര്‍ത്തപ്പെടുകയായിരുന്നു. അവിടെ മാവോയിസ്റ്റുകളും സ്റ്റേറ്റും തമ്മിലുള്ള കലാപം മാത്രമല്ല നടന്നത്. മാവോയിസ്റ്റുകളെ നേരിടുന്നതിനായി സിപിഎം ഹര്‍മത് വാഹിനി എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചിരുന്നു. ഇതൊന്നും കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. സായുധ പരിശീലനം നേടിയിട്ടുള്ള ആളുകള്‍ മോട്ടോര്‍ ബൈക്കുകളില്‍ സഞ്ചരിക്കുകയും തോക്കുകള്‍ ഉപയോഗിക്കുകയും ചെയ്യുന്ന വോളന്റിയര്‍മാരുടെ ഒരു സംഘമാണ് ഹര്‍മത് വാഹിനി.

കെ ബാലഗോപാല്‍

അക്കാലത്ത് മാവോയിസ്റ്റുകളും ഹര്‍മത് വാഹിനിയും മാവോയിസ്റ്റുകളും സിആര്‍പിഎഫും തമ്മില്‍ എത്രയോ ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്. എത്രയോ കൊലപാതകങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് ആ പ്രവര്‍ത്തനത്തില്‍ സ്റ്റേറ്റിന് അങ്ങനെ ചെയ്യാന്‍ അവകാശമില്ല, ഹര്‍മത്വാഹിനിക്ക് അങ്ങനെ ചെയ്യാനുള്ള അവകാശമില്ല, എന്നതിന്റെ പേരില്‍ വലിയ ബഹുജന പ്രതിരോധം സിവില്‍ സൊസൈറ്റിയില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. വലിയ ബുദ്ധിജീവികള്‍ ഇതിനെതിരേ നിലപാടെടുത്തിരുന്നു. മമതാബാനര്‍ജിയുടെ പാര്‍ട്ടി പിന്നീട് നാം മനസ്സിലാക്കുന്നത് പോലെ പ്രതിപക്ഷരാഷ്ട്രീയ കക്ഷി എന്ന നിലയില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്. കേരളത്തില്‍ നാം കാണുന്നതുപോലെ അതൊരു അധരവ്യായാമം എന്ന നിലയിലല്ല, മാവോയിസ്റ്റ് സംഘര്‍ഷങ്ങളുണ്ടാവുന്ന കേന്ദ്രങ്ങളില്‍ നേരിട്ട് കടന്നുപോയി അതില്‍ ഇടപെടല്‍ നടത്തുന്ന പ്രവര്‍ത്തനം മമത നടത്തിയിട്ടുണ്ട്.

ഇതൊന്നും കേരളത്തിലുണ്ടായിട്ടില്ല. കേരളത്തില്‍ ഞാന്‍ കാണുന്ന പ്രധാന പ്രശ്നം മാവോയിസ്റ്റുകളെ കൊന്നൊടുക്കുന്നതിനെതിരേ സാമൂഹിക മണ്ഡലത്തില്‍ വലിയ പ്രതികരണങ്ങളൊന്നും ഉണ്ടാവുന്നില്ല എന്നതാണ്. ഇത് വളരെ ആപല്‍ക്കരമാണ്. അതുകൊണ്ടാണ് അവര്‍ക്ക് കൂട്ടക്കൊലകള്‍ ആവര്‍ത്തിക്കാന്‍ കഴിയുന്നത്. മാവോയിസത്തെ കുറിച്ച് എനിക്ക് തര്‍ക്കങ്ങളൊന്നുമില്ല. നീണ്ടു നില്‍ക്കുന്ന ജനകീയയുദ്ധമെന്ന സൈനികപദ്ധതിക്ക് മാവോ രൂപം നല്‍കുന്നത് 1928 ലാണ്. 1935ല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതവരുടെ ഔദ്യോഗിക പരിപാടിയായി ഏറ്റെടുത്തു. ‘നീണ്ടു നില്‍ക്കുന്ന ജനകീയയുദ്ധ’മെന്ന അദ്ദേഹത്തിന്റെ പുസ്തകം തന്നെയുണ്ട്. 1949ല്‍ ചൈന വിമോചിതമായതിനു ശേഷം ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇത്തരം രാഷ്ട്രീയസംഘങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാവോ സെ തുങ്

കേരളത്തിന് ചരിത്രബോധമില്ലാതായി പോയതിന്റെ നിരവധി പ്രശ്നങ്ങള്‍ ഇക്കാര്യത്തിലുണ്ട്. ഇതിന്റെ വക്താവായിരുന്നു പി സുന്ദരയ്യ. സുന്ദരയ്യയുടെ ‘തെലുങ്കാന സമരം’ എന്ന പുസ്തകം ഇപ്പോഴും വാങ്ങാന്‍ കിട്ടും. വായിച്ചുനോക്കുക. വായിക്കുന്നവരോട് പറയാനുള്ളത് പഴയ കൃതികള്‍ ഒരുപാട് എഡിറ്റ് ചെയ്തിട്ടാണ് പുറത്തിറക്കുന്നത്. അതിന്റെ ആദ്യത്തെ എഡിഷന്‍ സൂക്ഷിക്കുകയും വായിക്കുകയും ചെയ്തിട്ടുള്ള ആളാണ് ഞാന്‍. പുസ്തകത്തില്‍ സുന്ദരയ്യ പറയാന്‍ ശ്രമിക്കുന്ന കാര്യം പാര്‍ലമെന്ററി ഡെമോക്രസിയുടെ ഔപചാരികമായ പ്രവര്‍ത്തന രീതികള്‍ മാത്രം ഉപയോഗിച്ചുകൊണ്ട് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് വിമോചിതമാവാന്‍ പറ്റില്ല. പാര്‍ലമെന്ററി രീതികളും സായുധ രീതികളും ഏകോപിപ്പിക്കുന്ന തന്ത്രത്തിലേക്ക് ഇന്ത്യയിലെ വിപ്ലവകാരികള്‍ക്ക് പോവേണ്ടിവരും.

തെലങ്കാനസമരം മാവോയുടെ നീണ്ടു നില്‍ക്കുന്ന ജനകീയ യുദ്ധത്തിന്റെ നേരിട്ടുള്ള പ്രയോഗമാണ്. അനേകം വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുകയും പതിനായിരം മുതല്‍ മുപ്പതിനായിരം വരെ ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തുവെന്ന് കരുതപ്പെടുന്ന ഒരു ഗറില്ലാ സമരം തെലങ്കാനയില്‍ നടന്നിട്ടുണ്ട്. മറ്റു പല പ്രദേശങ്ങളില്‍ നിന്നും സിപിഐ സായുധസമരത്തില്‍ നിന്ന് പിന്‍മാറിയിട്ടും തെലങ്കാനയില്‍ സായുധസമരം തുടര്‍ന്നു. സുന്ദരയ്യയും ബസവപ്പുന്നയ്യയും രാജേശ്വരറാവുവും അതിന് നേതൃത്വം നല്‍കിയവരാണ്. പിന്നീടവര്‍ പാര്‍ലമെന്ററി മാര്‍ഗത്തിലേക്ക് വരുന്നുണ്ട്. അന്ന് ഇവര്‍ സായുധസമരത്തിന്റെ പാതയിലുള്ളവരാണെന്നതിന്റെ പേരില്‍ വിവേചനവും അവഗണനയും അല്ലെങ്കില്‍ അവര്‍ കൊല്ലപ്പെടേണ്ടവരാണെന്ന ആശയവും അക്കാലത്തെ ഇന്ത്യയിലുണ്ടായിരുന്നില്ല, അക്കാലത്തെ ആന്ധ്രയിലുണ്ടായിരുന്നില്ല, കേരളത്തിലുണ്ടായിരുന്നില്ല. അതാണ് പ്രധാനപ്പെട്ട പ്രശ്നം.

പി സുന്ദരയ്യ

കേരളത്തിലെ ജനാധിപത്യവാദികളും ഇടതുപക്ഷക്കാരും ഇതിനെ രണ്ട് തരത്തില്‍ സമീപിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. ഒന്ന് മാവോയിസ്റ്റുകള്‍ക്കെതിരായ അതിശക്തമായ സാമൂഹ്യവിമര്‍ശനം ഇക്കാര്യത്തില്‍ ഉണ്ടാവണം. ഇന്ത്യയിലെ മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പശ്ചിമഘട്ടം കേന്ദ്രീകരിച്ച് ഒരു ഗറില്ലാ യുദ്ധ മുന്നണി തുറക്കുന്നത് അങ്ങേയറ്റം മൗഢ്യമാണ്. കാരണം ബസ്തറിലെ ആദിവാസി വിഭാഗങ്ങളുടെ ജീവിതമല്ല, 2016-19 ലെ കേരളത്തിലെ ആദിവാസികളുടേത്. സാംസ്‌കാരികമായ വ്യത്യാസമാണ് ഏറ്റവും പ്രധാനം.

ഇത് മാവോയിസ്റ്റുകള്‍ പരിഗണിച്ചതായി തോന്നുന്നില്ല. അങ്ങേയറ്റത്തെ അടിച്ചമര്‍ത്തലുകളും ഒറ്റപ്പെടുത്തലും അവികസിതത്വവും സാംസ്‌കാരികമായ ഏകാന്തതയും നേരിട്ട് ജീവിക്കുന്ന, ഒതുക്കപ്പെട്ട, പൊതുസമൂഹത്തില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെട്ട് നില്‍ക്കുന്ന ആദിവാസി സമൂഹമാണ് ബസ്തറിലേത്. എന്നാല്‍, കേരളത്തിലെ ആദിവാസി വിഭാഗങ്ങള്‍ കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍ തുടങ്ങിയ ജനസംഖ്യാപരമായി നാമമാത്രമായ വിഭാഗങ്ങളെ ഒഴിച്ചുനിര്‍ത്തിയാലുള്ളവര്‍ പൊതുസമൂഹവുമായി സാംസ്‌കാരികവും നിയമപരവുമായി പലതരത്തില്‍ ഏകീകരിക്കപ്പെട്ടവരും ഒരളവ് ആധുനീകരിക്കപ്പെട്ടവരുമാണെന്ന വലിയ വ്യത്യാസം നിലനില്‍ക്കുന്നു.

അവര്‍ ദാരിദ്ര്യത്തിനപ്പുറം ഒരു സാംസ്‌കാരിക ദാരിദ്ര്യം അനുഭവിക്കുന്നവരല്ല. അവര്‍ക്ക് ദാരിദ്ര്യമുണ്ട്, ഭൂമിയില്ലായ്മയുണ്ട്, പട്ടിണിയുണ്ട്. ഇതൊക്കെയുണ്ടെങ്കിലും പൊതുസമൂഹവുമായി അവര്‍ക്കൊരു അന്വയമുണ്ട്. ബസ്തറിലെ സ്ഥിതി അതല്ല. വെട്ടിമാറ്റപ്പെടുകയും വേര്‍തിരിക്കപ്പെടുകയും ചെയ്തവരാണവര്‍. അവരുടെ വിമോചന ആഗ്രഹങ്ങളും അഭിലാഷങ്ങളും ചേര്‍ന്നിട്ടാണ് അവിടെയൊരു ഗറില്ലാ സമരം നിലനിര്‍ത്താന്‍ മാവോയിസ്റ്റുകള്‍ക്ക് സാധിക്കുന്നത്. കേരളത്തില്‍ അങ്ങനെയൊരു ആത്മനിഷ്ഠ സാഹചര്യമില്ല.

അതുകൊണ്ടാണ് വര്‍ഷങ്ങളായി പശ്ചിമഘട്ട മേഖലാ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിട്ടും അവര്‍ക്ക് ജനകീയമായി മുന്നോട്ട് പോകാന്‍ കഴിയാത്തത്. മാത്രമല്ല, അവര്‍ ഒറ്റപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്നു. രണ്ടാമതായി ഇന്ത്യയിലെ മാവോയിസ്റ്റ് നേതാക്കളെ കൊന്നൊടുക്കി പ്രശ്നമവസാനിപ്പിക്കുക എന്നാണ് ഭരണകൂടം കരുതുന്നത്. ആധുനിക ഭരണകൂടങ്ങള്‍ ഗറില്ലാസമരങ്ങളോട് എടുക്കുന്ന സമീപനം ഇതാണ്. ആത്മനിഷ്ഠസാഹചര്യം പക്വമല്ലാത്തിടങ്ങളില്‍ എത്ര സാഹസികമായി എടുത്തുചാടിയാലും അതില്‍ ഉള്‍പ്പെടുന്നവര്‍ എത്ര ത്യാഗികളായാലും എത്ര സായുധരായിരുന്നാലും അവര്‍ ഉന്മൂലനം ചെയ്യപ്പെടാനുള്ള സാധ്യത വളരെയധികമാണ്. അവര്‍ ഒറ്റ് കൊടുക്കപ്പെടും.

കിഷന്‍ജി

കിഷന്‍ജിയുടെ കാര്യത്തില്‍ അദ്ദേഹത്തെ ഒറ്റുകൊടുത്തത് അവരുടെ ഗറില്ലാ സ്‌ക്വാഡ് തന്നെയാണ്. 2011 നവംബര്‍ 24ാം തിയ്യതി അദ്ദേഹം കൊല്ലപ്പെടുന്നത് അങ്ങനെയാണ്. അദ്ദേഹത്തെ ഒറ്റുകൊടുത്തവര്‍ പിന്നീട് പോലിസുകാരായി റിക്രൂട്ട് ചെയ്യപ്പെട്ടു. പ്രതിഫലം ലഭിച്ചു. ഇതൊന്നും തടയാന്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തിനായില്ല. ഇതിന്റെ ഒരു ആവര്‍ത്തനമാണ് കേരളത്തില്‍ നടന്നത്. 2016 നവംബര്‍ 24നാണ് കുപ്പു ദേവരാജനും അജിതയും കൊല്ലപ്പെടുന്നത്. ഇത് മാവോയിസ്റ്റുകളുടെ കേന്ദ്രനേതൃത്വത്തിനുള്ള മുന്നറിയിപ്പാണ്. എല്ലാ നവംബര്‍ 24നും നിങ്ങളുടെ വലിയ നേതാക്കന്‍മാരെ ഞങ്ങള്‍ കൊന്നുകൊണ്ടിരിക്കും. രക്തം മരവിപ്പിക്കുന്ന ഒരു ഉദാഹരണമാണ് ഞാന്‍ പറയുന്നത്.

2011ല്‍ മാവോയിസ്റ്റുകളുടെ പോളിറ്റ്ബ്യൂറോ അംഗമായ കിഷന്‍ജിയെ കൊന്നു, അതേവഴിയില്‍ ഒറ്റുകാരെ ഉപയോഗപ്പെടുത്തി 2016 നവംബര്‍ 24ന് സെന്‍ട്രല്‍ കമ്മിറ്റിയിലെ സീനിയര്‍ നേതാക്കളില്‍ ഒരാളായ കുപ്പു ദേവരാജനെ കൊന്നു. മാവോയിസ്റ്റുകളോട് വളരെ ആസൂത്രിതമായാണ് ഇന്ത്യന്‍ സ്റ്റേറ്റ് ഇടപെടുന്നത്. ഇന്ത്യന്‍ സ്റ്റേറ്റിന്റെ അവിഭാജ്യ ഭാഗമാണ് കേരളം. യുഡിഎഫിന്റെ കാലത്തുണ്ടായിരുന്ന തടസ്സം, അവരുടെ കാഴ്ചപ്പാടില്‍ മാവോയിസ്റ്റുകള്‍ രാഷ്ട്രീയക്കാരായിരുന്നു എന്നതാണ്.

അതുകൊണ്ട് അവര്‍ക്കെതിരേ തോക്കുകള്‍ ഉപയോഗിക്കരുത് എന്ന നയമുണ്ടായിരുന്നതു കൊണ്ടാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെടാതെ പോയത്. അതൊരു രാഷ്ട്രീയതീരുമാനമായിരുന്നു. ഇപ്പോള്‍ ആ തടസ്സങ്ങളൊന്നുമില്ല. മാവോയിസ്റ്റുകളെ കൊന്നൊടുക്കുന്നതിന് ഇന്ത്യ മുഴുവന്‍ വ്യാപിപ്പിച്ചിട്ടുള്ള പദ്ധതിയുടെ അവിഭാജ്യഭാഗമാണ് ഈ ഗണ്‍മെന്റിന്റെ കീഴിലുള്ള കേരളം. അതിനനുസരിച്ച് പോലിസ് സംവിധാനം മാറിക്കഴിഞ്ഞു.

2016ല്‍ കുപ്പു ദേവരാജനും അജിതയും കൊല്ലപ്പെട്ടപ്പോള്‍ അതിനെതിരേ കോഴിക്കോട് നടന്ന പ്രതിഷേധയോഗത്തില്‍ പറഞ്ഞ ഒരു മുന്നറിയിപ്പാണ് ഞാന്‍ ആവര്‍ത്തിക്കുന്നത്. 27 പേരുടെ ലുക്കൗട്ട് നോട്ടിസ് ആണ് കേരള പോലിസിന്റെ കൈയിലുള്ളത്. അതില്‍ ഏഴ് പേര്‍ ഇല്ലാതായി. ഇനി 20 പേരുണ്ട്. അവരും ഇങ്ങനെ വകവരുത്തപ്പെടും. എനിക്ക് കിട്ടുന്ന വിവരമനുസരിച്ച് മഞ്ചിക്കണ്ടിയില്‍ സീനിയര്‍ ആയ മണിവാസകത്തെ ഇല്ലായ്മചെയ്യാനാണ് ശ്രമിച്ചത്. അദ്ദേഹം ഒറ്റുകൊടുക്കപ്പെടുകയായിരുന്നു.

ആത്മനിഷ്ഠ സാഹചര്യമില്ലാത്ത സമയത്ത് ഒറ്റുകൊടുക്കപ്പെടാന്‍ സാധ്യതയുണ്ട്. അരുന്ധതിയുടെ ‘വാക്കിങ് വിത് കോംമ്രേഡ്’ എന്ന പുസ്തകത്തില്‍ അവര്‍ ബസ്തറിലൂടെ സഞ്ചരിക്കുന്നതിനെ കുറിച്ച് പറയുന്നു. ബസ്തറിലെ അവരുടെ യാത്രയും തിരിച്ചുവരവും വളരെ സുരക്ഷിതമായിരുന്നു.

ബസ്തറില്‍ ഇങ്ങനെയൊരു മൂന്നാം ഘടകത്തിന്റെ സാന്നിധ്യമില്ല. മാവോയിസ്റ്റുകളെ എപ്പോഴാണ് പിടിച്ചുകൊടുക്കാന്‍ സാധിക്കുക എന്നു കരുതുന്ന, മാവോയിസ്റ്റുകളോട് പലതരത്തിലും ഇടപഴകുമ്പോഴും അവരുടെ ഭാഗമായി തീരാത്ത, മാനസികാമായി അടുപ്പം സൂക്ഷിക്കാന്‍ കഴിയാത്ത വലിയ വിഭാഗം മനുഷ്യര്‍ പശ്ചിമഘട്ടത്തില്‍ മുഴുവന്‍ ഉണ്ട്. പോലിസിന് അവരെ ഉപയോഗിക്കാം പല തരത്തില്‍. എല്ലാ സൈനികപദ്ധതികളിലും നാം മനസ്സിലാക്കേണ്ടത് ഒരു കൊലാറ്ററല്‍ ഡാമേജിന്റെ ചിത്രം ഉണ്ടാക്കിയാല്‍ മാത്രമേ കൊലയ്ക്ക് സാധൂകരണം ഉണ്ടാക്കാന്‍ കഴിയൂ. കുപ്പു ദേവരാജനെ കൊല്ലുമ്പോള്‍ അജിത കൂടി കൊല്ലപ്പെടണം. കുപ്പു ദേവരാജന്‍ മാത്രം കൊല്ലപ്പെട്ടാല്‍ അത് ലിക്വിഡേഷനാണ് എന്നു പറയും. അജിതയും കൂടിയുണ്ടാവുമ്പോള്‍ ഏറ്റുമുട്ടലുണ്ടായിരുന്നെന്ന് വാദിക്കാം. ഇതുതന്നെയാണ് മണിവാസകത്തിന്റെ കാര്യത്തിലും.

ലുകൗട്ട് നോട്ടീസില്‍ വന്നിട്ടുള്ളവരുടെ കാര്യത്തില്‍ അവര്‍ കൊല്ലപ്പെടേണ്ടതാണെന്ന കാര്യത്തില്‍ അവര്‍ക്ക് തര്‍ക്കമില്ല. അതുകൊണ്ട് മൂന്നുപേരെ കൂടി തരത്തില്‍ കിട്ടിയപ്പോള്‍ ഇതൊരു വലിയ സൈനിക നീക്കമായും ഏറ്റുമുട്ടലിന്റെ അന്ത്യമാണെന്നും വരുത്തുകയാണ് ചെയ്തത്. കഴിഞ്ഞ മൂന്നു വര്‍ഷമായി നടന്നുവരുന്ന മാവോയിസ്റ്റ് രക്തച്ചൊരിച്ചില്‍ വാസ്തവത്തില്‍ കേരളത്തെ, ദക്ഷിണേന്ത്യയെ സംബന്ധിച്ചാണെങ്കില്‍ മാവോയിസ്റ്റ് തന്ത്രങ്ങളുടെ പരാജയം കൂടിയാണ്.

കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനം വ്യക്തിപരമായ അതിസാഹസികത എന്നല്ലാതെ മാവോയുടെ നീണ്ടുനില്‍ക്കുന്ന ജനകീയ യുദ്ധമെന്ന തന്ത്രവുമായി പ്രായോഗികമായി നോക്കിയാല്‍ യാതൊരു ബന്ധവുമില്ലാത്ത കാര്യമാണ്. ഇത്ര കാലം പ്രവര്‍ത്തിച്ചിട്ടും നഗരങ്ങളിലും സിവില്‍ സൊസൈറ്റിയിലും ഒരു പ്രതിരോധവും സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല, സജീവമായ പിന്തുണയും ഉണ്ടാക്കാന്‍ കഴിയുന്നില്ല. സൈനികമായിട്ടും കഴിയുന്നില്ല. മൂന്നു തവണ ഇങ്ങനെ സംഭവിക്കുക എന്നു പറഞ്ഞാല്‍ അവര്‍ക്ക് മുന്നേറാന്‍ കഴിയുന്നില്ല എന്നാണ് അര്‍ത്ഥം.

പുറത്തുനില്‍ക്കുന്ന പുരോഗമനവാദിക്ക് അത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. യഥാര്‍ത്ഥ ജനാധിപത്യവാദികള്‍ക്കും യഥാര്‍ത്ഥ ഇടതുപക്ഷക്കാര്‍ക്കും ഉണ്ടാവുന്ന ഒരു പ്രതിസന്ധി എന്താണെന്നു വച്ചാല്‍ തെറ്റായി നയിക്കപ്പെടുന്ന യുദ്ധങ്ങള്‍, യുദ്ധങ്ങളേ അനാവശ്യമാണ് എന്നൊരു പ്രതീതി പൊതുസമൂഹത്തില്‍ രൂപപ്പെടുത്തും. ഇതൊരു വലിയ അപകടമാണ്. എല്ലാ പോരാട്ടങ്ങളും തെറ്റാണ് എന്ന പ്രതീതി സൃഷ്ടിക്കും. അത് വന്നുചേര്‍ന്നിട്ടുണ്ട്. അത് കേരളത്തെ സംബന്ധിച്ച് വളരെ ആപല്‍ക്കരമാണ്.

ഇപ്പോള്‍ തന്നെ കോര്‍പറേറ്റ് യുക്തിയില്‍ നീങ്ങുന്ന കേരളീയ രാഷ്ട്രീയമനസ്സാക്ഷി പൂര്‍ണമായും ആ യുക്തിക്ക് കീഴടങ്ങും. മറ്റൊന്ന്, സിവില്‍ സൊസൈറ്റി ഇന്ത്യയിലെ ഭരണകൂടയുക്തിയെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത പോലെ വിഴുങ്ങുന്നുണ്ട്. ബംഗാളില്‍ 34 കൊല്ലം ഭരിച്ച സിപിഎമ്മിന് അവിടെപ്പോലും സാധിക്കാതിരുന്ന തരത്തില്‍ ഭരണകൂട യുക്തികളെ വിഴുങ്ങുന്ന ഒരു പ്രവിശ്യയായി പ്രദേശമായി കേരളം മാറുകയാണ്. ഇത് കാണിക്കുന്നത് മുതലാളിത്തം മതിയാവുകയില്ല, തീവ്രമുതലാളിത്തമാണ് വേണ്ടതെന്ന് കേരളം കരുതുന്നു എന്നാണ്.

കേരളത്തെ സംബന്ധിച്ച് മുതലാളിത്ത നിലപാടും തീവ്രമുതലാളിത്ത നിലപാടും തമ്മിലുള്ള വ്യത്യാസം മുതലാളിത്ത നിലപാട് യുഡിഎഫിന്റെ നിലപാടാണ്. തീവ്രമുതലാളിത്ത നിലപാട് പിണറായി വിജയന്റെ നിലപാടാണ് എന്നതാണ്. തീവ്രമുതലാളിത്ത നിലപാടിന്റെ ഒരു രൂപാന്തരമാണ് സംഘപരിവാര ഫാഷിസം.

കേരളം ഇങ്ങനെയൊരു നിലപാടിലേക്ക് മാറാന്‍ നിരവധി കാരണങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം സിപിഎം എന്ന പാര്‍ട്ടിയുണ്ടാക്കിയ തടസ്സമാണ്. ആ പാര്‍ട്ടി ഒരു കപട ഇടത് പാര്‍ട്ടിയാണ്. അവരുടെ ജാര്‍ഗണ്‍ മുഴുവനും ഇപ്പോഴും ഇടതാണ്. പേര് തന്നെ മാര്‍ക്സിസ്റ്റ് എന്നാണ്. ഈ കപടമായ ഈ ഇടത് മുദ്രാവാക്യങ്ങള്‍ ഉപയോഗിച്ച് കേരളത്തിലെ യുവത്വത്തെ മാത്രമല്ല, ചിന്തിക്കുന്ന മനുഷ്യരെ മുഴുവന്‍ അരാഷ്ട്രീയവല്‍ക്കരിക്കുന്നു. എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഇവരെയൊക്കെ അരാഷ്ട്രീയരാക്കിത്തീര്‍ത്തു. 34 കൊല്ലം ബംഗാളിനെ ഭരിച്ചെങ്കിലും കേരളത്തിലുണ്ടായ പോലെ ഇത്ര അടിസ്ഥാനപരമായ, മൊത്തത്തെ ആഗിരണം ചെയ്യുന്ന തരത്തില്‍ ഒരു മാറ്റം അവിടെയുണ്ടായില്ല. അതുകൊണ്ടാണ് അവിടെ പ്രതിരോധമുണ്ടായത്. അതുകൊണ്ടാണ് അവിടത്തെ പ്രസ്ഥാനം വലിയ പ്രസ്ഥാനമായി മാറിയതും ഇത്രയും വര്‍ഷം നില്‍ക്കുകയും ചെയ്തത്.

അതേസമയം ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന അറസ്റ്റുകള്‍, അതായത് രണ്ട് വിദ്യാര്‍ഥികളുടെ അറസ്റ്റ് മാവോയിസ്റ്റ് വേട്ടയെ ന്യായീകരിക്കാനും സാധൂകരിക്കാനും വേണ്ടിയുള്ളതാണ്, അതില്‍ താക്കീതുണ്ട്, പ്രേരണയുണ്ട്, സ്നേഹപൂര്‍വമായ നിര്‍ബന്ധമുണ്ട്… ഇതെല്ലാം ചേര്‍ന്നതുമാണ്. എന്തുകൊണ്ടാണ് അവര്‍ കോണ്‍ഗ്രസ്സില്‍ നിന്ന്, എസ്ഡിപിഐയില്‍ നിന്ന് രണ്ടു പേരെ അറസ്റ്റ് ചെയ്ത് മാവോയിസ്റ്റുകളാണെന്ന് വരുത്തിയില്ല? അതിലൊരു വലിയ തന്ത്രമുണ്ട്. ലോകത്തെവിടെയും സായുധസമരത്തിന് പിന്തുണയുണ്ടാവുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്നാണ്. പ്രത്യേകിച്ച് അതിലെ യുവാക്കള്‍ക്കിടയില്‍ നിന്ന്. അത് തടയുകയെന്ന ഉദ്ദേശ്യവും ഈ അറസ്റ്റുകള്‍ക്കുണ്ട്. നിങ്ങള്‍ മിണ്ടുന്നവരായാല്‍, എതിര്‍ക്കുന്നവരായാല്‍, പാര്‍ട്ടിവ്യത്യാസമില്ലാതെ എല്ലാ ഇടതുപക്ഷ ഇടപെടലുകളുടെയും നിരന്തര സാന്നിധ്യമായല്‍ നിങ്ങളെ ‘അലനും താഹ’യുമാക്കും.

അവരുടെ പേര് ചെറിയതായതുകൊണ്ട് പറയാന്‍ തന്നെ എളുപ്പമാണ്. അതൊരു ചെറിയ കാര്യമല്ല. സാമൂഹ്യമനശ്ശാസ്ത്രവുമായി വലിയ ബന്ധമുള്ള കാര്യമാണത്. നിങ്ങളെ ഞങ്ങള്‍ ‘അലനും താഹ’യുമാക്കുമെന്നാണ് പറയുന്നത്. ശശിയാക്കുക എന്ന പ്രയോഗമുണ്ടല്ലോ, അതുപോലെ അലനും താഹയുമാക്കും എന്ന പ്രയോഗം വേഗത്തില്‍ പ്രചരിക്കും. കേരളത്തിലെ സാമൂഹികമാധ്യമങ്ങളുടെ സാന്ദ്രത അതിബൃഹത്താണല്ലോ. അതുകൊണ്ട് നാം ആരെയെങ്കിലും അലനും താഹയുമാക്കുമെന്ന് പറഞ്ഞാല്‍ അത് വേഗത്തില്‍ സ്വീകരിക്കപ്പെടും.

പുതിയ കാലത്തെ സ്റ്റേറ്റ് അത്രമാത്രം സായുധമാണ്. അത് എകെ 47നോ എകെ 56 ഓ മാത്രമല്ല, അവര്‍ മനശ്ശാസ്ത്രയുദ്ധതന്ത്രങ്ങളും ഉപയോഗിക്കുന്നു. അതുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ കേന്ദ്രീകരിക്കുന്നത്. കുറച്ചു ദിവസം കഴിഞ്ഞാല്‍ അലനും താഹയും മോശം മാതൃകയാണെന്ന് അവരുടെ ബന്ധുക്കള്‍ പോലും തള്ളിപറയാന്‍ തുടങ്ങും. ഭരണകൂട മനശ്ശാസ്ത്രം.

കേരളത്തില്‍ പ്രതീക്ഷാജനകമായ ഒന്നുമില്ല. എന്തെങ്കിലും മാറ്റം സംഭവിക്കണമെങ്കില്‍ സത്യാനന്തരതയുടെ താര്‍ക്കികതയ്ക്കപ്പുറത്ത് യുക്തിചിന്തയെ സ്ഥാപിച്ചെടുക്കണം. അതിന് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ത്യാഗം നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടേ ഈ അന്തരീക്ഷത്തെ ഭേദിക്കാന്‍ കഴിയൂ.

തയ്യാറാക്കിയത്: അംബിക പി
കടപ്പാട്: മറുവാക്ക് മാസിക

WATCH THIS VIDEO:

കെ.സി ഉമേഷ് ബാബു

കവി, രാഷ്ട്രീയ നിരീക്ഷകന്‍

We use cookies to give you the best possible experience. Learn more