ഗ്രൂപ്പില്ലാത്ത നേതാവാണ് ബല്‍റാം എന്നു പറയരുത്, അദ്ദേഹത്തിനു വാട്‌സാപ് ഗ്രൂപ്പുണ്ട്. ഫെയ്‌സ്ബുക്കും വാട്‌സാപ്പുമുള്ളതു കുറ്റമല്ല. എന്നാല്‍ ഇതില്ലാതെയും നേതാക്കള്‍ക്കു നിലനില്‍പ്പുണ്ടാകണമെന്നും അബു പറഞ്ഞു.
കോഴിക്കോട്: ചീമുട്ടകളുടെ വിടുവായത്തങ്ങള്‍ എല്ലാ കാലവും അംഗീകരിക്കാന്‍ കഴിയില്ലെന്ന വി.ടി ബല്‍റാം എല്‍.എ.എയുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി കെ.സി അബു. ഏതു മുട്ടയാണെങ്കിലും അടയിരുന്നാലേ വിരിയൂ എന്ന് ബല്‍റാം മനസിലാക്കണമെന്നാണ് കെ.സി അബു പറഞ്ഞത്.
മുട്ടവിരിയും മുമ്പേ സൗഭാഗ്യങ്ങള്‍ കിട്ടിയെന്ന തന്റെ പരാമര്‍ശത്തിന്റെ അര്‍ഥം ചെറുപ്പത്തിലെ സ്ഥാനമാനങ്ങള്‍ കിട്ടിയ നേതാവാണ് ബല്‍റാം എന്നു മാത്രമാണെന്നു മലയാള ഭാഷ അറിയുന്ന എല്ലാവര്‍ക്കും മനസിലാകുമെന്നും അബു പറഞ്ഞു. എന്നാല്‍, തന്റെ പരാമര്‍ശം വന്നപ്പോള്‍ തന്നെ ബല്‍റാമിന്റെ സമനില തെറ്റിയെന്നും അബു പറഞ്ഞു.
താന്‍ കോണ്‍ഗ്രസില്‍ പടിപടിയായി വളര്‍ന്നയാളാണ്. എന്നാല്‍ ബല്‍റാം ഒരു സമരം നയിച്ചതായോ ജയിലില്‍ പോയതായോ കേട്ടിട്ടില്ല. ഗ്രൂപ്പില്ലാത്ത നേതാവാണ് ബല്‍റാം എന്നു പറയരുത്, അദ്ദേഹത്തിനു വാട്‌സാപ് ഗ്രൂപ്പുണ്ട്. ഫെയ്‌സ്ബുക്കും വാട്‌സാപ്പുമുള്ളതു കുറ്റമല്ല. എന്നാല്‍ ഇതില്ലാതെയും നേതാക്കള്‍ക്കു നിലനില്‍പ്പുണ്ടാകണമെന്നും അബു പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടതിനെക്കുറിച്ച് ബല്‍റാം പറഞ്ഞത് വായിച്ചു. വടകരയിലാണ് താന്‍ മത്സരിച്ച് പരാജയപ്പെട്ടത്. അവിടെ തനിക്ക് മുമ്പും ശേഷവും യു.ഡി.എഫ് വിജയിച്ചിട്ടില്ല. എന്നാല്‍ തൃത്താലയില്‍ മുമ്പും കോണ്‍ഗ്രസ് ജയിച്ചിട്ടുണ്ട്. തൃത്താല പിടിക്കാന്‍ അവതരിച്ച യുഗപുരുഷനൊന്നുമല്ല ബല്‍റാമെന്നും അബു പറഞ്ഞു.
ആര്‍.ശങ്കറിന്റെ മാതൃക പിന്തുടര്‍ന്നു 75 വയസു കഴിഞ്ഞ നേതാക്കള്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ ഒഴിയണമെന്ന വി.ടി.ബല്‍റാമിന്റെ ആവശ്യം തെന്നല ബാലകൃഷ്ണപിള്ളയെയോ, ആര്യാടനെയോ, പത്മരാജനെയോ ഉദ്ദേശിച്ചല്ലെന്നും ആരെയാണ് ഉദ്ദേശിച്ചതെന്നു വ്യക്തമാണെന്നും അബു പറഞ്ഞു. 75 വയസായവരില്‍ സജീവ രാഷ്ട്രീയത്തിലുള്ളത് രണ്ടു പേരാണ്. അവരൊഴിയണമെന്നു പറയാന്‍ ബല്‍റാം ആളായിട്ടില്ലെന്നും അബു പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന കെ.എസ്.യു പരിപാടിയില്‍ ബല്‍റാം എം.എല്‍.എ നടത്തിയ പരാമര്‍ശങ്ങളാണ് പ്രശ്‌നത്തിന് തുടക്കമായത്. തുടര്‍ന്ന് ബല്‍റാമിന് മറുപടിയുമായി കെ.സി അബു രംഗത്തെത്തിയത് പ്രശ്‌നം രൂക്ഷമാക്കി. മുട്ടയില്‍ നിന്ന് വിരിയുന്നതിന് മുന്‍പ് സൗഭാഗ്യം ലഭിച്ചയാളാണ് ബല്‍റാമെന്നാണ് അബു പരിഹസിച്ചത്.
ഈ പരാമര്‍ശത്തിന് മറുപടിയെന്ന നിലയിലാണ് ചീമുട്ടകളുടെ വിടുവായത്തങ്ങള്‍ എല്ലാകാലവും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.