തിരുവനന്തപുരം: നിലവാരമില്ലെന്ന് പറഞ്ഞ് സീരിയലുകള്‍ക്ക് സംസ്ഥാന അവാര്‍ഡ് നല്‍കാതിരുന്ന ജൂറി നടപടിയ്‌ക്കെതിരെ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. അവാര്‍ഡിന് ക്ഷണിച്ച ശേഷം നിരാകരിക്കുന്നത് മര്യാദകേടാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മയുടെ പ്രസിഡന്റാണ് ഗണേഷ് കുമാര്‍. കേരളത്തിലെ പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ കളിയാക്കുന്നതാണ് ജൂറിയുടെ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
29ാ മത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. അവാര്‍ഡിന് അര്‍ഹിക്കുന്ന മികച്ച സീരിയലുകളായി ഒന്നുമില്ലെന്നാണ് ജൂറിയുടെ നിരീക്ഷണം. കലാമൂല്യമുള്ള ഒരു സീരിയലുമില്ലാത്തതിനാലാണ് അവാര്‍ഡുകള്‍ക്കായി പരിഗണിക്കാതിരുന്നതെന്നും ജൂറി പറഞ്ഞിരുന്നു.
ജൂറിയുടെ മുന്നിലെത്തിയ എന്‍ട്രികളില്‍ ഭൂരിഭാഗവും അവാര്‍ഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഒന്നും തന്നെ സാക്ഷാത്കരിക്കുന്നവയായിരുന്നില്ല. അതുകൊണ്ടുതന്നെ മികച്ച സീരിയല്‍, മികച്ച രണ്ടാമത്തെ സീരിയല്‍, മികച്ച സംവിധായകന്‍, മികച്ച കലാസംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ ഈ വര്‍ഷം പുരസ്‌കാരം നല്‍കിയിരുന്നില്ല.