മോസ്‌കോ: കസാഖിസ്ഥാന്‍ വിമാനാപകടത്തില്‍ അസര്‍ബൈജാനോട് മാപ്പ് പറഞ്ഞ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍.
റഷ്യയുടെ വ്യോമമേഖലയില്‍ അപകടം നടന്നതില്‍ ക്ഷമ ചോദിക്കുന്നുവെന്നാണ് പുടിന്‍ പറഞ്ഞത്. അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവുമായി ഫോണില്‍ സംസാരിച്ചാണ് പുടിന്‍ ക്ഷമാപണം നടത്തിയത്.
അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെയാണ് പുടിന്റെ ക്ഷമാപണം. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തോട് അനുശോചനം അറിയിക്കുന്നുവെന്നും അപകടം ദാരുണമെന്നും ഇല്‍ഹാം അലിയേവിനോട് പുടിന്‍ പറഞ്ഞു. അടിയന്തരമായ ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ യാത്രക്കാരായ 38 പേര്‍ മരിക്കുകയും 29 പേര്‍ രക്ഷപ്പെടുകയും ചെയ്തിരുന്നു.
കസാഖിസ്ഥാന്‍ വിമാനാപകടത്തിന് പിന്നില്‍ റഷ്യയാണെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ പ്രസ്തുത വാര്‍ത്തകള്‍ റഷ്യ തള്ളുകയായിരുന്നു. പിന്നാലെ വിമാനാപകടവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ കാത്തിരിക്കണമെന്നുമാണ് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചത്. അപകടത്തേക്കുറിച്ച് മുന്‍കൂട്ടി അനുമാനിക്കുന്നത് തെറ്റാണെന്നും ക്രെംലിന്‍ അറിയിച്ചിരുന്നു.
67 യാത്രക്കാരുമായി പോയ അസര്‍ബൈജാന്‍ വിമാനമായ എംബ്രയര്‍ 190 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. അസര്‍ബൈജാന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം, വിമാനാപകടത്തിന് സാങ്കേതികവും അല്ലാതെയുമുള്ള ചില ബാഹ്യ ഇടപെടലുകളാണ് കാരണമെന്നാണ് അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
അതേസമയം വിമാനത്തിന് നേരെ ഏത് രീതിയിലുള്ള ആക്രമണമാണ് ഉണ്ടായതെന്ന് വ്യക്തമല്ലെന്നും അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് പറയുന്നു.
അപകടമുണ്ടായ സ്ഥലത്ത് നിന്നുള്ള ഫൂട്ടേജുകളില്‍ നിന്ന് വിമാനത്തിന്റെ മുന്‍ഭാഗത്തും ഷ്രാപ്പലിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
Content Highlight: Kazakhstan plane crash; Putin apologizes to Azerbaijan