തിരുവനന്തപുരം: താൻ കപട സദാചാരവാദി അല്ലെന്നും തുറന്ന പുസ്തകമാണെന്നും കെ.ബി ഗണേഷ്‌കുമാർ എം.എൽ.എ. തനിക്കും പിതാവ് ബാലകൃഷ്ണ പിള്ളയ്ക്കും ഉമ്മൻ ചാണ്ടിയോട് വ്യക്തിവൈരാഗ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സോളാർ കേസ് ഗൂഢാലോചന വിവാദത്തിൽ നിയമസഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
‘കപടസദാചാരം കാണിച്ച് രാഷ്ട്രത്തിൽ പിടിച്ചു നിൽക്കേണ്ട കാര്യം എനിക്കില്ല. ഞാൻ ഒരു തുറന്ന പുസ്തകമാണ്.
കോൺഗ്രസ് ബിക്ക് ഉമ്മൻ ചാണ്ടിയോട് രാഷ്ട്രീയമായി എതിർപ്പുണ്ടാകാം, എന്നാൽ എനിക്കോ പിതാവിനോ ഉമ്മൻ ചാണ്ടിയോട് വ്യക്തിവിരോധമില്ല,’ ഗണേഷ്‌കുമാർ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ പേര് കത്തിൽ ഇല്ലാ എന്ന് തന്റെ അച്ഛൻ തന്നോട് പറഞ്ഞ കാര്യം സി.ബി.ഐയോട് പറഞ്ഞിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
‘ഉമ്മൻ ചാണ്ടിയെ കുറിച്ച് അന്വേഷിക്കുവാൻ സിബിഐ എന്നെ സമീപിച്ചിരുന്നു. ഹൈബി ഈഡനെ കുറിച്ചും ഉമ്മൻ ചാണ്ടിയെ കുറിച്ചും എന്നോട് ചോദിച്ചു. എനിക്ക് ഒന്നും അറിയില്ല എന്ന് ഞാൻ പറഞ്ഞു.
ആ കത്ത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. പക്ഷേ അച്ഛൻ കണ്ടിട്ടുണ്ടായിരുന്നു. പരാതിക്കാരിയുടെ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരില്ലായിരുന്നു എന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. ആ കാര്യം ഞാൻ സി.ബി.ഐ ഉദ്യോഗസ്ഥരോട് പറഞ്ഞു.
അത് രേഖപ്പെടുത്തട്ടേ എന്ന് ചോദിച്ചപ്പോൾ തീർച്ചയായും വേണം എന്നും മരിച്ചുപോയ എന്റെ പിതാവിന്റെ ആത്മാവിന് ശാന്തി കിട്ടുമെന്നും ഞാൻ പറഞ്ഞു.
ആ കാര്യം റിപ്പോർട്ടിൽ ഉണ്ടോ എന്ന് പരിശോധിച്ചു നോക്കൂ. ഇനി അത് രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ ആ സി.ബി.ഐ ഉദ്യോഗസ്ഥനെ സംശയിക്കണം. സോളാർ കമ്മീഷന് മുമ്പിലും ഞാൻ മൊഴി നൽകിയിട്ടുണ്ട്. എനിക്ക് അദ്ദേഹത്തോട് വിരോധമുണ്ടെങ്കിൽ അവിടെ എന്തെങ്കിലും എനിക്ക് പറഞ്ഞൂടെ.
റിപ്പോർട്ടിൽ ഞാൻ നൽകിയ മൊഴി കൂടി വായിക്കണം. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് വോട്ട് ചോദിച്ച ഒരു കോൺഗ്രസുകാരനാണ് മനോജ്. അദ്ദേഹം പോലും പറയുന്നു ഞാൻ കുറ്റക്കാരനല്ല എന്ന്,’ ഗണേഷ്‌കുമാർ പറഞ്ഞു.
സോളാർ വിവാദ കാലത്ത് പല കോൺഗ്രസ് നേതാക്കളും സഹായം ആവശ്യപ്പെട്ട് തന്റെ അച്ഛനെ സമീപിച്ചിരുന്നു എന്നും ഇത് വരെ താൻ പരാതിക്കാരിയുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് പുറത്താക്കിയപ്പോൾ അഭയം തന്ന എൽ.ഡി.എഫിനെ താൻ വഞ്ചിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
‘എൽഡിഎഫിനെ വഞ്ചിച്ച് യു.ഡി.എഫിലേക്ക് ഞാൻ വരുമെന്ന് കരുതുകയേ വേണ്ട. രാഷ്ട്രീയം ഇനി മതിയാക്കി വീട്ടിൽ ഇരിക്കേണ്ടി വന്നാലും യു.ഡി.എഫിലേക്കില്ല. അഴിമതിക്കെതിരെ ഞാൻ സംസാരിച്ചതിന് എന്നെ പുറത്താക്കിയ യു.ഡി.എഫിൽ നിന്ന് അഭയം തന്ന എൽ.ഡി.എഫിനെ ഞാൻ മരിച്ചാലും വഞ്ചിക്കില്ല.
എനിക്ക് എന്നും ഭരണപക്ഷത്ത് ഇരിക്കണം എന്ന് ആഗ്രഹമില്ല. എനിക്ക് എന്റെ നാട്ടുകാരുടെ വിശ്വാസമുണ്ട്.
അച്ഛൻ പറഞ്ഞ പല കാര്യങ്ങളും വെളിപ്പെടുത്താൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. സാഹചര്യം അങ്ങനെ ആവശ്യപ്പെടുമ്പോൾ അത് ഞാൻ വെളിപ്പെടുത്തും,’ അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ കുടുംബം നന്ദിയോടെ ഓർക്കേണ്ടത് പിണറായി വിജയനെ ആണെന്നും സി.ബി.ഐ അന്വേഷിച്ചപ്പോൾ ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ് കിട്ടിയതിന് കാരണക്കാരൻ അദ്ദേഹമാണെന്നും ഗണേഷ്‌കുമാർ നിയമസഭയിൽ പറഞ്ഞു.
Content Highlight: K.B. Ganesh Kumar MLA against his allegations in solar case controversy