| Saturday, 26th January 2019, 4:25 pm

ഒരു സാധുമനുഷ്യനെ വേട്ടയാടിയത് ആരെന്ന് ഇപ്പോള്‍ മനസിലായി; സെന്‍കുമാറിനെതിരെ ആഞ്ഞടിച്ച് ഗണേഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നമ്പി നാരായണനെതിരായ ടി.പി സെന്‍കുമാറിന്റെ ആരോപണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ.

ഒരു സാധുമനുഷ്യനെ വേട്ടയാടിയത് ആരാണെന്ന് ഇപ്പോള്‍ മനസിലായെന്നും ആരെ കുറിച്ചും എന്തും പറയാമെന്ന ഹുങ്കാണ് സെന്‍കുമാറിനെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

നമ്പിനാരായണനെതിരായ ടി.പി സെന്‍കുമാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയാണെന്ന് മന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചിരുന്നു.

സെന്‍കുമാറിന്റെ പരാമര്‍ശം ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കളുടെ അനുമതിയോടെയെന്ന് സംശയമുണ്ടെന്നും മറിയം റഷീദയോടും ഗോവിന്ദചാച ഉപമിക്കേണ്ട ആളല്ല നമ്പി നാരായണനെന്നും എ.കെ ബാലന്‍ പറഞ്ഞിരുന്നു.


റിപ്ലബ്ലിക് ദിനാഘോഷ ചടങ്ങിലുടനീളം സംഭാഷണത്തില്‍ മുഴുകി രാഹുലും നിതിന്‍ ഗഡ്ഗരിയും


പത്മഭൂഷന്‍ ലഭിച്ചയാളെ മ്ലേച്ഛമായ ഭാഷയില്‍ ടി.പി സെന്‍കുമാര്‍ അധിക്ഷേപിച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യത്തെ സംഭവമാണ്.
പ്രബുദ്ധ കേരളം ഇതിനെതിരെ പ്രതികരിക്കണമെന്നും എ.കെ ബാലന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സെന്‍കുമാറിന്റെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്നായിരുന്നു ശ്രീധരന്‍ പിള്ള പറഞ്ഞത്. നമ്പി നാരായണനെ പത്മഭൂഷണ്‍ ബഹുമതിക്ക് ശുപാര്‍ശ ചെയ്തത് ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറാണ്. ഇക്കാരണം കൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട് മുന്‍ ഡി.ജി.പി സെന്‍കുമാര്‍ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

നമ്പി നാരായണനെ ശുപാര്‍ശ ചെയ്തത് രാജീവ് ചന്ദ്രശേഖര്‍ ആണെന്നുള്ളതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. നമ്പി നാരായണനെ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ ടി പി സെന്‍കുമാര്‍ രൂക്ഷമായാണ് പ്രതികരിച്ചത്. പുരസ്‌കാരത്തിന് നമ്പി നാരായണന്‍ അര്‍ഹനല്ലെന്നും നമ്പി നാരായണന്‍ നല്‍കിയ സംഭാവന എന്താണെന്ന് അവാര്‍ഡ് നല്‍കിയവര്‍ വിശദീകരിക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു.

ശരാശരിയില്‍ താഴെയുള്ള ഒരു ശാസ്ത്രജ്ഞനാണ് നമ്പി നാരായണനെന്നും ചാരക്കേസ് കോടതി നിയോഗിച്ച സമിതി പരിശോധിക്കുകയാണെന്നും സമിതി റിപ്പോര്‍ട്ട് നല്‍കും വരെ നമ്പി നാരായണന്‍ സംശയത്തിന്റെ നിഴലില്‍ തന്നെയാണെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.

എന്നാല്‍ സെന്‍കുമാര്‍ സുപ്രീം കോടതിവിധി മനസിലാക്കിയിട്ടില്ലെന്നും ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് താന്‍ കൊടുത്തിരിക്കുന്ന കേസില്‍ സെന്‍കുമാര്‍ പ്രതിയാണെന്നും നമ്പി നാരായണന്‍ മറുപടി നല്‍കിയിരുന്നു.

ചാരക്കേസില്‍ പൊലീസിന്റെ വീഴ്ചകള്‍ അന്വേഷിക്കാനാണ് സുപ്രീംകോടതി സമിതിയെ നിയമിച്ചിരിക്കുന്നത്. സെന്‍കുമാര്‍ പറയുന്നതില്‍ വൈരുദ്ധ്യങ്ങളുണ്ട്. തന്റെ സംഭാവനകള്‍ എന്തൊക്കെയാണെന്ന് ടി.പി സെന്‍കുമാറിനെ ബോധ്യപ്പെടുത്തേണ്ടതില്ല. ഐ.എസ്.ആര്‍.ഒയുടെ മേധാവികള്‍ തന്നെ അതില്‍ സാക്ഷ്യപത്രം നല്‍കിയിട്ടുണ്ടെന്നും നമ്പി നാരായണന്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more