| Friday, 29th December 2017, 6:32 pm

'എന്‍.സി.പിയുമായി ചര്‍ച്ച നടത്തിയിട്ടില്ല'; എന്‍.സി.പിയുമായി സഹകരിക്കുമെന്ന വാര്‍ത്ത നിഷേധിച്ച് ഗണേഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എന്‍.സി.പിയുമായി സഹകരിക്കുമെന്ന വാര്‍ത്ത നിഷേധിച്ച് ഗണേഷ് കുമാര്‍ എം.എല്‍.എ. പുറത്തു വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മന്ത്രിയാകാനില്ലെന്നും എന്‍.സി.പിയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

അതേസമയം, എല്‍.ഡി.എഫിന് താല്‍പര്യമുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് ബിയുടെ പ്രതിനിധിയായി മന്ത്രിയാകാന്‍ തയ്യാറാണെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപ്പിള്ള എന്‍.സി.പിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ജനുവരി ആറിന് ബാലകൃഷ്ണപ്പിള്ള ശരദ് പവാറിനെ മുംബൈയിലെത്തി കാണുമെന്നും ടി.പി പീതാംബരനും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ വാര്‍ത്ത ആര്‍. ബാലകൃഷ്ണ പിള്ള നിഷേധിച്ചു. വാര്‍ത്ത അസംബന്ധമാണെന്നും ഇങ്ങനെ ഒരു നീക്കം നടന്നിട്ടില്ലന്നും അദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

എന്‍.സി.പിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് പിള്ളയുടെ പുതിയ നീക്കമെന്നായിരുന്നു റിപ്പോര്‍ട്ട്. നാലിന് ചേരുന്ന കേരളാ കോണ്‍ഗ്രസ് ബി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഗണേഷ് കുമാറാണ് കേരള കോണ്‍ഗ്രസ് ബിയുടെ ഏക എം.എല്‍.എ

അനധികൃതകയ്യേറ്റവുമായി ബന്ധപ്പെട്ട കേസിലാണ് തോമസ്ചാണ്ടിക്ക് ഗതാഗതമന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്. ശശീന്ദ്രന്റെ മന്ത്രിസഭാ പുനപ്രവേശത്തിന് വഴിതുറക്കുന്ന കോടതി വിധി വരുന്നതുവരെ എന്‍.സി.പിയുടെ മന്ത്രിക്കസേര ഒഴിഞ്ഞുകിടക്കുകയാണ്.

We use cookies to give you the best possible experience. Learn more