കോഴിക്കോട്: തന്നെ കുറിച്ചുള്ള അസത്യമായ വാര്‍ത്തകള്‍ നിരന്തരം പ്രസിദ്ധീകരിച്ചു വന്നതോടെയാണ് താന്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കാതായതെന്ന് നടനും മുന്‍മന്ത്രിയുമായ കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ. മന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷം താന്‍ പത്രം വായിക്കാറില്ലെന്നും വീട്ടില്‍ പത്രം വരുത്താറില്ലെന്നും അദ്ദേഹം പറഞ്ഞു. ദി എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 90 വയസ്സുവരെ താന്‍ അവപാദങ്ങള്‍ കേള്‍ക്കേണ്ടി വരുമെന്ന് തന്റെ ജാതകത്തിലുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ ജാതകത്തില്‍ വിശ്വസിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
‘2013 മാര്‍ച്ച് മാസത്തിന് ശേഷം ഞാന്‍ ന്യൂസ് പേപ്പര്‍ വായിക്കുകയോ വീട്ടില്‍ പത്രമിടുകയോ ചെയ്തിട്ടില്ല. അന്നാണ് ഞാന്‍ മന്ത്രിസ്ഥാനം രാജിവെച്ചത്. എന്നെ കുറിച്ച് പത്രങ്ങളിലും ടി.വിയിലും വന്ന വാര്‍ത്തകള്‍ അസത്യമാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. എന്നെ കുറിച്ച് എനിക്കറിയാവുന്നത് പോലെ മറ്റാര്‍ക്കുമറിയില്ലല്ലോ. ഇതെല്ലാം പച്ചക്കള്ളമാണെന്ന് എനിക്ക് ബോധ്യപ്പെട്ടപ്പോള്‍ ഇനി മറ്റുള്ളവരെ കുറിച്ച് പറയുന്നതും കള്ളമായിരിക്കുമെന്ന് എനിക്ക് മനസ്സിലായി.
10 ശതമാനം പോലും സത്യസന്ധതയുടെ അംശം അതിലുണ്ടാകില്ലെന്ന് മനസ്സിലായതോടെ ഞാന്‍ പത്രവായന നിര്‍ത്തി. അത് കൊണ്ടാണ് ഞാന്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം കൊടുക്കാത്തതും. വിവാദങ്ങളിലേക്ക് കൂടുതല്‍ പോകാന്‍ എനിക്ക് ഇഷ്ടമല്ല. ഞാന്‍ ഒന്നും ചെയ്യാതെ തന്നെ വിവാദങ്ങള്‍ എന്റെ തലയില്‍ കൊണ്ടുവെക്കുന്നുണ്ട്. അതിനെതിരെയൊന്നും പ്രതികരിക്കാത്തത് എന്ത് കൊണ്ടാണെന്ന് പലരും ചോദിക്കാറുണ്ട്. അതില്‍ സത്യമില്ലാത്തത് കൊണ്ടാണ് പ്രതികരിക്കാത്തത്.
എന്നെകുറിച്ച് കേള്‍ക്കാന്‍ സാധാരണക്കാര്‍ താത്പര്യമുണ്ട്. എന്നെ സ്‌നേഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. എന്നെ കുറിച്ച് ദോഷം പറഞ്ഞാലെ ചാനലുകള്‍ക്ക് ഗുണമൊള്ളൂ. മഹാത്മാഗാന്ധി മഹാനാണെന്ന് പറഞ്ഞാല്‍ ചര്‍ച്ചയില്ല. എന്നാല്‍ അദ്ദേഹത്തെ കൊന്ന ഗോഡ്‌സെയെ പറഞ്ഞാല്‍ വലിയ ചര്‍ച്ചയാണ്,’ ഗണേഷ് കുമാര്‍ പറഞ്ഞു.
90 വയസ്സുവരെ തനിക്ക് അപവാദങ്ങള്‍ കേള്‍ക്കേണ്ടി വരുമെന്ന് തന്റെ ജാതകത്തില്‍ പറഞ്ഞിട്ടുണ്ടെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. പണ്ട് ജാതകത്തില്‍ വിശ്വാസമുണ്ടായിരുന്നു എന്നും, എന്നാല്‍ ഇപ്പോള്‍ അതില്‍ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. അപവാദങ്ങള്‍ കേള്‍ക്കുന്നത് ഇപ്പോള്‍ ഒരു ശീലമായെന്നും അതില്‍ പരാതിയും പരിഭവവുമില്ലെന്നും അത്‌കൊണ്ട് തന്നെ ഇതൊന്നും കാര്യമാക്കാറില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
content highlights: KB Ganesh Kumar revealed the reason for not giving an interview to the media.