അല്‍മാട്ടി: ഇന്ധനവില വര്‍ധനവിനെതിരെ മധ്യേഷ്യന്‍ രാജ്യമായ കസാഖിസ്ഥാനില്‍ ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെ ജനങ്ങള്‍ക്ക് നേരെ മുന്നറിയിപ്പില്ലാതെ വെടിവെക്കാന്‍ അനുമതി നല്‍കി പ്രസിഡന്റ് കാസിം-ജൊമാര്‍ത് ടൊകയെ.
സുരക്ഷാ സേനക്കാണ് വെടിയുതിര്‍ക്കാന്‍ പ്രസിഡന്റ് അനുമതി നല്‍കിയത്.
റഷ്യന്‍ സേന എത്തിയതിന് ശേഷവും അല്‍മാട്ടിയടക്കമുള്ള നഗരങ്ങളില്‍ പ്രതിഷേധം തുടരുകയും മറ്റിടങ്ങളില്‍ പ്രതിഷേധങ്ങള്‍ ആരംഭിക്കുകയും ചെയ്തതോടെയാണ് പ്രസിഡന്റ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.
ജനങ്ങള്‍ തെരുവിലിറങ്ങി സമരം ചെയ്യുന്നത് തുടരുകയാണെങ്കില്‍ പ്രക്ഷോഭകര്‍ക്ക് അത് നാശമായിരിക്കുമെന്ന രീതിയില്‍ വെള്ളിയാഴ്ച ഒരു ടെലിവിഷന്‍ ചാനലിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രസിഡന്റ് പറഞ്ഞിരുന്നു.
രാജ്യത്ത് നിയമസംവിധാനം നിലവില്‍ വരുത്താനും സമാധാനം പുനസ്ഥാപിക്കാനും
തീവ്രവാദ-വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി പ്രക്ഷോഭകാരികള്‍ക്കെതിരെ നടപടിയെടുക്കുമെന്നായിരുന്നു പ്രസിഡന്റ് പറഞ്ഞത്.
പ്രസിഡന്റ് ടൊകയെവിന്റെ അഭ്യര്‍ത്ഥനപ്രകാരം റഷ്യയും കസഖിസ്ഥാനിലേക്ക് സൈന്യത്തെ അയച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് റഷ്യന്‍ സേന കസാഖിസ്ഥാനില്‍ എത്തിയത്.
ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ വില ഇരട്ടിയായി വര്‍ധിപ്പിച്ചതിനെത്തുടര്‍ന്നായിരുന്നു പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയത്.
തുടര്‍ന്ന് പ്രസിഡന്റ് കാസിം-ജൊമാര്‍ത് ടൊകയെ എറ്റവും വലിയ നഗരമായ അല്‍മാട്ടിയിലും എണ്ണ സമ്പന്നമായ മാംഗ്സ്റ്റൗ മേഖലയിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു.
ജനുവരി 5 മുതല്‍ 19 വരെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി 11 മുതല്‍ രാവിലെ 7 വരെ കര്‍ഫ്യൂ നിലവിലുണ്ടാകും. ഡിസംബര്‍ രണ്ടിനായിരുന്നു ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിച്ചത്.
ജനങ്ങളും പൊലീസുകാരുമടക്കം നിരവധി പേരാണ് ഇതുവരെ പ്രക്ഷോഭത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടത്. സ്വതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണ് ഇപ്പോള്‍ കസാഖിസ്ഥാനില്‍ നടക്കുന്നത്.
അടിയന്തരാവസ്ഥ നിലവില്‍ വന്നതോടെ ടെലഗ്രാം, സിഗ്നല്‍, വാട്‌സ്ആപ്പ് തുടങ്ങിയ ആപ്പുകള്‍ രാജ്യത്ത് ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇന്ധനവില ലിറ്ററിന് 60 ടെഞ്ചില്‍ (ഇന്ത്യന്‍ രൂപ 10) നിന്ന് 120 ടെഞ്ച് ആയി 2022ല്‍ ഉയര്‍ത്തിയിരുന്നു. വിലയിലെ മാറ്റം ഭക്ഷ്യ ഉത്പന്നങ്ങളടക്കമുള്ളവയുടെ വിലയും ഉയരാന്‍ കാരണമായിട്ടുണ്ട്.
ഇന്ധനവില നിര്‍ണയിക്കുന്നതിനുള്ള അധികാരം സര്‍ക്കാരില്‍ നിന്ന് മാറ്റിയതോടെയായാണ് വില കുത്തനെ ഉയര്‍ന്നത്.