കോട്ടയം: ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അധ്യക്ഷനായി നിയമിച്ചത് ഭൂരിപക്ഷ വോട്ടുകള്‍ നഷ്ടപ്പെടാന്‍ കാരണമായെന്ന് ചൂണ്ടിക്കാട്ടി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് കത്തയച്ചതില്‍ പ്രതികരണവുമായി മുതിര്‍ന്ന് നേതാവ് കെ. സി ജോസഫ്. കത്തയച്ച കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘രമേശ് ചെന്നിത്തല സോണിയ ഗാന്ധിക്ക് അയച്ച കത്ത് പുറത്ത് പോയത് എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. അത് ഒരു കോണ്‍ഫിഡന്‍ഷ്യല്‍ കത്താണ്. കത്ത് അയച്ചതില്‍ അദ്ദേഹമാണ് വ്യക്തത വരുത്തേണ്ടത്.
വാര്‍ത്ത വന്ന സ്ഥിതിക്ക് അദ്ദേഹം നിലപാട് വ്യക്തമാക്കണം. പരാജയത്തിന്റെ കാരണത്തില്‍ ഒന്ന് കേരളത്തിലെ ന്യൂനപക്ഷങ്ങളില്‍ ചോര്‍ച്ച ഉണ്ടായത് തന്നെയാണ്, അത് ഭൂരിപക്ഷ വോട്ടുകളുടെ ചോര്‍ച്ചയല്ല,’ കെ. സി ജോസഫ് പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും നേതാക്കളെല്ലാരുമുണ്ടായിരുന്നു. പ്രയാസമുണ്ടായിരുന്ന ഓരോ ഘട്ടത്തിലും ഉമ്മന്‍ചാണ്ടി എല്ലായിടത്തും ഓടിയെത്തിയിട്ടുണ്ട്. അത് വയനാട് ആണെങ്കിലും ഇരിക്കൂര്‍ ആണെങ്കിലും പാലക്കാട് ആണെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ എത്തിയത് ഉമ്മന്‍ചാണ്ടിയായിരുന്നു എന്നും കെ. സി ജോസഫ് പറഞ്ഞു.
പരാജയത്തേക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട അശോക് ചവാന്‍ സമിതിയേക്കാള്‍ പ്രധാനമാണ് കെ.പി.സി.സി അധ്യക്ഷന്‍ എ.ഐ.സി.സി പ്രസിഡന്റിന് കൈമാറിയ റിപ്പോര്‍ട്ട്. ചവാന്‍ സമിതിയുടെ റിപ്പോര്‍ട്ട് വരുമ്പോള്‍ അതില്‍ കെ.പി.സി.സി അധ്യക്ഷന്റെ നിഗമനങ്ങളും ഉണ്ടാകുമെന്നും കെ. സി ജോസഫ് പറഞ്ഞു.
അതേസമയം അത്തരമൊരു കത്ത് രമേശ് ചെന്നിത്തല എഴുതുമെന്ന് കരുതുന്നില്ലെന്നാണ് ഉമ്മന്‍ചാണ്ടി നേരത്തെ പറഞ്ഞത്. ചെന്നിത്തലയ്ക്ക് എല്ലാ കാര്യവും അറിയാം എന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറി
Content Highlight: KC Joseph against Ramesh Chennithala in Letter to Sonia Gandhi