വൃദ്ധനായ ശിവദാസന്‍ നായര്‍ക്കു പകരം കരിമ്പുപോലുള്ള പി.കെ ബഷീറിനെ കടിക്കാമായിരുന്നില്ലേ: സ്ത്രീത്വത്തെ അപമാനിച്ച് കെ.സി അബു
Daily News
വൃദ്ധനായ ശിവദാസന്‍ നായര്‍ക്കു പകരം കരിമ്പുപോലുള്ള പി.കെ ബഷീറിനെ കടിക്കാമായിരുന്നില്ലേ: സ്ത്രീത്വത്തെ അപമാനിച്ച് കെ.സി അബു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th March 2015, 1:10 pm

കോഴിക്കോട്: പ്രതിപക്ഷത്തെ വനിതാ എം.എല്‍.എമാരെ അപമാനിച്ച് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബു. ഷിബു ബേബി ജോണ്‍ തടഞ്ഞപ്പോള്‍ ബിജി മോള്‍ എം.എല്‍.എ അത് ആസ്വദിക്കുകയായിരുന്നുവെന്നാണ് കെ.സി അബു പറഞ്ഞത്.

” ഏതായാലും ഒരു കാര്യം ഉറപ്പാണ്. ഷിബു ബേബി ജോണ്‍ തടഞ്ഞതില്‍ ബിജിമോള്‍ക്ക് പരാതിയുണ്ടാവില്ല. അവര്‍ രണ്ടുപേരും അത് ആസ്വദിച്ചിട്ടുണ്ട്. ബിജിമോള്‍ പരാതി നല്‍കാനുള്ള സാധ്യതയില്ല. 62 വര്‍ഷമായില്ലേ, ഇത്രയും കൊല്ലത്തെ കുടുംബജീവിത പാരമ്പര്യം എനിക്കില്ലേ. അതുകൊണ്ട് എനിക്കതു കണ്ടാല്‍ മനസിലാവില്ലേ? സ്ത്രീകള്‍ പിണങ്ങിയാല്‍ എനിക്കറിയാം, അവരുടെ മുഖത്ത് പരിഭവം കണ്ടാല്‍ മനസിലാവില്ലേ? അതുകൊണ്ടുതന്നെ ഈ രംഗം കണ്ടപ്പോള്‍ എനിക്ക് മനസിലായി രണ്ടുപേര്‍ക്കും പരാതിയൊന്നും ഉണ്ടാവാനിടയില്ല. ഡയമണ്ട് നെക്ലേസിലെ പാര്‍ട്ട് ഈ രംഗത്തിന്റെ പിന്നണിയിലിട്ട് ചില തമാശകള്‍ പ്രചരിക്കുന്നുണ്ട്. ചലച്ചിത്ര നടന്‍ ബാലചന്ദ്രമേനോനെ കഴിഞ്ഞദിവസം കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് ആ സിനിമയിലേക്കാള്‍ കുറച്ചുകൂടി നന്നായിട്ടാണ് അവര്‍ നിന്നത് എന്നാണ്.” കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ.സി അബു പറഞ്ഞു.

ജമീല പ്രകാശം എന്തിനാണ് വൃദ്ധനായ ശിവദാസന്‍ നായരെ കടിച്ചതെന്ന് തനിക്കറിയില്ല. കരിമ്പുപോലത്തെ ശരീരമുള്ള പി.കെ ബഷീര്‍ എം.എല്‍.എയെ കടിക്കാമായിരുന്നില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.
വ്യാഴാഴ്ച വൈകുന്നേരം പേരാമ്പ്രയില്‍ നടന്ന പൊതുയോഗത്തിലും കെ.സി അബു സമാനമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു.

നിയമസഭയില്‍ എല്ലാവര്‍ക്കും ഓരോ സീറ്റുണ്ട്. വനിതാ എം.എല്‍.എമാര്‍ക്കും സീറ്റ് അനുവദിച്ചിട്ടുണ്ട്. പിന്നെങ്ങനെയാണ് അവര്‍ മുഖ്യമന്ത്രിയുടെ സീറ്റിന് അരികിലെത്തിയതെന്നും അബു ചോദിക്കുന്നു. ധനമന്ത്രി കെ.എം മാണിക്ക് സംരക്ഷണം നല്‍കാന്‍ തങ്ങള്‍ യുവ എം.എല്‍.എമാരെയാണ് ഏര്‍പ്പാടാക്കിയത്. യു.ഡി.എഫിന്റെ വനിതാ എം.എല്‍.എയായ പി.കെ ജയലക്ഷ്മി പിറകിലത്തെ സീറ്റില്‍ ഇരിക്കുകയാണുണ്ടായത്. എല്‍.ഡി.എഫാണ് കുരങ്ങനെക്കൊണ്ട് ചുടുചോറ് വാരിക്കുന്നതുപോലെ വനിതാ എം.എല്‍.എമാരെ മുന്നില്‍ നിര്‍ത്തി സമരം ചെയ്തതെന്നും അബു പറയുന്നു.