കോഴിക്കോട്: വി.ടി.ബല്‍റാം എം.എല്‍.എക്ക് വിവേകം ഉപദേശിക്കാന്‍ പാര്‍ട്ടിയില്‍ ആരുമില്ലാതാകുന്നത് കഷ്ടമാണെന്ന് സി.പി.ഐ.എം നേതാവും എം.പിയുമായ എം.ബി രാജേഷ്. കെ.ആര്‍ മീരയും വി.ടി ബല്‍റാം എം.എല്‍എയും തമ്മിലുള്ള വാക്ക് തര്‍ക്കം മുറുകുന്നതിനിടെയാണ് എം.ബി രാജേഷ് തന്റെ ഫേസ്ബുക്ക് കുറിപ്പിലുടെ വി.ടി ബല്‍റാമിനെതിരെ രംഗത്തെത്തിയത്.
എം.എല്‍.എ ക്ക് വിവേകം ഉപദേശിക്കാന്‍ സ്വന്തം പാര്‍ട്ടിയില്‍ ആരുമില്ലാതെയാകുന്നത് കഷ്ടം തന്നെ. ബഹുമാന്യനായ ഏ.കെ.ആന്റണി മുതല്‍ കെ.ശങ്കരനാരായണന്‍ വരെ ആ പാര്‍ട്ടിയിലുള്ള പക്വമതികളായ നേതാക്കളാരെങ്കിലും ഉപദേശിക്കേണ്ടതാണെന്ന് രാജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ആദ്യം വനിതാ കൃഷി ഓഫീസര്‍ക്കെതിരെയും പിന്നീട് ഏ. കെ. ജിയെയും ഇതിനിടയില്‍ ധനമന്ത്രി, മുഖ്യമന്ത്രി. ഇപ്പോള്‍ കെ. ആര്‍.മീരയും തുടങ്ങി കണ്ണില്‍ കണ്ടവരെയൊക്കെ തെറി വിളിച്ച് അര്‍മാദിക്കുകയാണ് ബല്‍റാം എന്നും രാജേഷ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
“പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ എന്ന് കെ. ആര്‍. മീരയെ തെറിവിളിക്കാന്‍ തന്റെ ഫേസ്ബുക്ക് വാനരസേനയോട് ആഹ്വാനം ചെയ്ത എം. എല്‍. എ ക്ക് വിവേകം ഉപദേശിക്കാന്‍ സ്വന്തം പാര്‍ട്ടിയില്‍ ആരുമില്ലാതെയാകുന്നത് കഷ്ടം തന്നെ. ബഹുമാന്യനായ ഏ.കെ.ആന്റണി മുതല്‍ കെ.ശങ്കരനാരായണന്‍ വരെ ആ പാര്‍ട്ടിയിലുള്ള പക്വമതികളായ നേതാക്കളാരെങ്കിലും ഉപദേശിക്കേണ്ടതാണ്.കെ.എസ്.യു. നിലവാരം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ വാനരസേന എന്നെ തെറി വിളിച്ചു.കെ.എസ്. യു. കുട്ടികള്‍ ക്ഷമിക്കണം. കഥയിലെ തോണിക്കാരന്‍ അച്ഛന്റെ പേര് നന്നാക്കിയതു പോലെ കെ.എസ്. യു. കുട്ടികളുടെ പേരു പോലും എം.എല്‍.എ.നന്നാക്കിയിരിക്കുന്നു. ആദ്യം വനിതാ കൃഷി ഓഫീസര്‍ക്കെതിരെ, പിന്നെ ഏ. കെ. ജി, ഇതിനിടയില്‍ ധനമന്ത്രി, മുഖ്യമന്ത്രി. ഇപ്പോള്‍ കെ. ആര്‍.മീരയും. കണ്ണില്‍ കണ്ടവരെയൊക്കെ തെറി വിളിച്ച് അര്‍മാദിക്കുകയാണ്. ആര്‍ക്കോ അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിക്ക് കുട പിടിക്കുമെന്നല്ലേ ചൊല്ല്.ഇത് ലൈക്ക് കിട്ടിയാല്‍ ആരെയും തെറി വിളിക്കുന്ന കൂട്ടത്തിലാണെന്ന് തോന്നുന്നു. ശ്രദ്ധിക്കണം, മീരയുടെ പേരില്‍ അക്ഷരത്തെറ്റ് നോക്കി നടക്കുന്നതിനിടയില്‍ ഇങ്ങേരുടെ പേര് തെറിരാമന്‍ എന്നോ മറ്റോ ആളുകള്‍ എഴുതാനിടവരുത്തണ്ട.”