കല്‍പ്പറ്റ: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് കെ.സി റോസക്കുട്ടി സി.പി.ഐ.എമ്മിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും. രാഷ്ട്രീയത്തില്‍ സജീവമായി തുടരുമെന്ന് റോസക്കുട്ടി പറഞ്ഞു. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി വീട്ടിലെത്തി റോസക്കുട്ടിയെ പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്തു.
”സഖാവ് റോസക്കുട്ടി ടീച്ചര്‍ ഇനി സി.പി.ഐ.എമ്മിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും. ഇതു പ്രതീക്ഷിച്ചിരുന്നതാണ്. അത്രയധികം അവഗണന സഹിച്ചാണ് അവര്‍ ആ പാര്‍ട്ടിയില്‍ നിന്നത്”- റോസക്കുട്ടിക്കൊപ്പം മാധ്യമങ്ങളെ കണ്ട പികെ ശ്രീമതി പറഞ്ഞു. തങ്ങള്‍ക്കു രണ്ടു പേര്‍ക്കും ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടെന്നും ശ്രീമതി കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെയാണ് കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി കോണ്‍ഗ്രസ് വിടുന്നതായി പ്രഖ്യാപിച്ചത്. പാര്‍ട്ടി പ്രാഥമികാംഗത്വവും അവര്‍ രാജിവെച്ചിരുന്നു.
സ്ത്രീകളെ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നുവെന്നാരോപിച്ചാണ് രാജി. ലതിക സുഭാഷിനോടുള്ള പാര്‍ട്ടിയുടെ സമീപനം തന്നെ വേദനിപ്പിച്ചെന്ന് റോസക്കുട്ടി പറഞ്ഞു.
നിലവിലെ അവസ്ഥയില്‍ ഒരു മതനിരപേക്ഷ സമൂഹം കെട്ടിപ്പടുക്കുന്നതിനും, രാജ്യത്തെ വര്‍ഗീയപാര്‍ട്ടികള്‍ക്കെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുക്കാനും കോണ്‍ഗ്രസിന് കഴിയില്ല. മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചത് ഏറെ വേദനിപ്പിച്ചെന്നും റോസക്കുട്ടി പറഞ്ഞു.
കൊല്ലം ജില്ലയില്‍ ഒരു സീറ്റ് കിട്ടുന്നതിന് ഡി.സി.സി പ്രസിഡന്റായിരുന്ന ബിന്ദു കൃഷ്ണയ്ക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരയേണ്ടി വന്നു. ഇത്രയേറെ ലിംഗ അസമത്വം ഉണ്ടായ കാലഘട്ടം ഉണ്ടായിട്ടില്ല. ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് അതിപ്രസരമാണ്. വയനാട്ടില്‍ ഇനി ഹൈക്കമാന്‍ഡ് ഗ്രൂപ്പ് കൂടി ഉണ്ടാകുമോ എന്ന് ഭയപ്പെടുന്നു എന്നും റോസക്കുട്ടി പറഞ്ഞു.
മൂന്ന് പതിറ്റാണ്ടായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു റോസക്കുട്ടി. 1991 ല്‍ ബത്തേരി നിയമസഭ മണ്ഡലത്തില്‍ നിന്നും എം.എല്‍.എയായി. വനിതാ കമ്മീഷന്‍ അധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് രാജിവെച്ചത് ഏറെ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചത് ചൂണ്ടിക്കാണിച്ച് ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരായ വിയോജിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി രേഖപ്പെടുത്തിയ ശേഷമായിരുന്നു
ലതികാ സുഭാഷ് രാജിവെച്ചത്.
മഹിളാ കോണ്‍ഗ്രസ് മൊത്തം സ്ഥാനാര്‍ത്ഥികളില്‍ 20 ശതമാനം സ്ത്രീകള്‍ക്ക് നീക്കിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന സ്ത്രീകളെ അവഗണിച്ചുവെന്നും ലതികാ സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കെ.പി.സി.സി അധ്യക്ഷന്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടിക കേള്‍ക്കുകയായിരുന്നു. ഒരു വനിത എന്ന നിലയില്‍ ഏറെ ദുഃഖമുണ്ട്. ഇത്തവണ മഹിളാ കോണ്‍ഗ്രസ് 20 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 20 ശതമാനം ലഭിച്ചില്ലെങ്കിലും ഒരു ജില്ലയില്‍ നിന്ന് ഒരാള്‍ എന്ന നിലയില്‍ 14 പേര്‍ എങ്കിലും നിര്‍ത്താമായിരുന്നു.
നിരവധി സ്ത്രീകള്‍ കാലങ്ങളായി മഹിളാ കോണ്‍ഗ്രസിന് വേണ്ടി പണിയെടുക്കുന്നുണ്ട്. മഹിളാ കോണ്‍ഗ്രസ് മുന്‍ സെക്രട്ടറി രമണി പി നായരുള്‍പ്പെടെയുള്ളവര്‍ തഴയപ്പെട്ടിട്ടുണ്ട്. അന്‍സജിതയുടെ പേര് വന്നതില്‍ സന്തോഷമുണ്ടെന്നും ലതിക സുഭാഷ് പറഞ്ഞു.
ഏറ്റുമാനൂര്‍ കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ മത്സരിക്കാനായി ലതികാ സുഭാഷിന്റെ പേരും പരിഗണനയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ ലതികാ സുഭാഷ് ഉമ്മന്‍ ചാണ്ടിയോട് എതിര്‍പ്പ് അറിയിച്ചിരുന്നു.
എന്നാല്‍ തനിക്ക് ജയസാധ്യത ഉണ്ടായിരുന്ന മണ്ഡലത്തില്‍ നീക്കുപോക്ക് ആകാമായിരുന്നുവെന്ന് ലതികാ സുഭാഷ് കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക വന്ന ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും ലതികാ സുഭാഷ് നേരത്തെ അറിയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക