ന്യൂദല്‍ഹി: ഇസ്രയേല്‍ എംബസി വാഹനം സ്‌ഫോടനത്തില്‍ തകര്‍ത്ത കേസില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ സയ്യിദ് മുഹമ്മദ് അഹ്മദ് കാസ്മിയെ പോലീസ് കസ്റ്റഡിയില്‍ പീഡിപ്പിക്കുന്നതായി പരാതി. ദല്‍ഹി മെട്രോപൊളിറ്റന്‍ കോടതിയിലാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. ചെയ്യാത്ത കുറ്റം ചെയ്തുവെന്ന് പറയാന്‍ പീഡനത്തിലൂടെ നിര്‍ബന്ധിപ്പിക്കുകയാണെന്ന് ഹരജിയില്‍ പറയുന്നു.
കാസ്മിയുടെ അഭിഭാഷകനായ വിജയ് അഗര്‍വാളാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടതു മുതല്‍ കുറ്റം ഏല്‍ക്കാന്‍ വേണ്ടി മാനസികമായി കാസ്മിയെ പീഡിക്കുകയാണ്. കുറ്റം ഏറ്റില്ലെങ്കില്‍ കാസ്മിയുടെ കുടുംബത്തിന് അത് ദോഷം ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു.
മാര്‍ച്ച് 7ന് 20 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ട കാസ്മിയെ കാണാന്‍ അഗര്‍വാളിന് കോടതി അനുവാദം നല്‍കിയിട്ടുണ്ട്. ദിവസവും അരമണിക്കൂര്‍ നേരം കാസ്മിയെ അഗര്‍വാള്‍ സന്ദര്‍ശിക്കുന്നുണ്ട്. ഈ സന്ദര്‍ശനത്തിലാണ് കസ്റ്റഡിയില്‍ താന്‍ അനുഭവിക്കുന്ന പീഡനത്തെക്കുറിച്ച് കാസ്മി പറഞ്ഞത്.
ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് വിനോദ് യാദവ് ശനിയാഴ്ച ഹരജി പരിഗണിക്കും.
അതേസമയം, കാസ്മിയുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. കാസ്മിക്കെതിരെ അവകാശപ്പെടുന്ന തെളിവുകളുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കുറ്റപത്രം സമര്‍പ്പിച്ച് അദ്ദേഹത്തിന് ജാമ്യാപേക്ഷ നല്‍കാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.