ഫേസ് ടു ഫേസ് / കെ.സി ഉമേഷ് ബാബു
സി.പി.ഐ.എം രാഷ്ട്രീയത്തിലെ വലത് വ്യതിയാനത്തിനെതിരെ എം.എന്‍ വിജയന്‍ ഉയര്‍ത്തിയ കലാപത്തിന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്ഥാനമുണ്ട്. എം.എന്‍ വിജയന്‍ ഉയര്‍ത്തിയ ചിന്തയുടെ തീയേറ്റാണ് ശക്തമായ പാര്‍ട്ടി അച്ചടക്കത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ച് സി.പി.ഐ.എം പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതും പാര്‍ട്ടിവിട്ട് പുറത്ത് പോന്നതും. വിജയന്‍മാഷിന്റെ അനുയായികള്‍ അധിനിവേശ പ്രതിരോധ സമിതിയും കമ്മ്യൂണിസ്റ്റ് കാംപെയിന്‍ കമ്മിറ്റിയുമായി മാറി. അതിന്റെ തുടര്‍ച്ചയായിരുന്നു ഇടതുപക്ഷ ഏകോപന സമിതി. തീവ്ര ഇടതുപക്ഷത്തിന്റെ വക്താക്കളായി രംഗത്ത് വന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയ ഇടതുപക്ഷ ഏകോപന സമിതി ഇന്ന് എവിടെ എത്തിനില്‍ക്കുന്നു?.
എം.എന്‍ വിജയന് ശേഷം ഇടത് ബദല്‍രാഷ്ട്രീയത്തിന് ത്വാത്വിക ദിശാബോധം നല്‍കിയ കെ.സി ഉമേഷ്ബാബു ഡൂള്‍ന്യൂസ് പ്രതിനിധി മനേഷ് കോമത്തുമായി സംസാരിക്കുന്നു.
ബദല്‍ രാഷ്ട്രീയത്തിന്റെ പ്രസക്തിയെന്താണ്?.
മുഖ്യധാരാ രാഷ്ട്രീയം ജീര്‍ണ്ണിക്കുമ്പോള്‍ അത് തിരിച്ചറിഞ്ഞ് ഈ വഴിയിലൂടെയല്ല പോകേണ്ടത് എന്ന് പറയുകയും പ്രവര്‍ത്തിച്ച് കാണിക്കുകയും ചെയ്യുന്നതാണ് ബദല്‍ രാഷ്ട്രീയം. തീര്‍ച്ചയായും അതിനൊരു സൈദ്ധാന്തിക അടിത്തറയും പ്രോയോഗിക പദ്ധതിയുമുണ്ടാകണം. സൈദ്ധാന്തിക അടിത്തറയും പ്രായോഗിക പദ്ധതിയുമില്ലാത്ത ഒരു രാഷ്ട്രീയത്തെ ഒരിക്കലും ബദല്‍ രാഷ്ട്രീയമെന്ന് വിളിക്കാന്‍ പറ്റില്ല. നിലിവലുള്ള രാഷ്ട്രീയത്തില്‍ നിന്ന് കൃത്യമായി വേര്‍തിരിഞ്ഞ പ്രസ്ഥാനമാകണം ബദല്‍ രാഷ്ട്രീയം ഉര്‍ത്തേണ്ടത്.
കേരളത്തില്‍ ബദല്‍ രാഷ്ട്രീയത്തിന്റെ ചരിത്രം കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് തുടങ്ങുന്നതാണ്. അന്നത്തെ വിദ്യാസമ്പന്നരും ഒരു തരത്തില്‍ സമ്പന്നരും വരേണ്യരുമായ മനുഷ്യര്‍ തങ്ങളുടെ ഒഴിവുകാല വിനോദമായി നടത്തിപ്പോന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തെ ജനകീയ രാഷ്ട്രീയമാക്കിത്തീര്‍ക്കാന്‍ നടത്തിയ ശ്രമമാണ് ആദ്യത്തെ ബദല്‍ രാഷ്ട്രീയം.
ഇടതുപക്ഷ ബദല്‍ രാഷ്ട്രീയത്തെക്കുറിച്ച് പറയുകയാണെങ്കില്‍ വിപ്ലവരാഷ്ട്രീയം റിവിഷനിസ്റ്റ് ഒത്തു തീര്‍പ്പ് രാഷ്ട്രീയമായിമാറിയതിനെ തുടര്‍ന്നാണ് സി.പി.ഐക്കുള്ളില്‍ പിളര്‍പ്പുണ്ടായത്. വിപ്ലവരാഷ്ട്രീയത്തെ സംരക്ഷിക്കാനുള്ള ശ്രമം എന്ന നിലയിലാണ് സി.പി.ഐ.എം ഉണ്ടാവുന്നത്. നക്‌സലുകള്‍ക്കും അത്തരമൊരു വിപ്ലവ രാഷ്ട്രീയത്തെക്കുറിച്ച് പറയാനുണ്ടാവും. കാരണം സി.പി.ഐ.എം പാര്‍ലിമെന്ററി താല്‍പര്യങ്ങളുടെ വഴിയില്‍ പോകുമ്പോള്‍ കാര്‍ഷിക വിപ്ലവത്തിന്റെ ചുമതലകള്‍ കയ്യൊഴിയുമ്പോള്‍, ഇന്ത്യന്‍ കാര്‍ഷിക വിപ്ലവം പാര്‍ലിമെന്ററി വഴിയിലൂടെ പൂര്‍ത്തീകരിക്കാന്‍ പറ്റുമോ തുടങ്ങിയ ചോദ്യങ്ങളിലൂടെയാണ് നക്‌സല്‍ പ്രസ്ഥാനങ്ങളുണ്ടാവുന്നത്. നക്‌സല്‍ മൂവ്‌മെന്റും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിനുള്ളിലെ ബദല്‍ രാഷ്ട്രീയമാണ്. പഴയ നക്‌സല്‍ മൂവ്‌മെന്റായിരുന്നാലും ഇപ്പോഴത്തെ മാവോയിസ്റ്റ് മൂവ്‌മെന്റായിരുന്നാലും അതില്‍ ബദല്‍ രാഷ്ട്രീയത്തിന്റെ ഉള്ളടക്കമുണ്ട്. നിലവിലുള്ള രാഷ്ട്രീയത്തെ ഉള്ളടക്കം കൊണ്ടും പ്രയോഗം കൊണ്ടും അത് വെല്ലുവിളിക്കുന്നുണ്ട്.
കേരളത്തില്‍ ബദല്‍ രാഷ്ട്രീയത്തെക്കുറിച്ച് ഉറക്കെപ്പറഞ്ഞ വ്യക്തിയായിരുന്നു. എം.എന്‍. വിജയന്‍ അദ്ദേഹം ഉയര്‍ത്തിയ രാഷ്ട്രീയത്തെ എങ്ങിനെ കാണുന്നു?.
വിജയന്‍മാഷ് ഉയര്‍ത്തിയ രാഷ്ട്രീയമെന്നത് ജനപക്ഷത്ത് നിന്നുകൊണ്ടുള്ള മുതലാളിത്തവിരുദ്ധമായ രാഷ്ട്രീയമായിരുന്നു. ആഗോളവത്കരണ കാലത്തെ മുതലാളിത്ത വിരുദ്ധ ചിന്തയുടെ വക്താവാണ് വിജയന്‍മാഷ്. 1980 മുതലാണ് ആഗോളവത്കരണം നമ്മെ ബാധിച്ചുതുടങ്ങിയത്. ഇതിന്റെ രണ്ടാംഘട്ടം 1990 കള്‍ക്ക് ശേഷം, കൃത്യമായി പറഞ്ഞാല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ഒരു ഏകധ്രുവ ലോകം രൂപപ്പെട്ടു. ഏകധ്രുവ ലോകം നവലിബറല്‍ സ്വഭാവത്തോടുകൂടിയ സാമ്രാജ്യത്വ ചൂഷണത്തിന്റെതായിരുന്നു. ഇതുപോലുള്ള സാഹചര്യത്തെ മുഖാമുഖം കാണുന്ന വിട്ടുവീഴ്ചയില്ലാത്ത കമ്മ്യൂണിസ്റ്റുകാരന്‍ എങ്ങിനെയാണ് ഈ അവസ്ഥയെ അഭിമുഖീകരിക്കാന്‍ ശ്രിമിക്കേണ്ടത് എന്ന് അന്വേഷിച്ച ചിന്തകനും പ്രക്ഷോഭകാരിയുമായിരുന്നു വിജയന്‍മാഷ്.
മാര്‍ക്‌സിസ്റ്റ് ചിന്തയെ അതിന്റെ അടിസ്ഥാന തത്വത്തിലേക്ക് തിരിച്ചുകൊണ്ട് പോകാന്‍ അദ്ദേഹം ശ്രമിച്ചു. മാര്‍ക്‌സിലേക്ക് മടക്കിക്കൊണ്ട് പോയി എന്ന് വേണമെങ്കില്‍ പറയാം. കിഴക്കന്‍ യൂറോപ്പും സോവിയറ്റ് റഷ്യയും തകര്‍ന്ന് തരിപ്പണമായപ്പോള്‍ മാര്‍ക്‌സിസത്തിന്റെ ഏത് വികാസമാണ് തകര്‍ന്നതെന്ന് ലോകത്ത് ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ചോദിച്ചില്ല. സോവിയറ്റ് യൂനിയനും അതിന്റെ ധാരകളും തകര്‍ന്നുവെന്ന് പറഞ്ഞാല്‍ ലെനിന്സ്റ്റ് പ്രയോഗ രീതി തകര്‍ന്നുവെന്നാണ് കരുതേണ്ടത്. അത്തരമൊരു സാഹചര്യത്തില്‍ ലോകത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്യേണ്ടിയിരുന്നത് മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന തത്വങ്ങളിലേക്ക് തിരിച്ചു പോവുകയും മാര്‍ക്‌സിസത്തില്‍ നിന്ന് അതിനെ വികസിപ്പിക്കുകയമാണ് വേണ്ടിയിരുന്നത്. മാര്‍ക്‌സിലേക്ക് മടങ്ങിപ്പോവുക എന്നത് കൊണ്ട് മാര്‍ക്‌സിനെ ഭക്തിപൂര്‍വ്വം ആദരിക്കണമെന്നോ അക്ഷരത്തില്‍ അതേപടി പകര്‍ത്തുകയും വേണമെന്നല്ല പറയുന്നത്. മാര്‍ക്‌സില്‍ നിന്ന് മാര്‍ക്‌സിസത്തെ വികസിപ്പിക്കേണ്ടതിനെക്കുറിച്ചാണ്. വിജയന്‍മാഷിന് മുമ്പ് ഇക്കാര്യം ആരും ഉയര്‍ത്തിയിരുന്നില്ല.
ആഗോളീകരണത്തിനെതിരായ പോരാട്ടങ്ങളെ എങ്ങിനെ മാര്‍ക്‌സില്‍ നിന്ന് തുടങ്ങാമെന്ന പരീക്ഷണമാണ് അദ്ദേഹം നടത്തിയത്. അങ്ങിനെ അന്വേഷിക്കുമ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളുടെ വിപ്ലവാത്മകത സംരക്ഷിക്കുകയെന്നതാണ് ഏറ്റവും വലിയ ആവശ്യം. ആഗോളവത്കരണത്തിന്റെ സൗകര്യങ്ങള്‍ അനുഭവിക്കുന്ന പ്രൊഫഷണലുകളുടെ കയ്യില്‍ നിന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ രക്ഷിക്കുകയെന്നതാണ്. അതിനൊരു പ്രായോഗിക അര്‍ഥം കൂടിയുണ്ട്. ആഗോളവത്കരണത്തിന്റെ സൗകര്യങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുന്നവരില്‍ നിന്ന് മാര്‍ക്‌സിസത്തെ മോചിപ്പിക്കുകയെന്നതാണത്. അതുകൊണ്ടായിരിക്കണം വിജയന്‍മാഷ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ മാര്‍ക്‌സിസ്റ്റ് വിരുദ്ധര്‍ക്കെതിരെ കൂടി പ്രവര്‍ത്തിച്ചിട്ടിണ്ടാവുക. അതിനുള്ള കൃത്യമായ പ്രായോഗിക അന്തരീക്ഷം അന്ന് കേരളത്തിലുണ്ടായിരുന്നു. ഇവിടെയാണ് ഫണ്ടിങ്ങിന്റെയും മറ്റും കാര്യങ്ങള്‍ വരുന്നത്. വിജയന്‍മാഷിന് വിദേശികളോട് വെറുപ്പാണെന്ന് വരെ ഈ കാലയളവില്‍ പ്രചരിപ്പിച്ചിരുന്നു. അമേരിക്കയെ നമ്മള്‍ രണ്ട് തരത്തിലാണ് നോക്കുക. അമേരിക്ക ഒരുപാട് മാര്‍ക്‌സിസ്റ്റ് ചിന്തകരുടെ നാടാണ്. നോംചോംസ്‌കിയുടെ നാടാണ് എന്ന് വിലയിരുത്താം. അതേസമയം ഒരുപാട് ഫണ്ട് ലഭിക്കുന്ന നാട് കൂടിയാണത്. വിജയന്‍മാഷിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ മാര്‍ക്‌സിസ്റ്റ് ചരിത്രത്തില്‍ തന്നെ ഏറ്റവും സുപ്രധാനമായ സമരമാണ്.
വിജയന്‍മാഷുടെ സമ്പൂര്‍ണ്ണകൃതികളില്‍ രാഷ്ട്രീയത്തെക്കുറിച്ചുള്ള ലേഖനങ്ങളില്‍ ബദല്‍ രാഷ്ട്രീയത്തിന്റെ അന്വേഷണങ്ങളാണുള്ളത്. ചിന്തകനും പ്രക്ഷോഭകാരിയുമായ വിജയന്‍മാഷ് ഉണ്ടാക്കിയ രാഷ്ട്രീയം ആഗോളവത്കരണത്തിനെതിരായ ബദല്‍ രാഷ്ട്രീയമാണ്. ബദല്‍രാഷ്ട്രീയത്തിന്റെ അടിസ്ഥാനം അതിന്റെ ആദര്‍ശാത്മകതയാണ്. ആദര്‍ശാത്മകമായ പുതിയൊരു മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയത്തെ അവതരിപ്പിക്കുകയാണ് വിജയന്‍മാഷ് ചെയ്തത്. ആദര്‍ശാത്മകമായ ബദല്‍ മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയത്തെ പിന്നീട് കേരളത്തില്‍ പലരും ഏറ്റെടുത്തിട്ടുണ്ട്. അത് ഉള്ളടക്കത്തിലുണ്ടോയെന്ന് നമുക്കറിഞ്ഞുകൂട.
വിജയന്‍മാഷുടെ ചിന്തയാണ് വി.എസ് അച്യുതാനന്ദനില്‍ പോലും ശരിയായ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയതെന്ന് പലരും പറയാറുണ്ട്. വി.എസ്, വിജയന്‍മാഷ് ഉയര്‍ത്തിയ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നോ?.
വി.എസ് എന്ന പഴയ കമ്മ്യൂണിസ്റ്റുകാരന്‍സി.പി.ഐ.എമ്മിനകത്ത് നിന്നുകൊണ്ട് വിജയന്‍മാഷിന്റെ ഈ രാഷ്ട്രീയത്തെ ഏറ്റെടുത്തിട്ടുണ്ട്. വി.എസ് ഒരുപാട് രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ്. 2001-2006 കാലഘട്ടത്തിലെ വി.എസ് അച്യുതാനന്ദന്‍ അതുവരെ നമ്മള്‍ കണ്ട വി.എസ് ആയിരുന്നില്ല. വിജയന്‍മാഷിന്റെ നേതൃത്വത്തില്‍ പുരോഗമനകലാസാഹിത്യ സംഘത്തിനകത്തും പുറത്തും നടത്തിയ സൈദ്ധാന്തിക ചര്‍ച്ചയുടെ ഭാഗമായിട്ടാണ് വി.എസ് അച്യുതാനന്ദന്‍ ഇത്തരത്തിലൊരു രാഷ്ട്രീയ നിലപാട് സ്വീകരിച്ചത്.
ഈ കാലഘട്ടത്തില്‍ പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദനാണ് പ്രായോഗിക രാഷ്ട്രീയത്തില്‍ ആശാവഹമായ ഒരുപാട് ചുവടുവെപ്പുകള്‍ നടത്തിയത്. പരിസ്ഥിതി, സ്ത്രീ, ദളിത് പ്രാധാന്യമുള്ള വിഷയങ്ങള്‍ ഏറ്റെടുക്കുന്ന ഒരു സി.പി.ഐ.എം രാഷ്ട്രീയം മുന്നോട്ട് വെക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ പ്രശ്‌നങ്ങളിലെല്ലാം വി.എസ് നൂറ് ശതമാനം വിജയിച്ചുവെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഞാനിത് പറയുമ്പോള്‍ വി.എസിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും വി.എസിനോടുള്ള ഭക്തികൊണ്ടാണ് ഞാനിത് പറയുന്നതെന്ന് പറഞ്ഞേക്കാം. എനിക്കൊരാളോടും ഭക്തിയില്ല എന്നത് പോലെ വി.എസ് അച്യുതാനന്ദനോടും ഭക്തിയില്ല.
ഞാന്‍ പറയുന്നത് വസ്തുതയാണ്. ഈ കാലയളവുകളില്‍ പരിസ്ഥിതി,സ്ത്രീ,ദളിത് വിഷയങ്ങളില്‍ അവര്‍ക്കനുകൂലമായ നിലപാടെടുത്ത ഒരു രാഷ്ട്രീയ നേതാവും കേരളത്തിലില്ല. ചെങ്ങറ സമരത്തില്‍ എന്തൊക്കെ വിമര്‍ശനങ്ങള്‍ വി.എസിനെതിരെ ഉന്നയിച്ചാലും സമരത്തിന്റെ അവസാനഘട്ടത്തില്‍ കുറച്ചെങ്കിലും ഭൂമി നല്‍കുന്ന ഒരവസ്ഥയില്‍ എത്തിയത് വി.എസ് മുഖ്യമന്ത്രിയായിരുന്നതുകൊണ്ട് മാത്രമാണ്. സമാന്തരമായ ഒരു സമരമാണ് മുത്തങ്ങയില്‍ നടന്നത് അതെങ്ങിനെയാണ് അവസാനിച്ചതെന്ന് നമുക്കറിയാം. ചെങ്ങറ സമരം പോലെ മുത്തങ്ങയില്‍ നടന്ന വിപുലമായ ആദിവാസികളുടെ സമരത്തെ അന്നത്തെ സര്‍ക്കാര്‍ ചോരയില്‍ അവസാനിപ്പിക്കുകയാണ് ചെയ്തത്.
ചെങ്ങറ സമരക്കാര്‍ക്ക് വേണ്ടി വീറോടെ വാദിച്ച കോണ്‍ഗ്രസുകാര്‍ ചരിത്രബോധമുണ്ടെങ്കില്‍ മുത്തങ്ങ സമരത്തില്‍ അവരെന്ത് ചെയ്തു എന്നത് കൂടി ഓര്‍ക്കേണ്ടതാണ്. വി.എസ് അച്യുതാനന്ദന്റെ സാന്നിധ്യം മുത്തങ്ങയില്‍ നിന്ന് വ്യത്യസ്തമായി ചെങ്ങറയില്‍ ഒരു നിലപാടെടുക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചിട്ടുണ്ട്. ഈയൊരു മാറ്റം ഉണ്ടായത് വി.എസ് അച്യുതാനന്ദന്‍ ഏറ്റെടുത്ത ബദല്‍ മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ്. വി.എസ് ഏറ്റെടുക്കുകയെന്ന് പറഞ്ഞാല്‍ വി.എസ് ഒറ്റക്കല്ല, അങ്ങിനെ പറയുന്നത് ചരിത്ര നിഷേധമാണ്. ഈ സമരങ്ങളുടെ എല്ലാം കേന്ദ്രബിന്ദു വി.എസ് അച്യുതാനന്ദന്‍ ആയിരുന്നുവെന്ന് മാത്രമേ ഇപ്പറയുന്നതിന് അര്‍ഥമുള്ളൂ. വി.എസ് അച്യുതാനന്ദനെ ആര്‍ക്കു വേണമെങ്കിലും വിമര്‍ശിക്കാം പക്ഷെ വസ്തുതകള്‍ അവിടെ ബാക്കിയാവുന്നു.
സി.പി.ഐ.എമ്മിനുള്ളില്‍ ബദല്‍ രാഷ്ട്രീയം ഉയര്‍ത്തിയ വി.എസ് ഒരുവശത്ത് നില്‍ക്കുന്നു. അതേസമയം ഇടതു ബദല്‍രാഷ്ട്രീയം ഉയര്‍ത്തിയ വലിയൊരു സമൂഹം ഇന്ന് സി.പി.ഐ.എമ്മിന് പുറത്താണ്.
ധാരളം ഒത്തുതീര്‍പ്പുകള്‍ ഉള്ള ഒരു ബദല്‍ രാഷ്ട്രീയം വി.എസിന്റെ നേതൃത്വത്തില്‍ സി.പി.ഐ.എമ്മിനുള്ളില്‍ നടക്കുന്നുണ്ട്. അതേസമയം വിജയന്‍മാഷുടെ കൂടെ നിന്നിരുന്ന ധാരളം പേര്‍ പൊതുമണ്ഡലത്തിലുള്ള സാധ്യതകള്‍ കൂടി ഉപയോഗിച്ച് ഒരു യഥാര്‍ഥ ബദല്‍ രാഷ്ട്രീയം മുന്നോട്ട് വെക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിന്റെ രണ്ടാംഘട്ടത്തില്‍ സി.പി.ഐ.എമ്മില്‍ നിന്ന് പുറത്ത് വരുന്ന ആളുകള്‍ക്കൊക്കെ പ്രത്യയശാസ്ത്രപരമായ ഒരു ഓറിയന്റേഷന്‍ ഉണ്ടാക്കിക്കൊടുത്തത് അധിനിവേശ പ്രതിരോധ സമിതിയാണ്. അധിനിവേശ പ്രതിരോധ സമിതിക്ക് ശേഷം കേരളത്തില്‍ പലഭാഗങ്ങളില്‍ നിന്നായി പല ഗ്രൂപ്പുകള്‍ സി.പി.ഐ.എമ്മില്‍ നിന്ന് പുറത്ത് വരികയോ പുറത്താക്കപ്പെടുകയോ ചെയ്തപ്പോള്‍ പഴയ പതിവില്‍ നിന്ന് വ്യത്യസ്തമായി എം.വി രാഘവന്റെയോ ഗൗരിയമ്മയുടെയോ രീതിയിലല്ല അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനം നടന്നത്.
ഇതുവരെ ചെയ്തുവന്നത് സി.പി.ഐ.എമ്മില്‍ നിന്ന് പുറത്തായപ്പോള്‍ നേരെ ചെന്ന് എതിര്‍പാളയത്തില്‍ പോവുക എന്നതായിരുന്നു. യു.ഡി.എഫില്‍ ചേരുമ്പോള്‍ അതൊരു ബദല്‍ രാഷ്ട്രീയമാണെന്ന് പറയാന്‍ കഴിയില്ല. അതിനൊരു രാഷ്ട്രീയമേയുള്ളൂ. യു.ഡി.എഫിന്റെ അംഗബലം കൂട്ടുന്ന യു.ഡി.എഫിന്റെ വലതുപക്ഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന രാഷ്ട്രീയം. ഈ പ്രവര്‍ത്തനമാണ് എം.വി രാഘവനും ഗൗരിയമ്മയുമൊക്കെ ചെയ്തിട്ടുള്ളത്. അവരുടെ പാരമ്പര്യമൊന്നും നിഷേധിക്കുന്നില്ല.
പുതിയ കാലത്ത് സി.പി.ഐ.എമ്മില്‍ നിന്ന് പുറത്ത് വന്ന ആളുകള്‍ക്ക് മാറ്റമുണ്ടായിട്ടുണ്ട്. വിജയന്‍മാഷുടെ ഗ്രൂപ്പിങ്ങിന്റെ അന്തരീക്ഷമുണ്ടായിരുന്നത് കൊണ്ട് സി.പി.ഐ.എം വിട്ടവര്‍ ആദ്യം അധിനിവേശ പ്രതിരോധ സമിതിയിലും അതിന്റെ വിപുലീകരിച്ച രൂപമായ കമ്മ്യൂണിസ്റ്റ് കാംപെയിന്‍ കമ്മിറ്റിയിലും പ്രവര്‍ത്തിച്ചു. അതുകൊണ്ട് ഈ മനുഷ്യരൊക്കെ നേരേ ചെന്ന് യു.ഡി.എഫിന്റെ ഭാഗമാവുകയല്ല ചെയ്തിട്ടുള്ളത്. ഈ പറയുന്ന ആളുകളൊക്കെ തനിച്ച് നില്‍ക്കുകയും മിലിറ്റന്റായ ഒരു മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയ കാഴ്ചപ്പാട് സ്വീകരിക്കുകയും ചെയ്തു. ഷൊര്‍ണ്ണൂരിലായാലും ഒഞ്ചിയത്തായാലും മറ്റെല്ലായിടത്തും അങ്ങിനെയുണ്ടായി. വിജയന്‍മാഷുണ്ടാക്കിയ അന്തരീക്ഷം ഇല്ലായിരുന്നുവെങ്കില്‍ ഇവര്‍ ബൈപോളാര്‍ സിസ്റ്റം പിന്തുടരുന്ന കേരളത്തില്‍ ഏതെങ്കിലും ഒന്നിന്റെ ഭാഗമാവുമായിരുന്നു. അങ്ങിനെയാകാതെ നില്‍ക്കണമെങ്കില്‍ അസാമാന്യമായ ഉള്‍ക്കരുത്തും രാഷ്ട്രീയ ആത്മവിശ്വാസവും ആവശ്യമാണ്. ഈ രാഷ്ട്രീയ ആത്മവിശ്വാസം ഉണ്ടായത് കേരളത്തില്‍ അന്നുണ്ടായ പ്രത്യശാസ്ത്ര ചര്‍ച്ചയുടെ ഭാഗമായിട്ടാണ്. ഈയൊരു ഘട്ടത്തിലാണ് മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമായി ഇടതുപക്ഷ ഏകോപന സമിതി ആഗോളവത്കരണത്തിനെതിരെ തീവ്രമായ ഇടതുപക്ഷ രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന ഒരു സംഘടനയായി മാറുന്നത്. ഒരു സമൂര്‍ത്ത സ്വഭാവമില്ലെങ്കിലും സമാന ചിന്താഗതിയുള്ള കുറച്ച് ഗ്രൂപ്പുകളുടെ ഒരു സംഘമാണ് ഏകോപന സമിതി. ഇങ്ങിനെ ഒരു പശ്ചാത്തലമില്ലെങ്കില്‍ ഇത്തരമൊരു സംഘം ഉണ്ടാവുകയില്ല.
എന്നാല്‍ ഇടതുപക്ഷ ഏകോപന സമിതി പല സ്ഥലങ്ങളിലും യു.ഡി.എഫമായി ബന്ധമുണ്ടാക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. തിരഞ്ഞെടുപ്പ് ധാരണകള്‍ പോലും ഉണ്ടാക്കുന്നു. സി.പി.ഐ.എം വലത് വത്കരിക്കപ്പെടുന്നുവെന്ന് പറഞ്ഞവര്‍ ഇപ്പോഴെത്തിയിരിക്കുന്നത് തീവ്രവലത് പാളയത്തിലല്ലെ?.
ഇപ്പറയുന്ന ആളുകളുടെ പ്രായോഗിക വാദ രാഷ്ട്രീയത്തിന്റെ ഒരു പരിമിതിയാണിത്. ലോകത്തിലെ വിപ്ലകാരികള്‍ മുഴുവന്‍ ആദര്‍ശാത്മക ബദല്‍ രാഷ്ട്രീയത്തിന്റെ വക്താക്കളായിരുന്നു. അപ്പോള്‍ മാത്രമേ ഇത്തരമൊരു രാഷ്ട്രീയത്തിന് നിലനില്‍ക്കാനാവുകയുള്ളൂ. എന്നാല്‍ ഇടതുപക്ഷ ഏകോപന സമിതിയെ വിമര്‍ശനാത്മകമായി ഇന്ന് കാണുകയാണെങ്കില്‍ അതിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം ഒരു പ്രത്യയശാസ്ത്ര അവിയല്‍ രാഷ്ട്രീയമാണ് അവര്‍ പലപ്പോഴായി മുന്നോട്ട് വെച്ചത് എന്നാണ്. ആദര്‍ശാത്മക മാര്‍ക്‌സിസ്റ്റ് ബദല്‍ രാഷ്ട്രീയം മുന്നോട്ട് വെക്കാന്‍ ഇടതുപക്ഷ ഏകോപന സമിതിക്ക് കഴിഞ്ഞിട്ടില്ല.
വിപ്ലവകരമായ ബദല്‍ രാഷ്ട്രീയം മുന്നോട്ട് വെച്ച് അതിന് വേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിച്ച ഇവര്‍ ഇത്രപെട്ടെന്ന് വലത് വത്കരിക്കപ്പെട്ടതെങ്ങിനെയാണ്?. താങ്കളടക്കമുള്ളവരുടെ നേതൃത്വത്തിലല്ലേ ഈ കൂട്ടായ്മ രൂപപ്പെട്ടത്?
ഇടുപക്ഷ ഏകോപന സമിതി ഒരു രാഷ്ട്രീയ സംഘടനയാണ്. അതില്‍ ഒരു സെന്‍ട്രല്‍ ആയ റോള്‍ ഒരിക്കലും എനിക്കുണ്ടായിരുന്നില്ല. ഇത് വ്യക്തിപരമായ സാധൂകരണമായി എനിക്ക് പറയേണ്ടതുണ്ട്. കമ്മ്യൂണിസ്റ്റ് കാംപെയിന്‍ കമ്മിറ്റിയില്‍ വളരെ പ്രധാനമായ ഒരു റോള്‍ എനിക്കുണ്ടായിരുന്നു. വിജയന്‍മാഷുടെ തുടര്‍ച്ചയായി ഉണ്ടായ ഒരു രാഷ്ട്രീയ ദൃഢതയുടെ രൂപം ഉണ്ടാക്കിക്കൊടുക്കാനുള്ള ഭാഗമായിട്ടാണ് കാംപെയിന്‍ കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങിയത്. കാംപെയിന്‍ കമ്മിറ്റിയില്‍ ഉണ്ടായ വീഴ്ചകള്‍ ഞാന്‍ ഏറ്റെടുത്തേക്കുമെന്നല്ലാതെ ഇടതുപക്ഷ ഏകോപന സമിതിയുടെ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ട അവസ്ഥ എനിക്കില്ല. അതിനുമാത്രം ഒരു റോള്‍ എനിക്കുണ്ടായിരുന്നില്ല. അതുണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടുമില്ല.
എന്റെ ജീവിത പശ്ചാത്തലം എല്ലാവര്‍ക്കുമറിയാവുന്നതാണ്. പ്രക്ഷോഭകാരിയായ ബുദ്ധീജിവി എന്ന പേര് എനിക്ക് ചാര്‍ത്തിത്തന്നിട്ടുണ്ട്. പ്രക്ഷോഭകാരിയായ ബുദ്ധിജീവി എന്നൊക്കെ പറയുന്ന ഒരാള്‍ക്ക് ഒരു വലിയ സംഘടനയുടെ വ്യക്തികളെ സ്വാധീനിക്കുന്നതിന് ഒരുപാട് പരിമിതികളുണ്ട്. തീര്‍ച്ചയായും ഈ പരിമിതികളെല്ലാം എന്നെയും ബാധിച്ചിട്ടുണ്ട്. വിജയന്‍മാഷ് ഉയര്‍ത്തിക്കൊണ്ട് വന്ന ആദര്‍ശാത്മക സാമ്രാജ്യത്വ വിരുദ്ധ ആശയം ഇടതുപക്ഷ ഏകോപനസമിതിയെ വലിയ തോതില്‍ ബാധിച്ചിട്ടില്ല. അങ്ങിനെ വലുതായി ബാധിക്കാത്ത സ്ഥിതിക്ക് പ്രായോഗിക രാഷ്ട്രീയത്തിന് എത്തിച്ചേരാന്‍ കഴിയുന്നിടത്തൊക്കെ എത്തിച്ചേരാന്‍ അത് ശ്രമിക്കും.
ചീഞ്ഞ മുഖ്യധാരരാഷ്ട്രീയത്തിനകത്ത് ശരിയായ പ്രായോഗിക മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയം കൈകാര്യം ചെയ്യണമെങ്കില്‍ അസാധാരണമായ രാഷ്ട്രീയബോധവും വ്യക്തികളെന്ന നിലയില്‍ അസാധാരണമായ ആത്മബലവും വേണ്ടിവരും. ഇടതുപക്ഷ ഏകോപനസമിതിയില്‍ ഇപ്പോള്‍ അണിനിരന്ന ആളുകള്‍ക്ക് അങ്ങിനെയൊരു കരുത്ത് കാണിക്കുവാന്‍ കഴിയുമെന്ന് ഇപ്പോള്‍ കരുതുവാന്‍ യാതൊരു നിര്‍വ്വാഹവുമില്ല. സി.പി.ഐ.എമ്മിന്റെ എല്ലാ ശീലങ്ങളിലൂടെയും കടന്നുവന്ന വളരെ ദുര്‍ബലരായ മനുഷ്യരാണ് ഇടതുപക്ഷ ഏകോപനസമിതിയിലുമുള്ളത്.
എം.എന്‍ വിജയന്‍ കൈകാര്യം ചെയ്ത രാഷ്ട്രീയവും ആദര്‍ശാത്മകതയും ഈ പറയുന്നവരില്‍ നിന്ന് പ്രതീക്ഷിക്കുകയെന്ന് പറഞ്ഞാല്‍ അതൊക്കെ കുറേ അധികമാണ്. പക്ഷെ തീര്‍ച്ചയായും അങ്ങിനെ പ്രതീക്ഷിച്ചിരുന്നു കേരളം. എന്നാല്‍ ഈ പറയുന്നവര്‍ വളരെ സാധാരണക്കാരും ദുര്‍ബലരുമാണെന്ന് തെളിയിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍ പോയത്. അവര്‍ക്ക് മുനിസിപ്പല്‍ ചെയര്‍മാനാകണം, വാര്‍ഡ് അംഗമാകണം. അതൊക്കെ മോശമാണെന്നല്ല പറയുന്നത്. പാര്‍ലിമെന്ററി കാര്യങ്ങള്‍ മാര്‍ക്‌സിസ്റ്റുകള്‍ ചെയ്യണമെന്ന് ഉറച്ച് വിശ്വസിക്കുന്നയാളാണ് ഞാന്‍. അതിലൊന്നും എനിക്ക് ഒരു തെറ്റിദ്ധാരണയുമില്ല. സായുധ രീതിയെ ഞാന്‍ പിന്തുണക്കുന്നില്ല. അതുകൊണ്ട് അവര്‍ പഞ്ചായത്തിലും മറ്റും മത്സരിക്കുന്നതില്‍ ഒരു പിശകുമില്ല. പക്ഷെ നിങ്ങള്‍ക്ക് അതുമാത്രമാണ് ഒരൊറ്റ ലക്ഷ്യമെന്നായിത്തീരുകയാണെങ്കില്‍ അത് ബദല്‍ രാഷ്ട്രീയമോ ആദര്‍ശാത്മക രാഷ്ട്രീയമോ അല്ല.
നിലനില്‍പ്പിന്റെ രാഷ്ട്രീയത്തെക്കുറിച്ചാണ് ഇടതുപക്ഷ ഏകോപന സമിതി ഇപ്പോള്‍ പറയുന്നത്. യു.ഡി.എഫുമായി ഇത്തരമൊരു രാഷ്ട്രീയ ബന്ധമില്ലാതെ ഇത്തരം സ്ഥലങ്ങളില്‍ നിലനില്‍ക്കാന്‍ കഴിയില്ലെന്നാണ് അവര്‍ പറയുന്നത്?.
ഇടതുപക്ഷ ഏകോപനസമിതി കുറച്ചുകാലമായി ശ്രമിക്കുന്നത് പഞ്ചായത്ത്, മുനിസിപ്പില്‍ മെമ്പറാകാനും ചെയര്‍മാനാകാനുമാണ്. അതിന് വേണ്ടി വലതുപക്ഷവുമായി എന്ത് തരത്തിലുള്ള കോംപ്രമൈസിനും അവര്‍ തയ്യാറാവുന്നുവെന്നതാണ്. അതിനൊക്കെ അവര്‍ ഓരോ മറയിടും. എപ്പോഴും മതലാളിത്ത രാഷ്ട്രീയത്തിന്റെയൊരു പ്രശ്‌നം അത് ഒരിക്കലും സത്യം പറയില്ലെന്നതാണ്. മാര്‍ക്‌സ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ പറഞ്ഞത് കമ്മ്യൂണിസ്റ്റുകാര്‍ ലക്ഷ്യങ്ങള്‍ മൂടിവെക്കുന്നത് അറപ്പാണെന്നാണ്. സത്യം പറയുന്നതാണ് കമ്മ്യൂണിസ്റ്റ് രീതി. തുറന്ന് പറയുകയെന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ അഭിമാനമായി പറയുന്നത്.
മുതലാളിത്തം കാര്യങ്ങള്‍ മറച്ച് പിടിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്. ഏറ്റവും കൊള്ളരുതാത്തത് പോലും ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞാണ് മുതലാളിത്തം അവതരിപ്പിക്കുക. ഈ വലതുപക്ഷ രാഷ്ട്രീയത്തെ ഇടതുപക്ഷ ഏകോപന സമിതി പിന്തുടര്‍ന്നാല്‍ ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ അതേ യുക്തി തന്നെ ആളുകള്‍ക്ക് ഉപയോഗിക്കേണ്ടി വരും. നിങ്ങള്‍ അധികാര രാഷ്ട്രീയത്തിലെത്താന്‍ ശ്രമിക്കുമ്പോള്‍, ഞങ്ങള്‍ വ്യക്തിപരമായ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്നതാണെന്ന് പറയുക. ഇത് മുതലാളിത്ത യുക്തിയുടെ വൈരുദ്ധ്യത്തില്‍ ഇടതുപക്ഷ ഏകോപനസമിതിക്കാരും ചെന്ന്‌പെട്ടുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുക.
ഇടതുപക്ഷ ഏകോപന സമിതിയുടെ ഇപ്പോഴത്തെ അവസ്ഥയെ ബദല്‍രാഷ്ട്രീയത്തിന്റെ അന്ത്യമായി വിലയിരുത്താന്‍ സാധിക്കുമോ?.
കേരള ചരിത്രത്തില്‍ ഞങ്ങളെപ്പോലുള്ള ഒരുപാട് ആളുകളുടെ വിയര്‍പ്പിലുണ്ടായിട്ടുള്ള ആദര്‍ശാത്മക മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയത്തിന് ഏറ്റ വലിയൊരു തിരിച്ചടിയായി മാത്രമേ ഞാനിതിനെ വിലയിരുത്തുന്നുള്ളൂ. ഈ തിരിച്ചടി കേരളത്തിലെ എല്ലാവിധ ബദല്‍ രാഷ്ട്രീയത്തിന്റെയും അവസാനമാണ് എന്നൊക്കെ ചിന്തിക്കാനുള്ള ചരിത്രബോധമില്ലായ്മ എനിക്കില്ല. മനുഷ്യരാശിയില്‍ ആഴത്തിലുള്ള പ്രതീക്ഷ എനിക്കിപ്പോഴുമുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ ബോധത്തെക്കുറിച്ച് മറ്റാരെക്കാളും നന്നായി എനിക്കറിയാം. അതുകൊണ്ട് തന്നെ എനിക്കൊരു നിരാശയുമില്ല.
ഞങ്ങളുടെയൊക്കെ ആത്മകഥയുടെ ഭാഗമായിട്ടുള്ള ആദര്‍ശാത്മക രാഷ്ട്രീയത്തിനേറ്റ ഇന്നത്തെ ഒരു തിരിച്ചടി എല്ലാ കാലത്തേക്കും അവശേഷിക്കുന്ന ഒരു തിരിച്ചടിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷെ തിരിച്ചടി തിരിച്ചടി തന്നെയാണ്. പക്ഷെ എല്ലാ തിരിച്ചടികളെയും മറികടന്ന് ഒരു ബദല്‍ രാഷ്ട്രീയം, അങ്ങിനെ പറയുന്നതില്‍ അര്‍ഥമില്ല. ഒരു ആദര്‍ശാത്മക മാര്‍ക്‌സിസ്റ്റ് ബദല്‍ രാഷ്ട്രീയം തീര്‍ച്ചയായും ഉരുത്തിരിഞ്ഞ് വരും. ആഗോളീകരണത്തിന്റെ ഇക്കാലത്ത് എങ്ങിനെയാണ് ആദര്‍ശാത്മക ബദല്‍രാഷ്ട്രീയത്തിന് തിരിച്ചടി നേരിടുന്നത് എന്നതിനെപ്പറ്റി ചിന്തിക്കേണ്ട കാലം വളരെയധികം പിന്നിട്ടിരിക്കുന്നു. തീര്‍ച്ചയായും അത്തരം ആലോചനകള്‍ക്ക് മോശമല്ലാത്ത ഫലം ഉണ്ടാവും.
ഇടതുപക്ഷ ഏകോപന സമിതിയില്‍ അണിനിരന്നിട്ടുള്ള മുഴുവന്‍ ആളുകളോ ഘടകങ്ങളോ വീണ്ടുമൊരു സി.പി.ഐ.എം വത്കരണത്തിന്റെ വഴിയില്‍ പോകുന്നില്ല. ഒരുപക്ഷെ യു.ഡി.എഫുമായുള്ള ഐക്യത്തിന് പോകുന്നവര്‍ക്ക് ഇടതുപക്ഷ ഏകോപന സമിതിയിലെ മുഴുന്‍ പ്രവര്‍ത്തകരെയും ആ വഴിയിലേക്ക് കൊണ്ട് പോകാന്‍ കഴിയില്ല. തീര്‍ച്ചയായും ധാരാളം ആളുകള്‍, ഘടകങ്ങള്‍ ബാക്കിനില്‍ക്കും. അതുകൊണ്ട് എല്ലാ കാര്യങ്ങളും എല്ലാ കാലത്തേക്കും അവസാനിച്ചുവെന്ന് വിശ്വസിക്കാന്‍ കഴിയില്ല. ഇനിയും മുന്നോട്ട് പോകാന്‍ കഴിയും. അത് ഇടതുപക്ഷ ഏകോപന സമിതിയുടെ പരാജയത്തില്‍ നിന്നുള്ള പാഠം പഠിച്ചിട്ടു വേണം. പഴയതിനെക്കാള്‍ കുറച്ചുകൂടി സൂക്ഷ്മത വേണ്ടിവരും.
സി.പി.ഐ.എം 64ല്‍ ഉണ്ടായിട്ടുള്ള ഒരു പാര്‍ട്ടിയാണ്. അതിന്റെ പതനത്തിന് ദശകങ്ങള്‍ വേണ്ടി വന്നു. പക്ഷെ ഇടതുപക്ഷ ഏകോപന സമിതിക്ക് ഈയൊരു വഴിയില്‍ എത്താന്‍ വളരെകുറച്ച് സമയം മാത്രമേ വേണ്ടി വന്നുള്ളൂ. ഈ അനുഭവങ്ങളില്‍ നിന്നും നമുക്ക് വലിയ പാഠങ്ങള്‍ ഉണ്ടാക്കേണ്ടി വരും. അതുകൊണ്ട് സാവകാശം കുറച്ചുകൂടി വ്യക്തികളെ, ഗ്രൂപ്പുകളെ പരീക്ഷിച്ച് വളരെ പതിയെ മാത്രമേ പുതിയ രാഷ്ട്രീയം ഉണ്ടാക്കാന്‍ കഴിയുകയുള്ളൂ. ഈ ചീഞ്ഞ അന്തരീക്ഷത്തെ ഭേദിക്കുന്ന പുതിയ രാഷ്ട്രീയം ഉണ്ടായേ മതിയാവൂ.
ഇടതുപക്ഷ ഏകോപന സമിതി ഇടത് ബദല്‍ രാഷ്ട്രീയത്തിന്റെ സ്‌പേസിനെ ചുരുക്കിയിട്ടുണ്ട്. എല്ലാം കണക്കാണെന്ന അരാഷ്ട്രീയവാദത്തിന്റെ മൗലികയുക്തി ജനങ്ങളിലുണ്ടാക്കാന്‍ ഇവരുടെ പ്രവര്‍ത്തനം വഴിയൊരുക്കി. ഏത് മഹാവിപ്ലവകാരിക്കും വാസ്തവത്തില്‍ ഇങ്ങിനെയൊക്കെയേ കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്ന ഒരു ചിന്തയാണ് ഇവരുടെ പ്രവര്‍ത്തനം വഴിയുണ്ടായത്.
ഏകോപന സമിതിയുടെ ചില നേതാക്കന്‍മാര്‍ തങ്ങള്‍ ആനയാണ് ചക്കയാണ് എന്നൊക്കെയാണ് പറയുന്നത്. ഇവരുടെ ഇത്തരം പ്രവവര്‍ത്തനങ്ങള്‍ രാഷ്ട്രീയത്തില്‍ കാര്യമായി ശ്രദ്ധിക്കുന്നവര്‍ക്ക് ചില നിരാശകളുണ്ടാക്കിയിട്ടുണ്ട്. ജനതയുടെ ജീവിതത്തില്‍ നിന്നാണ് രാഷ്ട്രീയമുണ്ടാവുന്നത്. ഒരു ജനതയുടെ ജീവിതപ്രതിസന്ധികളില്‍ നിന്നാണ് യഥാര്‍ഥ ബദല്‍ രാഷ്ട്രീയം ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളത്. ഈയടുത്ത ദിവസം വരെ ലോകത്തിലെ ആളുകള്‍ കരുതിയിരുന്ന പോലെയല്ല മധ്യപൂര്‍വ്വേഷ്യയില്‍ രാഷ്ട്രീയ സമരങ്ങള്‍ ഉണ്ടായത്. ജനകീയ പ്രക്ഷോഭങ്ങള്‍ മാതൃകാപരമാണെന്നൊന്നുമല്ല ഞാന്‍ പറയുന്നത്.
ഒരു മാറ്റത്തിന് വേണ്ടിയുള്ള സമരമാണത്. സി.പി.ഐ.എം ഒക്കെ തകര്‍ന്നതെന്ത് കൊണ്ടാണ്. സി.പി.ഐ.എമ്മിനെപ്പോലുള്ള വിപ്ലവ രാഷ്ട്രീയകക്ഷികള്‍ നവലിബറല്‍ ആശയങ്ങള്‍ കടന്നുവരാന്‍ തുടങ്ങിയതോടുകൂടി ഇനി രാഷ്ട്രീയ സമരങ്ങള്‍ ഉണ്ടാകില്ല എന്നാണ് കരുതിയിരുന്നത്. വോട്ടെടുപ്പ് രാഷ്ട്രീയത്തിലൂടെ ചില സ്ഥാനങ്ങളിലെത്തി ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി അവരെ പറ്റിക്കാമെന്നാണ് ഇത്തരം ആളുകള്‍ കരുതുന്നത്. മൗലികമായ മാറ്റങ്ങള്‍ക്ക് വേണ്ടി തെരുവില്‍ സമരം ചെയ്യുന്ന ജനത ഇനിയൊരിക്കലും ഉണ്ടാകില്ലെന്ന മിഥ്യാധാരണയില്‍ നിന്നാണ് സി.പി.ഐ.എം ഒക്കെ തകരാന്‍ തുടങ്ങിയത്. എന്നാല്‍ അത് തെറ്റായിരുന്നുവെന്നാണ് ഈജിപ്തിലും ടുണീഷ്യയിലും യമനിലും മറ്റ് അറേബ്യന്‍ രാജ്യങ്ങളിലും നടക്കുന്ന രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ സൂചിപ്പിക്കുന്നത്. പക്ഷെ ഈ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ ഉള്ളടക്കം പ്രതിലോമകരമായിരിക്കാം. പുരോഗമന രാഷ്ട്രീയമൊന്നും വേണ്ടത്രയില്ലാത്ത ഒരു സ്ഥലത്ത് പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ഉണ്ടാകുന്ന ഫലം വിപരീതമായിരിക്കാം. ഇത് തെളിയിക്കുന്നത് രാഷ്ട്രീയ മാറ്റത്തിന് വേണ്ടിയുള്ള സമരങ്ങള്‍ അവസാനിച്ചിട്ടില്ലെന്നാണ്.
മനുഷ്യരുടെ എല്ലാ പ്രശ്‌നങ്ങളും എല്ലാ കാലത്തേക്കും പരിഹരിച്ചുവെന്ന് പറയുന്നത് കുട്ടികളില്‍പ്പോലും ചിരിയുണ്ടാക്കുന്ന പ്രസ്താവനകളാണ്. മധ്യേഷ്യയില്‍ മലയാളികള്‍ പണിയെടുക്കുകയും സമ്പന്നരാവുകയും ചെയ്തിരുന്ന സ്ഥലത്തെ ജനങ്ങള്‍ അനുഭവിച്ചിരുന്ന ദുരിതം ഈയടുത്ത കാലത്ത് മാത്രമാണ് എല്ലാവരും അറിഞ്ഞത്. സൗദി അറേബ്യയില്‍ പോലും മതത്തിന്റെ പേരില്‍ ഏറ്റവും നിഷ്ഠൂരമായ രീതിയില്‍ അടിച്ചമര്‍ത്തല്‍ നടത്തുന്ന രാഷ്ട്രത്തില്‍ രാജാവിനെതിരെ തെരുവില്‍ ഇറങ്ങി സമരം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. രാജാധിപത്യത്തിന്റെ യുക്തികള്‍ വലിയ തോതില്‍ വെല്ലുവിളി നേരിടുന്ന സമയമാണിത്. ഇത് മാര്‍ക്‌സിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ആശാവഹമായ കാര്യമാണ്. ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടന്നിരുന്നു. പക്ഷെ ബാലറ്റ് പെട്ടിയെ ഭേദിക്കുന്ന ജനകീയ സമരങ്ങള്‍ അവസാനിച്ചിട്ടില്ലെന്നാണ് ഈജിപ്ത് നല്‍കുന്ന പാഠം. ലോകത്ത് സ്വാതന്ത്യേച്ച അവസാനിച്ചിട്ടില്ലെന്നാണ് ഇതൊക്കെ തെളിയിക്കുന്നത്. കേരളത്തിലും ഇന്ത്യയിലും ഇത്തരത്തിലുള്ള സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. അത്തരത്തില്‍ ചിന്തിക്കുന്നവരുടെ കൂട്ടായ്മ വളര്‍ന്നുവരും. കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇത്തരത്തിലുള്ള വലിയൊരു കൂട്ടായ്മ ഉരുത്തിരിഞ്ഞുവരുമെന്നാണ് കരുതുന്നത്.
ഇടത് ബദലുകളെപ്പോലും വലത് കൂടാരത്തിലെത്തിക്കുന്ന തരത്തില്‍ കേരളത്തിലെ പ്രായോഗിക രാഷ്ട്രീയം ഇത്രയും തരംതാഴാന്‍ കാരണമെന്താണ്?.
കേരളത്തിലെ പ്രായോഗിക രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്താണെന്ന് ചോദിച്ചാല്‍ അത് വളരെ ചീഞ്ഞ രാഷ്ട്രീയമാണ് എന്നതാണ്. അതിന്റെ കാരണം വിശദമായി പറയേണ്ടിയിരിക്കുന്നു. ജനസംഖ്യയുടെ പത്തിലൊരു ശതമാനം വിദേശത്ത് ജോലി ചെയ്യുകയും അതിന്റെ പണം നാട്ടിലെത്തുകയും ചെയ്യുന്ന സ്ഥലമാണ് കേരളം. ഇത്തരമൊരു സമൂഹത്തെ ബാധിക്കാവുന്ന എല്ലാ രാഷ്ട്രീയ ജീര്‍ണ്ണതകളും കേരളത്തെയും ബാധിച്ചിട്ടുണ്ട്. അങ്ങേയറ്റത്തെ മുതലാളിത്തമാണ് കേരളത്തിലുള്ളത്. മുതലാളിത്തം രാഷ്ട്രീയപ്പാര്‍ട്ടികളെ അവരുടെ അനുയായികളോ പാദസേവകരോ ആക്കിത്തീര്‍ത്തിരിക്കുകയാണ്. ആ റോളില്‍ നിന്ന് മാറിനില്‍ക്കാന്‍ വി.എസ് ശ്രമിക്കുന്നുവെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ആ റോള്‍ നിര്‍വ്വഹിക്കാത്ത ഒരുപക്ഷെ കേരളത്തിലെ ഏക രാഷ്ട്രീയക്കാരന്‍ വി.എസ് ആയിരിക്കും. അങ്ങിനെ നില്‍ക്കുകയെന്നത് വളരെ പ്രയാസമാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് പാര്‍ട്ടി ഭ്രഷ്ട് കല്‍പിക്കുന്നത്.
എന്താവശ്യത്തിനും പിരിവിന് ഗള്‍ഫിലേക്കാണ് പോകുന്നത്. ഗള്‍ഫല്ല കേരളരാഷ്ട്രീയത്തിന് ചെലവിന് കൊടുക്കേണ്ടത്. കേരളത്തിലെ രാഷ്ട്രീയത്തിന് മുമ്പ് ചെലവിന് കൊടുത്തിരുന്നത് മലയാളികള്‍ തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ കുറെ കാലമായി അങ്ങിനയല്ല സ്ഥിതി. അങ്ങിനെയാവുമ്പോള്‍ മിഡില്‍ ഈസ്റ്റിന്റെ ഒരു മുതലാളിത്ത വ്യവസ്ഥ ഈ രാഷ്ട്രീയത്തെ സ്വാധീനിച്ചേ മതിയാവുകയുള്ളൂ. അങ്ങിനെ വരുമ്പോള്‍ പ്രായോഗിക രാഷ്ട്രീയം ചീഞ്ഞേ മതിയാവുകയുള്ളൂ.
വി.എസിനൊപ്പമുള്ളവരെല്ലാം ഇപ്പോഴദ്ദേഹത്തെ തള്ളിപ്പറയുന്നു. മുരളി, ഷാജഹാന്‍, എന്നിവരെ ഒഴിവാക്കാം. പക്ഷെ എല്ലായ്‌പ്പോഴും വിജയന്‍മാഷിനൊപ്പമുണ്ടായിരുന്ന പ്രൊഫ.എസ് സുധീഷിനെപ്പോലുള്ളവര്‍ വി.എസിനെ റിലയന്‍സിന്റെ ഏജന്റായി ചിത്രീകരിക്കുമ്പോള്‍ അതിനെ സാധാരണ ജനം എങ്ങിനെയായിരിക്കും കാണുക?.
വി.എസ്.അച്യുതാനന്ദനേക്കാള്‍ ഉയര്‍ന്ന ആദര്‍ശാത്മകരാഷ്ട്രീയം എം.എന്‍.വിജയനുണ്ടായിരുന്നു. അദ്ദേഹം ഒരധികാരിയായിരുന്നില്ല. പക്ഷെ ആരേക്കാളും ഉയര്‍ന്ന ആദര്‍ശവും രാഷ്ട്രീയദൃഢതയും വിനയവും പോരാളിയുടെ മനസ്സും അദ്ദേഹത്തിനുണ്ടായിരുന്നു. വി.എസ്.അച്യുതാനന്ദനെ കടന്നുപോകുന്ന വ്യക്തിത്വവും അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടാണ് എം.എന്‍.വിജയന്‍ എന്തു പറയുന്നു എന്തു ചിന്തിക്കുന്നു എന്നൊക്കെ മലയാളികള്‍ നിരന്തരം അന്വേഷിച്ചു കൊണ്ടിരുന്നത്.
രാഷ്ട്രീയത്തില്‍ മുമ്പ് നമ്മള്‍ എന്ത് ചെയ്തുവെന്നത് ഇപ്പോഴുള്ള ചെയ്തികളെ സാധൂകരിക്കാനുള്ള ഒരു സംഗതിയല്ല. സി.പി.ഐ പിളര്‍ന്ന് സി.പി.ഐ.എം ഉണ്ടായപ്പോള്‍ സി.പി.ഐയിലെ നേതാക്കന്മാര്‍ മുമ്പ് വിപ്ലവകാരികളായിരുന്നില്ലേ എന്ന് ചോദിക്കരുത്. സി.പി.ഐ പിളര്‍ന്ന് സി.പി.ഐ.എം ഉണ്ടായത് റിവിഷനിസത്തിനെതിരായാണ്. അതുകൊണ്ട് സി.പി.ഐ.എം എന്നും ആ ഒരു വിപ്ലവപാതയിലാണെന്ന് പറയാനാകില്ല. അതുകൊണ്ട് ഇന്ന് സുധീഷോ ഷാജഹാനോ മുരളിയോ ആയൊരു നിലപാട് സ്വീകരിക്കുകയാണെങ്കില്‍ ആ പേരില്‍ മാത്രമേ അവരെ കാണാന്‍ കഴിയുകയുള്ളൂ. അല്ലാതെ മുമ്പ് വിജയന്‍മാഷുടെ കൂടെ ഉണ്ടായിരുന്നു എന്നതുകൊണ്ട് എന്നും അതുപോലെ ആയിക്കൊള്ളണമെന്നില്ല.
വി.എസ് എന്നു പറയുന്ന ഒരാളുടെ ഇമേജിനെ അടിച്ചുതാഴ്ത്തിക്കൊണ്ട് മാത്രമേ തങ്ങളുടെ രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയൂവെന്ന് കരുതുന്ന ആളുകളുണ്ട്. ഞാന്‍ പറയുവാന്‍ ശ്രമിക്കുന്നതും നേരത്തെ പറഞ്ഞുകൊണ്ടിരുന്ന കാര്യവും ഇതാണ്. വി.എസ് അച്യുതാനന്ദനെ നമുക്ക് വിട്ടുകളയാം. വി.എസ് ഉയര്‍്ത്തിയ രാഷ്ട്രീയത്തെപ്പറ്റി മാത്രമേ നമുക്ക് സംസാരിക്കാന്‍ കഴിയുകയുള്ളൂ. വി.എസ് അച്യുതാനന്ദന്‍ എന്ന വ്യക്തിയുടെ എല്ലാ കാര്യങ്ങളും സാധൂകരിക്കാന്‍ വേണ്ടി ആളുകള്‍ ഇങ്ങിനെ മിനക്കെടണമെന്നില്ല. വി.എസ് പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തെക്കുറിച്ചാണവര്‍ പറയേണ്ടത്. കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അവരുടെ വ്യക്തി ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങളെ എടുത്താണ് ബൂര്‍ഷ്വാ ചരിത്രകാരന്‍മാര്‍ അവരെ വിലയിരുത്തുന്നത്. അല്ലാതെ അവരുടെ രാഷ്ട്രീയത്തെക്കുറിച്ചല്ല.
ഇവിടെ വി.എസ് അച്യുതാനന്ദന്‍ ഏത് രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നുവെന്നതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അതുകൊണ്ട് തന്നെ വ്യക്തിപുരാണങ്ങള്‍ ഇവിടെ പരിഗണനീയമല്ല. ഇവിടെ വി.എസ് ചെയ്തത് തന്റെ മകനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം ലോകായുക്തയുടെ അന്വേഷണത്തിന് വിടുകയാണ് ചെയ്തത്.
വലതുപക്ഷ രാഷ്ട്രീയത്തിന്റെ യുക്തി എന്ന് പറയുന്നത് തങ്ങള്‍ക്ക് മുന്നിലുള്ള ഒരു ബിംബത്തെ തകര്‍ത്താല്‍ മാത്രമേ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂവെന്നതാണ്. ഇതൊരു മിഥ്യാധാരണയുടെ ഭാഗമാണ്. വിഗ്രഹങ്ങളെ തകര്‍ക്കാന്‍ ഒരൊറ്റ വഴിയേയുള്ളൂ. നിലവിലുള്ള വിഗ്രഹത്തെക്കാള്‍ വലിയ ഒരു വിഗ്രഹത്തെ പ്രതിഷ്ഠിക്കുക. ഇവിടെയിവര്‍ ചെയ്യേണ്ടത് അച്യുതാനന്ദനെ കവച്ച് വെക്കുന്ന ഒരു നേതാവിനെ ഉയര്‍ത്തിക്കൊണ്ട് വരികയാണ് വേണ്ടത്. അതിവിടെ യു.ഡി.എഫിനോ മറ്റ് എതിരാളികള്‍ക്കോ കഴിയുന്നില്ല. ഇത് രാഷ്ട്രീയത്തിലെ പ്രാഥമിക പാഠമാണ്. ഒരാള്‍ക്ക് പകരം വെക്കാന്‍ അയാളെക്കാളും ശക്തനായ മറ്റൊരാള്‍ വേണ്ടതുണ്ട് എന്ന് വലിയ ആളുകളാണെന്ന് കരുതുന്നവരെങ്കിലും മനസ്സിലാക്കണം.