തിരുവനന്തപുരം: സനാതന ധര്‍മം ഉന്‍മൂലനം ചെയ്യണമെന്ന തമിഴ്‌നാട് യുവജന, കായികക്ഷേമ വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിന്റെ നിലപാടിനോട് യോജിക്കാനാകില്ലെന്ന് പത്തനാപുരം എം.എല്‍.എയും ഇടതുമുന്നണി നേതാവുമായ കെ.ബി. ഗണേഷ് കുമാര്‍. ഉദയനിധി സ്റ്റാലിന്‍ അച്ഛന്റെയും അപ്പൂപ്പന്റെയും മകനായി രാഷ്ട്രീയത്തില്‍ വന്നയാളാണെന്നും മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് കെ. ബാലകൃഷ്ണപിള്ളയുടെ മകന്‍ കൂടിയായ ഗണേഷ് കുമാര്‍ പറഞ്ഞു.
നായര്‍ സര്‍വീസ് സൊസൈറ്റി പത്തനാപുരം താലൂക്ക് യുണിയന്‍ പ്രസിഡന്റും, ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഗണേഷ് കുമാറിനും കൊട്ടാരക്കര യുണിയന്‍ പ്രസിഡന്റായ ജി. തങ്കപ്പന്‍ പിള്ളക്കും വടകോട് ശ്രീവാസുദേവന്‍കോട് മഹാവിഷ്ണു ക്ഷേത്രത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്നലെ തമിഴ്‌നാട്ടിലെ ഒരു മന്ത്രി നടത്തിയ പരാമര്‍ശങ്ങളോട് ഒരു തരത്തിലും യോജിക്കാനാകില്ല. അത്തരം വിഡ്ഢിത്തരങ്ങള്‍ കഴിയുന്നതും മന്ത്രിമാരും ജനപ്രതിനിധകളും പറയാതിരിക്കുന്നതാണ് നല്ലത്. അത് നമ്മുടെ വിഷയമല്ല. അയാള്‍ക്ക് (ഉദയനിധി സ്റ്റാലിന്) സിനിമയില്‍ അഭിനയിക്കാനും രാഷ്ട്രീയവും അറിയാം. അപ്പൂപ്പന്റെയും അച്ഛന്റെയും മോനായിട്ട് വന്നയാളാണ്. അല്ലാതെ രാഷ്ട്രീയത്തിന്റെ അടിത്തട്ടില്‍ നിന്ന് കിളച്ചും ചുമന്നും വന്നതല്ല. അപ്പോള്‍ കാണുന്നവനെ അച്ഛാ എന്ന് വിളിക്കുന്ന പരിപാടി ആര്‍ക്കും നല്ലതല്ല,’ കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു.
ശനിയാഴ്ചയാണ് ചെന്നൈയില്‍ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങില്‍ വെച്ച് ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മം തുടച്ചുനീക്കണമെന്ന പരാമര്‍ശം നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹത്തിനെതിരെ ഈ പ്രസ്താവനയുടെ പേരില്‍ കേസുകളും പ്രതിഷേധങ്ങളും ഉണ്ടായെങ്കിലും അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. സനാതന ധര്‍മത്തിനെതിരായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന രാജ്യവ്യാപകമായി തന്നെ ഇന്ത്യ മുന്നണിക്കെതിരെ പ്രചാരണ ആയുധമാക്കിയിരിക്കുകയാണ് ബി.ജെ.പി. ഈ പശ്ചാത്തലത്തിലാണ് കേരളത്തില്‍ നിന്നുള്ള ഒരു ഇടതുപക്ഷ എം.എല്‍.എ ഉദയനിധി സ്റ്റാലിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
CONTENT HIGHLIGHTS: KB Ganeshkumar said that cannot agree with Udayanidhi Stalin’s position