| Saturday, 4th September 2021, 9:13 pm

നിലവാരമില്ലെന്ന് പറഞ്ഞ് സീരിയലുകള്‍ക്ക് അവാര്‍ഡ് നല്‍കാതിരുന്നത് മര്യാദകേട്: ഗണേഷ് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: നിലവാരമില്ലെന്ന് പറഞ്ഞ് സീരിയലുകള്‍ക്ക് സംസ്ഥാന അവാര്‍ഡ് നല്‍കാതിരുന്ന ജൂറി നടപടിയ്‌ക്കെതിരെ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. അവാര്‍ഡിന് ക്ഷണിച്ച ശേഷം നിരാകരിക്കുന്നത് മര്യാദകേടാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മയുടെ പ്രസിഡന്റാണ് ഗണേഷ് കുമാര്‍. കേരളത്തിലെ പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ കളിയാക്കുന്നതാണ് ജൂറിയുടെ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

29ാ മത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. അവാര്‍ഡിന് അര്‍ഹിക്കുന്ന മികച്ച സീരിയലുകളായി ഒന്നുമില്ലെന്നാണ് ജൂറിയുടെ നിരീക്ഷണം. കലാമൂല്യമുള്ള ഒരു സീരിയലുമില്ലാത്തതിനാലാണ് അവാര്‍ഡുകള്‍ക്കായി പരിഗണിക്കാതിരുന്നതെന്നും ജൂറി പറഞ്ഞിരുന്നു.

ജൂറിയുടെ മുന്നിലെത്തിയ എന്‍ട്രികളില്‍ ഭൂരിഭാഗവും അവാര്‍ഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഒന്നും തന്നെ സാക്ഷാത്കരിക്കുന്നവയായിരുന്നില്ല. അതുകൊണ്ടുതന്നെ മികച്ച സീരിയല്‍, മികച്ച രണ്ടാമത്തെ സീരിയല്‍, മികച്ച സംവിധായകന്‍, മികച്ച കലാസംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ ഈ വര്‍ഷം പുരസ്‌കാരം നല്‍കിയിരുന്നില്ല.

ടെലിവിഷന്‍ സീരിയലുകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചു കാണുന്നതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നതായും വീടുകളില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്നു കാണുന്ന ഒരു മാധ്യമം എന്ന നിലയില്‍ ടെലിവിഷന്‍ പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകള്‍ കൂടുതല്‍ ഉത്തരവാദിത്തബോധം പുലര്‍ത്തണമെന്നും എന്‍ട്രികള്‍ വിലയിരുത്തി ജൂറി അഭിപ്രായപ്പെട്ടിരുന്നു.

സംവിധായകന്‍ ആര്‍. ശരത്, എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്. ഹരീഷ്, അഭിനേത്രി ലെന കുമാര്‍, സംവിധായകനും തിരക്കഥാകൃത്തുമായ സുരേഷ് പൊതുവാള്‍, സംവിധായകന്‍ ജിത്തു കോളയാട്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: KB Ganesh Kumar State Television Award Serial

We use cookies to give you the best possible experience. Learn more