| Tuesday, 1st March 2016, 4:20 pm

കെ.സി ജോസഫ് പരസ്യമായി മാപ്പ് പറയണമെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കോടതിയലക്ഷ്യ കേസില്‍ മന്ത്രി കെ.സി ജോസഫിന്റെ മാപ്പപേക്ഷ ഹൈക്കോടതി സ്വീകരിച്ചില്ല. മന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് കോടതി പറഞ്ഞു. മാപ്പ് പറയേണ്ടത് ജനങ്ങളോടാണെന്നും കോടതി വ്യക്തമാക്കി. ഭാവി തലമുറയ്ക്ക് സന്ദേശമാകണമെന്നും കോടതി പറഞ്ഞു. മാര്‍ച്ച് 10ന് കോടതി വീണ്ടും കേസ് പരിഗണിക്കും. അന്ന് നേരിട്ട് ഹാജരാകുന്നതില്‍ ഒഴിവാക്കണമെന്ന മന്ത്രിയുടെ അപേക്ഷയും കോടതി നിരാകരിച്ചു.

മന്ത്രി കോടതിയില്‍ മാപ്പ് പറഞ്ഞാല്‍ എല്ലാവരും അറിയില്ലെന്ന് കോടതി വ്യക്തമാക്കി. മാപ്പ് എങ്ങനെ പറയണമെന്ന് കോടതിയലക്ഷ്യം നടത്തിയ മന്ത്രിക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. അതേ സമയം ഫേസ്ബുക്കില്‍ മാപ്പ് പറയാമെന്ന് കെ.സി ജോസഫ് കോടതിയെ അറിയിച്ചു. എന്നാല്‍ മന്ത്രി സ്വീകരിക്കുന്ന മാര്‍ഗം തൃപ്തികരമാണോയെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് “ചായത്തൊട്ടിയില്‍ വീണ കുറുക്കന്‍” ആണെന്ന് മന്ത്രി കെ.സി. ജോസഫ് ഫെയ്‌സ്ബുക്കില്‍ നടത്തിയ പരാമര്‍ശമാണ് ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് കാരണമായത്. എ.ജിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് വിമര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് മന്ത്രി അദ്ദേഹത്തെ വിമര്‍ശിച്ചിരുന്നത്. മന്ത്രിക്കെതിരെ വി.ശിവന്‍കുട്ടി എം.എ്ല്‍.എയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more