പത്തനാപുരം: മനോരമ ചാനലിന്റെ എക്‌സിറ്റ് പോള്‍ സര്‍വ്വേയില്‍ താന്‍ തോല്‍ക്കുമെന്ന് പ്രവചിച്ചതിനെ ട്രോളി കെ.ബി ഗണേഷ് കുമാര്‍. പത്തനാപുരത്ത് വിജയം ഉറപ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് കെ.ബി ഗണേഷ് കുമാര്‍ മനോരമയുടെ സര്‍വ്വേയെ കളിയാക്കിക്കൊണ്ട് സംസാരിച്ചത്.
ഒരു മാധ്യമം മാത്രം സര്‍വ്വേ നടത്തി താന്‍ തോറ്റുവെന്ന് പറഞ്ഞുവെന്നും അതില്‍ കാര്യമില്ല, ആ മാധ്യമത്തിന് ദിവസങ്ങള്‍ക്ക് ശേഷം തന്റെ എതിര്‍സ്ഥാനാര്‍ത്ഥിയില്‍ നിന്ന് ഒരു സപ്ലിമെന്റ് കിട്ടിയെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
‘എന്നോട് പലരും ചോദിച്ചു സാറേ കോന്നിവരെയൊക്കെ വന്ന് പത്തനാപുരത്തെത്തിയപ്പോള്‍ പെട്ടെന്ന് അവര്‍ ഉല്‍ട്ട അടിച്ചതെന്താണെന്ന് . എന്തായാലും അവര് ചെയ്ത ഉപകാരത്തിന് നന്ദിയുണ്ട്. കാരണം അവരുടെ സര്‍വ്വേ കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. ആ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് ഞങ്ങള്‍ക്ക് ഗുണം ചെയ്തിട്ടുണ്ട്. സര്‍വ്വേ നടത്തിയവര്‍ സര്‍വ്വേ നടത്താന്‍ വന്നവന്‍മാരെ വിളിച്ച് ആ കാശിങ്ങ് തിരികെ വാങ്ങിച്ചേക്ക്,’ ഗണേഷ് കുമാര്‍ പറഞ്ഞു.
ദയവുചെയ്ത് ഗണേഷ്‌കുമാറിനെ ഇപ്പൊ തോല്‍പ്പിച്ചുകളയും എന്ന് പറഞ്ഞുകൊണ്ട് ഇനി വരരുതെന്നും അദ്ദേഹം പറഞ്ഞു.
14,674 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കേരള കോണ്‍ഗ്രസ് (ബി) വിഭാഗം നേതാവ് കെ. ബി ഗണേഷ് കുമാര്‍ വിജയിച്ചത്.
കോണ്‍ഗ്രസിന്റെ ജ്യോതികുമാര്‍ ചാമക്കാലയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായത്. എന്‍.ഡി.എയ്ക്ക് വേണ്ടി ജിതിന്‍ ദേവ് ആണ് ഗണേഷിനെതിരെ മത്സരിച്ചത്. കെ. ബി ഗണേഷ് കുമാര്‍ തന്നെയാണ് നിലവില്‍ പത്തനാപുരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക