കണ്ണൂര്‍: ഇരിക്കൂര്‍ മണ്ഡലത്തില്‍ തുടര്‍ച്ചയായ എട്ടാംതവണയും മത്സരിക്കുന്ന മന്ത്രി കെ.സി. ജോസഫിനെതിരെ കോണ്‍ഗ്രസ് വിമതന്‍. കര്‍ഷകകോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റും ജനശ്രീ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്ററുമായ കരുവഞ്ചാല്‍ സ്വദേശി അഡ്വ. ബിനോയ് തോമസാണ് വിമതസ്ഥാനാര്‍ത്ഥി.
വ്യാഴാഴ്ച പത്രിക സമര്‍പ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിരുന്നുകാരനെ പോലെ വന്നുപോകുന്ന കെ.സി. ജോസഫിനെ ഇനി മണ്ഡലത്തിന് വേണ്ടെന്ന് ബിനോയ് തോമസ്, കോണ്‍ഗ്രസ് മുന്‍ ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്റ് കെ. ആര്‍. അബ്ദുള്‍ഖാദര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കെ.സിയുടെ ഇടവും വലവും നിന്നവര്‍ പോലും ഇപ്പോള്‍ അദ്ദേഹത്തിനൊപ്പമില്ല. കോണ്‍ഗ്രസില്‍ നന്നേ പ്രായം ചെന്നവര്‍ അധികാരസ്ഥാനങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ്. യുവാക്കള്‍ക്ക് യാതൊരു പ്രാതിനിധ്യവുമില്ല. ഇതിനു അറുതി വരുത്തുന്നതിനു തുടക്കമിടുകയാണ് ഇരിക്കൂറില്‍.
ഇരിക്കൂറില്‍ ഒരു സ്‌പെഷ്യാലിറ്റി ആശുപത്രിയോ ആലക്കോട് മേഖലയില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയോ കൊണ്ടുവരാന്‍പോലും മന്ത്രിക്ക് കഴിഞ്ഞില്ല. തന്റെ വകുപ്പിന് അനുവദിച്ച തുകയില്‍ 11 ശതമാനം മാത്രമാണ് അദ്ദേഹത്തിന് വിനിയോഗിക്കാനായതെന്നും നേതാക്കള്‍ പറഞ്ഞു.
കെ.സി. ജോസഫിനെതിരെ രൂപംകൊണ്ട “പൂച്ചയ്ക്കാരു മണികെട്ടും ” എന്ന ഫേസ്ബുക്ക് കൂട്ടായ്മയില്‍ പാര്‍ട്ടിപ്രവര്‍ത്തകരും പൊതുജനങ്ങളുമുള്‍പ്പെടെ ഇപ്പോള്‍ തന്നെ പതിമൂവ്വായിരത്തോളം അംഗങ്ങള്‍ ഉണ്ട്. ദശകങ്ങളായി ഇരിക്കൂര്‍ എം.എല്‍.എ യായി തുടര്‍ന്നിട്ടും മണ്ഡലത്തിലെ സാധാരണക്കാര്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ കെ.സി ക്ക് കഴിഞ്ഞിട്ടില്ല എന്ന വിമര്‍ശനമാണ് ഇവര്‍ ഉയര്‍ത്തുന്നത്.
ഓരോ തിരഞ്ഞെടുപ്പിനും സ്ഥാനാര്‍ത്ഥിയാവുമ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നത് ഇതു അവസാനത്തേതാണെന്നാണ്. ആ വാക്ക് വിശ്വസിച്ച് കെ.സി. ജോസഫിന് ഒടുവില്‍ മന്ത്രിയാവാനും അവസരം നല്‍കിയെങ്കിലും ജനങ്ങള്‍ക്ക് ഉപകാരമുണ്ടായിട്ടില്ല. കെ.പി.സി.സിയെയും ഹൈക്കമാന്‍ഡിനെയുമെല്ലാം വെല്ലുവിളിച്ചെന്നോണമാണ് കെ.സി വീണ്ടും സീറ്റ് നേടിയതെന്നും അവര്‍ പറയുന്നു.