മനോരമയിലെ ഉമയുടെ ചിത്രം മാസ്റ്റര്‍പീസ് എന്ന് കെ.സി. ജോസഫ്
Kerala News
മനോരമയിലെ ഉമയുടെ ചിത്രം മാസ്റ്റര്‍പീസ് എന്ന് കെ.സി. ജോസഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th June 2022, 2:58 pm

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ വിജയത്തിന് പിന്നാലെ മനോരമ ദിനപത്രത്തില്‍ വന്ന ചിത്രത്തെ പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. ജോസഫ്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം തമ്മനത്തെ വീട്ടിലെത്തിയ ഉമാ തോമസ് ഭര്‍ത്താവ് പി.ടി. തോമസിന്റെ ഓഫീസ് മുറിയിലെ അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്‍പില്‍ നിന്ന് പൊട്ടിക്കരയുന്ന ചിത്രമാണ് മനോരമ ദിനപത്രത്തിന്റെ ആദ്യ പേജില്‍ ‘ഹൃദയത്തില്‍ ഉമ’ എന്ന തലക്കെട്ടോടെയുള്ളത്.

എല്ലാ വിജയാഘോഷങ്ങള്‍ക്കും ശേഷം ദിവസാവസാനം ഉമയ്ക്ക് അവളുടെ വലിയ നഷ്ടവും ഏകാന്തതയും അനുഭവപ്പെടുന്നു എന്നായിരുന്നു കെ.സി. ജോസഫ് ഈ ചിത്രത്തെക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചത്.

ഫോട്ടോഗ്രാഫിക് ജേര്‍ണലിസത്തിന്റെ ഒരു അപൂര്‍വ ഭാഗമാണിത്. മനോരമ ഫോട്ടോഗ്രാഫര്‍ക്ക് അഭിനന്ദനങ്ങള്‍. ഈ ചിത്രം ഒരു മാസ്റ്റര്‍പീസ് ആണ് എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഒരേസസമയം മലയാള മനോരമയിലും മാതൃഭൂമിയിലും വന്ന ഈ ഫോട്ടോയ്ക്കെതിരെ ചില വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. മലയാള മനോരമയും മാതൃഭൂമിയും ഫോട്ടോഗ്രാഫറുടെ പേര് നല്‍കിയിട്ടില്ല.

അതേസമയം യു.ഡി.എഫ് പോലും പ്രതീക്ഷിക്കാത്ത വിജയമാണ് തൃക്കാക്കരയില്‍ ഉമാ തോമസ് സ്വന്തമാക്കിയത്.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് നേടിയത് 72770 വോട്ടുകളാണ് നേടിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് 47754 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍ 12957 വോട്ടുകളും നേടി.

പി.ടി. പകര്‍ന്നുനല്‍കിയ നീതിയുടേയും നിലപാടിന്റെയും വിജയമാണ് തൃക്കാക്കരയിലുണ്ടായതെന്നായിരുന്നു ഉമാ തോമസിന്റെ പ്രതികരണം. കോണ്‍ഗ്രസ് പ്രസ്ഥാനവും തൃക്കാക്കരയിലെ ജനതയും തന്നിലര്‍പ്പിച്ച വിശ്വാസം നിറഞ്ഞ ആത്മാര്‍ത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്തുസൂക്ഷിക്കുമെന്നും ഉമ തോമസ് പറഞ്ഞിരുന്നു.

യു.ഡി.എഫിന്റെ ഉജ്വല വിജയം ഈ ഭരണകൂടത്തിനെതിരെയുള്ള തിരുത്തിക്കുറിപ്പാണ്. 100 തികയ്ക്കാനുള്ള ഒരു സൗഭാഗ്യമായി മുഖ്യമന്ത്രി ഇതിനെ കണ്ടിരുന്നെങ്കില്‍ ഞാന്‍ അന്നേ പറഞ്ഞതാണ്. 99ല്‍ തന്നെ അത് നിര്‍ത്തുമെന്ന്. ഞാന്‍ അത് പാലിച്ചു.

ഇത് കോണ്‍ഗ്രസ് പ്രസ്ഥാനം ഉയര്‍ത്തിക്കാണിക്കുന്ന ആശയങ്ങളുടെയും മൂല്യബോധത്തിന്റെയും വിജയമാണ്. പി.ടി. പകര്‍ന്നു നല്‍കിയ നീതിയുടേയും നിലപാടിന്റെയും വിജയമാണ് ഈ വിജയം. തൃക്കാക്കരയിലെ ഓരോ വോട്ടര്‍മാര്‍ക്കും സമര്‍പ്പിക്കുന്നു എന്നും ഉമാ തോമസ് കൂട്ടിച്ചേര്‍ത്തു.

Content Highlights:  KC Joseph says Uma’s picture in Manorama is a masterpiece, Aft all the victory celebrations